print edition ജൻ ആക്രോശ് റാലി: ഒരുങ്ങി ഡൽഹി, ആവേശത്തോടെ പ്രവര്‍ത്തകര്‍


സ്വന്തം ലേഖകൻ
Published on Mar 24, 2026, 12:25 AM | 1 min read
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ സംഘടിപ്പിക്കുന്ന ജൻ ആക്രോശ് റാലിക്ക് സജ്ജമായ് രാജ്യതലസ്ഥാനം. സ്‌ത്രീകളും കുട്ടികളുമുൾപ്പെടെ അരലക്ഷത്തോളം ആളുകളാണ് റാലിയിൽ പങ്കെടുക്കുന്നത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ ഡൽഹിയിലെത്തിയതോടെ രാംലീല മൈതാനം നിറഞ്ഞുതുടങ്ങി. മൈതാനത്ത് ക്യാന്പ് ചെയ്‍താണ് പ്രവർത്തകർ റാലിയിൽ പങ്കെടുക്കുന്നത്.
പ്രദേശം മുഴുവൻ ചുവപ്പണിഞ്ഞു. ഡൽഹിയിലെ വിവിധ കാന്പസുകളിൽ പഠിക്കുന്ന വിദ്യാർഥികളാണ് സമരവേദി സജ്ജീകരിക്കാൻ മുന്നിലുള്ളത്. വിദ്യാർഥികളുൾപ്പെടെ നൂറുകണക്കിന് വളണ്ടിയർമാരെ റാലി നിയന്ത്രിക്കുന്നതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. റാലിയിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണ സൗകര്യവും ഏർപ്പാടാക്കി. തിങ്കള്‍ വൈകുന്നേരം മുതൽ വേദിയിൽ കലാ സംസ്‌കാരിക പരിപാടികൾ ആരംഭിച്ചു. ഡൽഹി, ഹരിയാന, ഹിമാചൽപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള കലാകാരന്മാരാണ് പരിപാടികൾ അവതരിപ്പിക്കുന്നത്. തിങ്കളാഴ്‌ച രാത്രിയും പ്രവർത്തകരുടെ ആവേശത്തിൽ വേദി സജീവമായി.ഭഗത് സിങ്, സുഖ്‌ദേവ്, രാജ്‌ഗുരു എന്നിവരുടെ പേരുകൾ രക്തസാക്ഷി ദിനമായ തിങ്കളാഴ്‌ച വേദിയിൽ മുഴങ്ങി.
ഡൽഹി സംസ്ഥാന കമ്മിറ്റി രണ്ട് ജാഥകൾ സംഘടിപ്പിക്കും. രാജ്‌ഘട്ട്, സക്കീർ ഹുസൈൻ കോളേജ് എന്നിവടങ്ങളിൽ നിന്നാരംഭിക്കുന്ന ജാഥകൾ പത്തോടെ രാംലീല മൈതാനിലേക്കെത്തും. പാർടി കേന്ദ്ര കമ്മിറ്റിയുടെയും ഡൽഹി സംസ്ഥാന കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് തയ്യാറെടുപ്പുകൾ.










0 comments