Deshabhimani

പ്രക്ഷോഭത്തീ പടർന്ന ഇടങ്ങൾ

print edition കൊടുങ്കാറ്റായി ജന്തർ മന്തർ

a r sindhu jantar mantar

എ ആർ സിന്ധുവിനെ 
 പൊലീസ് വലിച്ചിഴയ്ക്കുന്നു

വെബ് ഡെസ്ക്

Published on Oct 11, 2026, 01:00 AM | 4 min read

പ്രക്ഷോഭത്തീ പടർന്ന ഇടങ്ങൾ


കേരളാഹ‍ൗസ്‌


​രാവിലെ 10ന്‌ സിപിഐ എം കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ജനറൽസെക്രട്ടറി എം എ ബേബിയുടെ നേതൃത്വത്തിൽ കേരളാഹ‍ൗസ്‌ മുഖ്യ കവാടത്തിലേക്ക്‌. എം എ ബേബിയും പിണറായി വിജയനും ഉൾപ്പെടെ നേതാക്കൾ ഗെയ്‌റ്റ്‌ കടന്ന്‌ പുറത്തിറങ്ങിയപ്പോൾ പൊലീസുകാർ തടഞ്ഞു. നിരോധനാജ്ഞയുണ്ടെന്നും പുറത്തിറങ്ങരുതെന്നും ഭീഷണി. ബലപ്രയോഗം മറികടന്ന്‌ നേതാക്കൾ പുറത്തേക്ക്‌. ​എം എ ബേബിയെ ആദ്യം ബലംപ്രയോഗിച്ച്‌ അറസ്‌റ്റ്‌ ചെയ്‌ത്‌ നീക്കി. പിന്നീട്‌ കേന്ദ്ര കമ്മിറ്റി അംഗങ്ങളെ ഒരോരുത്തരെയായി അറസ്‌റ്റ്‌ചെയ്‌ത്‌ വാഹനത്തിൽ കയറ്റി. പിണറായി വിജയനും കെ എൻ ബാലഗോപാലും ജോൺ ബ്രിട്ടാസും ഒന്നിച്ച്‌ ജന്തർമന്തറിലേക്ക്‌. ജന്തർമന്തർ റോഡ്‌ തുടങ്ങുന്ന ഭാഗത്തെ ബാരിക്കേഡുകൾക്ക്‌ അടുത്തെത്തി പിണറായി വിജയൻ പൊലീസുകാർ തടഞ്ഞുനിർത്തിയ മാധ്യമങ്ങളോട്‌ സംസാരിച്ചു. ജന്തർമന്തറിലെ സ്ഥിരം സമരവേദിയിലേക്ക്‌ നീങ്ങിയ മൂന്നുപേരെയും അറസ്‌റ്റ്‌ ചെയ്‌തു.


എ കെ ജി ഭവൻ


ഭായ്‌ വീർസിങ് മാർഗിലെ സിപിഐ എം ആസ്ഥാനത്ത്‌ ​പകൽ 11.20ന്‌ എസ്‌എഫ്‌ഐ, ഡിവൈഎഫ്‌ഐ മാർച്ചിനെ നേരിടാൻ നൂറുകണക്കിന്‌ പൊലീസുകാരും എസ്‌എസ്‌ബി ജവാൻമാരും. നേതാക്കളെയും പ്രവർത്തകരെയും അറസ്‌റ്റ്‌ ചെയ്യാൻ പരിസരത്ത്‌ നിരവധി ബസുകൾ.​ കൈയിൽ ഭരണഘടനയും ദേശീയപതാകയുമായി എ എ റഹീം, ഐഷിഘോഷ്‌ തുടങ്ങിയവരുടെ നേതൃത്വത്തിൽ നൂറുകണക്കിനുപേർ എകെജി ഭവനിൽനിന്ന്‌ പുറത്തേക്ക്‌. പ്രതിഷേധത്തിനുനേരെ പാഞ്ഞടുത്ത പൊലീസ്‌ മുൻനിരയിലുള്ളവരെ വലിച്ചിഴച്ച്‌ ബസുകളിലേക്ക്‌ എറിഞ്ഞു. ​


