'മുസ്‌ലിങ്ങൾക്ക് എതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച്' ചോദ്യം; പ്രൊഫസർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: സെമസ്റ്റർ പരീക്ഷാ ചോദ്യപേപ്പറിൽ 'മുസ്‌ലിംങ്ങൾക്കെതിരായ അതിക്രമങ്ങളെ' കുറിച്ച് ചോദ്യം ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ പ്രൊഫസറെ സസ്പെൻഡ് ചെയ്തു.
സോഷ്യൽ വർക്ക് വിഭാഗം പ്രൊഫസർ വീരേന്ദ്ര ബാലാജി ഷഹാരെയ്‌ക്കെതിരെയാണ് സർവകലാശാല നടപടിയെടുത്തത്. സംഭവത്തിൽ അന്വേഷണത്തിനായി പ്രത്യേക സമിതിയെയും നിയോഗിച്ചു.
ഈ ആഴ്ച നടന്ന ബി.എ (ഓണേഴ്സ്) സോഷ്യൽ വർക്ക് ഒന്നാം സെമസ്റ്റർ പരീക്ഷയിലെ 'ഇന്ത്യയിലെ സാമൂഹിക പ്രശ്നങ്ങൾ' എന്ന പേപ്പറിലെ ചോദ്യമാണ് വിവാദത്തിന് കാരണമായത്. "ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷങ്ങൾ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ച് ഉചിതമായ ഉദാഹരണങ്ങൾ സഹിതം ചർച്ച ചെയ്യുക" എന്നായിരുന്നു 15 മാർക്കിന്റെ ചോദ്യം.
ചോദ്യപേപ്പറിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും പ്രൊഫസർക്കെതിരെ വലിയ രീതിയിലുള്ള സൈബർ ആക്രമണം ഉയരുകയും ചെയ്തിരുന്നു. ചോദ്യം വർഗീയ ചേരിതിരിവ് ഉണ്ടാക്കുന്നതാണെന്ന് ആണ് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം ഉപദേഷ്ടാവ് കാഞ്ചൻ ഗുപ്തയുടെ വാദം.
ഇതിന് പിന്നാലെയാണ് സർവകലാശാലയുടെ നടപടി. അന്വേഷണ സമിതി റിപ്പോർട്ട് സമർപ്പിക്കുന്നത് വരെയാണ് സസ്പെൻഷൻ. അതേസമയം, പ്രൊഫസർക്കെതിരെ പൊലീസ് കേസ് എടുക്കാൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്നും ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർന്നുള്ള നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.










0 comments