print edition സംവരണവിരുദ്ധ സമരവുമായി സംഘപരിവാർ

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: തൊണ്ണൂറുകളുടെ തുടക്കത്തിലെ മണ്ഡൽ വിരുദ്ധ പ്രക്ഷോഭത്തിന് സമാനമായി ജന്തർമന്തറിൽ കഴിഞ്ഞദിവസം സവർണവിഭാഗം യുവാക്കൾ നടത്തിയ സംവരണ വിരുദ്ധ പ്രക്ഷോഭത്തിന് പിന്നിൽ സംഘപരിവാർ. പ്രക്ഷോഭത്തെ പ്രത്യക്ഷത്തിൽ പിന്തുണയ്‌ക്കുന്നില്ലെങ്കിലും ജന്തർമന്തറിൽ സംവരണവിരുദ്ധ മുദ്രാവാക്യം വിളിച്ചവരിരിലേറെയും ആർഎസ്‌എസ്– ബിജെപി പ്രവർത്തകരാണ്.
പരീക്ഷാ ക്രമക്കേടുകൾക്കെതിരായി ജന്തർമന്തറിൽ വിദ്യാർഥികളും യുവാക്കളും സംഘടിപ്പിച്ച പ്രക്ഷോഭത്തിനുണ്ടായ വലിയ ജനപിന്തുണയാണ് സംവരണവിരുദ്ധ പ്രക്ഷോഭം സംഘടിപ്പിക്കുകയെന്ന തീരുമാനത്തിലേക്ക് സംഘപരിവാറിനെ എത്തിച്ചത്.
വി പി സിങ് പ്രധാനമന്ത്രിയായിരിക്കെ ഒബിസി വിഭാഗങ്ങൾക്ക് സംവരണം ഉറപ്പുവരുത്തുന്ന മണ്ഡൽ കമീഷൻ റിപ്പോർട്ടിനെതിരായ വിദ്യാർഥിപ്രക്ഷോഭത്തിന് പിന്നിൽ പ്രവർത്തിച്ചതും സംഘപരിവാർ സംഘടനകളായിരുന്നു. ജന്തർമന്തറിലും പരിസരങ്ങളിലുമായി വലിയ സമരപരിപാടികൾ അക്കാലത്ത് സംഘടിപ്പിക്കപ്പെട്ടു. അയോധ്യ പ്രസ്ഥാനത്തിനൊപ്പം തന്നെ സംവരണവിരുദ്ധ പ്രക്ഷോഭം കൂടി ശക്തിപ്പെടുത്തിയാണ് സംഘപരിവാറും ബിജെപിയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ വേരുറപ്പിച്ചത്.
കോക്രോച്ച് ജനതാ പാർടിയും ഇടതുപക്ഷ വിദ്യാർഥി സംഘടനകളും ജന്തർമന്തറിൽ സംഘടിപ്പിച്ച സമരത്തിന് പിന്തുണയേറിയപ്പോൾ മോദി സർക്കാരിനെ അനുകൂലിക്കുന്ന വലതുപക്ഷ മാധ്യമങ്ങളാണ് സംവരണവിരുദ്ധത ചർച്ചയാക്കാൻ തുടങ്ങിയത്. ഒരു ചാനൽ ചർച്ചയിൽ യുപി സ്വദേശിയായ ഹർഷ് ദൂബെ നടത്തിയ ചില പരാമർശങ്ങൾ വലതുമാധ്യമങ്ങൾ ആഘോഷമാക്കി.
ജാതി അടിസ്ഥാനത്തിലുള്ള സംവരണം അവസാനിപ്പിക്കണമെന്നും സാമ്പത്തികാടിസ്ഥാനത്തിൽ മാത്രമേ സംവരണം അനുവദിക്കാവൂ എന്നും ദൂബെ വാദിച്ചു. വൈകാതെ തന്നെ ‘റിസർവേഷൻ ഹഠാവോ ആന്ദോളൻ’ (സംവരണവിരുദ്ധ പ്രക്ഷോഭം) എന്ന പേരിൽ സമൂഹമാധ്യമങ്ങളിൽ അക്കൗണ്ട് ആരംഭിച്ചു. ഇൻസ്റ്റാഗ്രാമിൽ 56 ലക്ഷം പേർ ഇൗ പേജിനെ പേജ് പിന്തുടരുന്നുണ്ട്.










0 comments