പൊലീസ്‌ വലയം ഭേദിച്ച്‌ യുവജനങ്ങൾ കാലിബാരി മാർഗിലേക്ക്‌. ഗോൾ ഡാക്‌ ഖാന ചർച്ചിനുമുന്നിൽ എതിർവശത്ത്‌ നിന്നെത്തിയ പൊലീസ്‌ സംഘം നിരവധി സമരക്കാരെ പിടികൂടി.​ പൊലീസ്‌ ബസിൽനിന്ന്‌ ചാടിയിറങ്ങി ഐഷി ഘോഷ്‌ ഉൾപ്പെടെ വനിതാപ്രവർത്തകർ. ജന്തർമന്തറിൽ സമരം ചെയ്യുന്നത്‌ അവകാശമാണെന്ന മുദ്രാവാക്യവുമായി അവർ റോഡിൽ കുത്തിയിരുന്നു. ഇവരെയും ബലം പ്രയോഗിച്ച്‌ നീക്കി പൊലീസ്‌ പിടിയിൽനിന്ന്‌ കുതറിയോടിയ നിരവധി പ്രവർത്തകരെ തെരഞ്ഞെടുപ്പ്‌ കമീഷനടുത്ത്‌ ബാരിക്കേഡുകൾ നിരത്തി തടഞ്ഞു. ചെറുത്തുനിന്ന മലയാളി വിദ്യാർഥികൾക്ക്‌ ഉൾപ്പെടെ ക്രൂരമർദനം.


സുർജിത് ഭവൻ


രാവിലെ 10.20ന്‌ സിപിഐ എം പഠനകേന്ദ്രമായ സുർജിത് ഭവനിൽനിന്ന്‌ സിപിഐ എം, ഡിവൈഎഫ്‌ഐ, എസ്‌എഫ്‌ഐ, സിപിഐ, എഐഎസ്‌എ--ഫ്‌ സംഘടനകളുടെ മാർച്ച്‌. അപ്രതീക്ഷിതമായി സുർജിത് ഭവനിൽനിന്ന്‌ തുടങ്ങിയ മാർച്ച്‌ കണ്ട്‌ ഡൽഹി പൊലീസ്‌ അന്പരന്നു. ഓഫീസിനുമുന്നിലെ ഇന്ദ്രജിത്ത്‌ ഗുപ്‌ത മാർഗിൽ ബാരിക്കേഡ്‌ നിരത്താനുള്ള പൊലീസ്‌ ശ്രമം ഫലിച്ചില്ല. പ്രവർത്തകർ ഇന്ദ്രജിത്ത്‌ ഗുപ്‌ത മാർഗിൽനിന്ന്‌ ദീൻ ദയാൽ ഉപാധ്യായ പാർക്ക്‌ ലെയ്‌നിലേക്ക്‌ കടന്നു. പൊലീസ്‌ ഇരച്ചെത്തി. പ്രതിഷേധക്കാർ പണ്ഡിറ്റ്‌ ദീൻ ദയാൽ ഉപാധ്യായ മാർഗിലേക്ക്‌ തിരിഞ്ഞു. പ്രവർത്തകരെ ആക്രമിച്ച്‌ പൊലീസ്‌. മാർച്ച്‌ പുറപ്പെട്ടശേഷം സുർജിത് ഭവനിലേക്കും സേനകളെത്തി. നേതാക്കൾക്കും പ്രവർത്തകർക്കുംനേരെ പൊലീസും സൈനികരും ലാത്തിവീശി.


പണ്ഡിറ്റ്‌ ദീൻ ദയാൽ ഉപാധ്യായ മാർഗിലെ ബിജെപി ഓഫീസിനുമുന്നിലൂടെ മാർച്ച്‌ നീങ്ങി. പ്രതിഷേധക്കാർക്കുകുറുകെ രഞ്ജിത്‌ സിങ്‌ ഫ്ലൈ ഓവറിനുതാഴെ പണ്ഡിറ്റ്‌ ദീൻ ദയാൽ ഉപാധ്യായ മാർഗിന്‌ കുറുകെയായി ബസ്‌ നിർത്തിയിട്ടു. മുഴുവൻ പ്രവർത്തകരെയും അറസ്റ്റ്‌ ചെയ്യാനുള്ള ശ്രമം പാഴായി. ബാരിക്കേഡുകൾ മറികടന്ന്‌ പ്രതിഷേധക്കാർ മിന്റോ റോഡിലേക്കെത്തി. മിന്റോ ബ്രിഡ്‌ജിന്‌ താഴെയെത്തിയവരെ പൊലീസ്‌ തടഞ്ഞു. 10.50ന്‌ മുഴുവൻ നേതാക്കളേയും പ്രവർത്തകരെയും അറസ്റ്റ്‌ ചെയ്ത്‌ വിവിധ തടങ്കൽ കേന്ദ്രങ്ങളിലെത്തിച്ചു.


