ഭീകരവാദ ബന്ധമെന്ന് ആരോപണം: രണ്ട് സർക്കാർ ജീവനക്കാരെ പിരിച്ചുവിട്ട് ജമ്മു കശ്മീർ ഗവർണർ

ശ്രീനഗർ: ഭീകരവാദബന്ധമുണ്ടെന്ന് ആരോപിച്ച് ജമ്മു കശ്മീരിലെ രണ്ട് സർക്കാർ ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. അധ്യാപകനായ ഖുർഷീദ് അഹമ്മദ് റാത്തർ, ആടുവളർത്തൽ വകുപ്പിലെ ജീവനക്കാരനായ സിയാദ് അഹമ്മദ് ഖാൻ എന്നിവരെയാണ് പിരിച്ചുവിട്ടത്. ആയുധക്കടത്ത് നടത്തിയെന്നും നിരോധിത ഭീകര സംഘടനയായ ലഷ്കർ-ഇ-തൊയ്ബയുമായി ബന്ധമുണ്ടെന്നും കാണിച്ച് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹയാണ് പിരിച്ചുവിടാൻ ഉത്തരവിട്ടത്.
കുപ്വാര ജില്ലയിലാണ് സംഭവം. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള കർണ, കേരൻ പ്രദേശങ്ങളിലെ താമസക്കാരാണ് ഇരുവരും. ഇവർക്കെതിരെ ആയുധക്കടത്ത് കുറ്റം ആരോപിച്ചിട്ടുണ്ട്. സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസികൾ നടത്തിയ അന്വേഷണത്തിൽ ഇവരുടെ ഭീകരവാദ പ്രവർത്തനത്തിലെ പങ്ക് തെളിഞ്ഞതായാണ് റിപ്പോർട്ടുകൾ. ആർട്ടിക്കിൾ 311 (2) (സി) പ്രകാരമാണ് ഇവരെ പിരിച്ചുവിട്ടതെന്ന് അധികൃതർ പറഞ്ഞു.
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഹാൻഡ്‌ലർമാർക്കായി ഖുർഷീദ് അഹമ്മദ് ആയുധങ്ങളും മയക്കുമരുന്നുകളും ശേഖരിച്ച് വിതരണം ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. കുപ്‌വാരയിൽ ആയുധങ്ങൾ പിടിച്ചെടുത്തതിനെത്തുടർന്ന് ഈ വർഷം ആദ്യം ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. സിയാദ് അഹമ്മദ് ഖാനെതിരെ ആയുധങ്ങൾ കൈവശം വയ്ക്കുക, ഭീകരർക്ക് അഭയം നൽകുക, നുഴഞ്ഞുകയറ്റം, ആയുധക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇരുവരും നിലവിൽ കുപ്വാര ജില്ലാ ജയിലിലാണ്.









0 comments