സ്റ്റുഡിയോയിൽനിന്ന് ദൃശ്യങ്ങൾ കൈക്കലാക്കിയത് ഫ്രീലാൻസ് എഡിറ്റർ; 'ജനനായകന്‍' ചോർച്ചയിൽ 3 പേർ കൂടി അറസ്റ്റിൽ

ജനനായകൻ പോസ്റ്റര്‍
ചെന്നൈ: വിജയ് ചിത്രം ജനനായകന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചതിൽ മുഖ്യപ്രതി അടക്കം മൂന്നുപേരെ കൂടി അറസ്റ്റ് ചെയ്തു. ഫ്രീലാൻസ് എഡിറ്ററായ യുവാവാണ് കേസിലെ മുഖ്യപ്രതി. ഈ മാസം ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ വ്യാജപതിപ്പ് പ്രചരിപ്പിച്ചതിനും അപ്‌ലോഡ് ചെയ്തതിനും ആറ് പേരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
മറ്റൊരു സിനിമയുടെ ഫ്രീലാൻസ് അസിസ്റ്റന്റ് എഡിറ്ററായി ജോലി ചെയ്തിരുന്ന പ്രധാന പ്രതി, ഒരു എഡിറ്റിങ് സ്റ്റുഡിയോയിൽ നിന്ന് ജനനായകന്റെ ദൃശ്യങ്ങൾ അനധികൃതമായി കൈക്കലാക്കുകയായിരുന്നുവെന്നാണ് വിവരം. ഇയാൾ സിനിമയുടെ റീലുകൾ കോപ്പി ചെയ്യുകയും പിന്നീട് അത് പൂർണരൂപത്തിലാക്കി മറ്റുള്ളവർക്ക് പങ്കുവെക്കുകയുമായിരുന്നു. അറസ്റ്റിലായ മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
സിനിമയ്ക്ക് സെൻസർബോർഡ് ക്ലിയറൻസ് ലഭിക്കുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് പകർപ്പ് പുറത്തായത്. വിജയ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുള്ള അദ്ദേഹത്തിന്റെ അവസാന ചിത്രമായാണ് 'ജനനായകൻ' കണക്കാക്കപ്പെടുന്നത്.
റിലീസിന് മുൻപേ വ്യാജപതിപ്പ് പ്രചരിച്ചത് ഈ ബിഗ് ബജറ്റ് ചിത്രത്തിന് വലിയ പ്രതിസന്ധിയുണ്ടാക്കി. ഇതിനകം നൂറുകണക്കിന് പൈറസി ലിങ്കുകൾ നീക്കം ചെയ്തിട്ടുണ്ട്. വ്യാജപതിപ്പുകൾ കാണുന്നതും പങ്കുവെക്കുന്നതും നിയമനടപടികൾക്ക് വിധേയമാകുമെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.സോഷ്യൽ മീഡിയ, ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ, കേബിൾ ടെലിവിഷൻ എന്നിവയിലൂടെ ജനനായകന്റെ വ്യാജ പകർപ്പുകൾ പ്രചരിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് മദ്രാസ് ഹൈക്കോടതി താൽക്കാലിക ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.










0 comments