മുതിർന്ന സിപിഐ എം നേതാക്കളായ മണിക്‌ സർക്കാർ, സുഭാഷിണി അലി, പിബി അംഗങ്ങളായ ബി വി രാഘവുലു, അശോക്‌ ധാവ്‌ളെ, തപൻ സെൻ, ജിതേന്ദ്ര ച‍ൗധരി‍‍‍, ആർ അരുൺ കുമാർ, വിജൂ കൃഷ്ണൻ‍, കെ ബാലകൃഷ്ണൻ, മറിയം ധാവ്‌ളെ, യു വാസുകി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എളമരം കരീം, എ ആർ സിന്ധു, മീനാക്ഷി മുഖർജി, ലോകാനന്ദം, എസ്‌എഫ്‌ഐ പ്രസിഡന്റ്‌ ആദർശ്‌ എം സജി, സിപിഐ ദേശീയ സെക്രട്ടറിയറ്റ് അംഗം പ്രകാശ്‌ ബാബു എന്നിവർ മാർച്ചിന്‌ നേതൃത്വം നൽകി.


ഡൽഹി ഘാട്ട്‌


പകൽ 1.30ന്‌ ഐഎൻഎ മാർക്കറ്റിന്‌ സമീപത്തെ ഡൽഹി ഘാട്ടിൽനിന്ന്‌ അഞ്ച്‌ കിലോമീറ്റർ അകലെയുള്ള ജന്തർമന്തർ ലക്ഷ്യമിട്ട്‌ മാർച്ച്‌ തുടങ്ങി. ഐസ പ്രസിഡന്റ്‌ നേഹ ബോറ, സിപിഐ (എംഎൽ) ലിബറേഷൻ ജനറൽ സെക്രട്ടറി ദിപാങ്കർ ഭട്ടാചാര്യ, സുപ്രീംകോടതി അഭിഭാഷകൻ പ്രശാന്ത്‌ ഭൂഷൺ, സമൂഹ്യപ്രവർത്തകൻ യോഗേന്ദ്ര യാദവ്‌ തുടങ്ങി നൂറോളംപേരെ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പൊലീസ്‌ ലാത്തിച്ചാർജിൽ നൂറുകണക്കിനുപേർക്ക്‌ പരിക്കേറ്റു. സമരം തളരാതെ തുടരണമെന്ന്‌ അറസ്‌റ്റിനിടെ നേഹ ബോറ ആഹ്വാനംചെയ്‌തു. ഇവരെ അറസ്‌റ്റ്‌ ചെയ്‌തശേഷവും നൂറുകണക്കിനുപേർ ഘാട്ടിലേയ്‌ക്കെത്തി മണിക്കൂറുകൾ പ്രതിഷേധം തുടർന്നു.


മുംബൈ


തുഷാർ ഗാന്ധി, ഇമ്രാൻ ഖാൻ കസ്‌റ്റഡിയിൽ

മഹാത്മാ ഗാന്ധിയുടെ പ്രപൗത്രൻ തുഷാർ ഗാന്ധി, നടൻ ഇമ്രാൻ ഖാൻ തുടങ്ങിയവർ ഉൾപ്പെടെ മുംബൈയിലെ വിവിധ ഭാഗങ്ങളിലായി നാനൂറോളം പേരെ കസ്‌റ്റഡിയിലെടുത്തു. മുംബൈ ആഗ്‌സ്‌ത്‌ ക്രാന്തി മൈദാൻ, ഹുതാത്മ ച‍ൗക്ക്‌ തുടങ്ങിയ ഇടങ്ങളിലായിരുന്നു പ്രതിഷേധം. നിരവധി സിപിഐ എം പ്രവർത്തകരെയും പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ജന്തർമന്തർ പ്രക്ഷോഭത്തിന്‌ ഐക്യദാർഢ്യമർപ്പിച്ച്‌ മുംബൈ ആഗസ്‌ത്‌ ക്രാന്തി മൈതാനിയിൽ പ്രകടനം നടത്താനിരിക്കെയാണ്‌ ശനി ഉച്ചയോടെ തുഷാർ ഗാന്ധിയെ കസ്‌റ്റഡിയിലെടുത്തത്‌.ജന്തർമന്തർ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നത്‌ തടയാൻ വെള്ളിയാഴ്ച 200-ലധികം പേരെ മുംബൈ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തിരുന്നു.


ബംഗളൂരു


വിദ്യാർഥികളെ നേരിട്ട് പൊലീസ്‌

ബംഗള‍ൂരുവിൽ സമരംചെയ്‌ത വിദ്യാർഥികളെ ബലംപ്രയോഗിച്ച്‌ കസ്‌റ്റഡിയിലെടുത്ത്‌ പൊലീസ്‌. ഇടതുപക്ഷ വിദ്യാർഥികളുടെ സംഘടനകളുടെ നേതൃത്വത്തിൽ കർണാടക ചീഫ് ഇലക്ടറൽ ഓഫീസറുടെ ഓഫീസിലേക്ക് മാർച്ച് നടത്തിയവർക്കുനേരെയാണ്‌ പൊലീസ്‌ നടപടി. ഫ്രീഡം പാർക്കിൽ ഒത്തുകൂടിയ എസ്‌എഫ്‌ഐ, ഐസ, എഐഎസ്‌എഫ്‌, എഐഡിഎസ്‌ഒ പ്രവർത്തകരെ പ്രകടനം തുടങ്ങുമ്പോൾത്തന്നെ കസ്‌റ്റഡിയിലെടുക്കുകയായിരുന്നു. മാർച്ച്‌ തടയാൻ ബാരിക്കേഡുകൾ ഉൾപ്പെടെ സ്ഥാപിച്ച്‌ വൻ പൊലീസ്‌ സന്നാഹമാണ്‌ നിലയുറപ്പിച്ചത്‌. അമ്പതിലേറെ പേരെ കസ്‌റ്റഡിയിലെടുത്തു.


ചെന്നെെ


നൂറിലേറെപേർ കസ്‌റ്റഡിയിൽ

ചെന്നൈയിൽ വിവിധയിടങ്ങളിലെ പ്രതിഷേധത്തിനിടെ 130ലേറെ പേരെ പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. ഇടതുപക്ഷ വിദ്യാർഥി സംഘടനകൾ ഉൾപ്പെടെയാണ്‌ പ്രതിഷേധം നടത്തിയത്‌. സെക്രട്ടറിയറ്റ്‌ പരിസരത്തേക്കുള്ള പ്രകടനത്തിനിടെ നൂറിലേറെ പേരെയും ബസന്ത്‌ നഗർ ബീച്ചിൽ പ്രതിഷേധിച്ച മുപ്പതിലേറെ പേരയുമാണ്‌ കസ്റ്റഡിയിലെടുത്തത്‌. പൊലീസ്‌ ബലപ്രയോഗത്തിൽ ഒരാൾക്ക്‌ പരിക്കേറ്റു.സമരങ്ങൾക്ക്‌ പിന്തുണയുമായി ഡിഎംകെ അധ്യക്ഷനും തമിഴ്‌നാട്‌ മുൻ മുഖ്യമന്ത്രിയുമായ എം കെ സ്‌റ്റാലിനും രംഗത്തെത്തി.


ശ്രീനഗർ


പ്രതിഷേധമിരമ്പി

ജമ്മു കശ്‌മീരിൽ വിവിധയിടങ്ങളിൽ ഇന്ത്യാ കൂട്ടായ്മയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ശ്രീനഗറിലും ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ മാർച്ചുകൾ നടന്നു. ശ്രീനഗറിലെ മാർച്ച്‌ പൊലീസ് തടഞ്ഞു.


വിജയവാഡ


ലെനിൻ സെന്ററിൽ അതിക്രമം

ആന്ധ്രാ പ്രദേശിലെ വിജയവാഡയിൽ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധിച്ച നിരവധി സിപിഐ എം നേതാക്കളെയും പ്രവർത്തകരെയും പൊലീസ്‌ കസ്‌റ്റഡിയിലെടുത്തു. സിപിഐ എം സംസ്ഥാന സെക്രട്ടറി വി ശ്രീനിവാസനെയും നിരവധി പ്രവർത്തകരെയും ലെനിൻ സെന്ററിൽ കയറി കസ്റ്റഡിയിലെടുത്തു. ഇന്ത്യ കൂട്ടായ്മയുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് വിജയവാഡയിൽ അരങ്ങേറിയത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home