print edition ജാമിയയിൽ വിദ്യാർഥിസമരം തുടരുന്നു; സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം

പ്രക്ഷോഭകയെ പൊലീസ് അറസ്റ്റുചെയ്ത് നീക്കുന്നു

സ്വന്തം ലേഖകൻ
Published on Oct 27, 2026, 01:41 AM | 1 min read
ന്യൂഡൽഹി: വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കുമെന്ന് അധികൃതർ ഉത്തരവിറക്കിയെങ്കിലും അതിൽ വ്യക്തതയില്ലാത്തതിനാൽ ജാമിയ മിലിയ ഇസ്ലാമിയ സർവകലാശാലയിൽ സമരം തുടരുന്നു. മലയാളി വിദ്യാർഥി എബിൻ ബേസിൽ, റെഹാൻ ഖാൻ എന്നിവരാണ് നിരാഹാരമിരിക്കുന്നത്. സമരം 15 ദിവസം പിന്നിട്ടു. നിരാഹാരമിരുന്ന ജാസിംഖാന്റെ ആരോഗ്യ നില മോശമായി ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെതുടർന്നാണ് വിദ്യാർഥികളുമായി സർവകലാശാല അധികൃതർ ചർച്ച നടത്തിയത്. വിദ്യാർഥി യൂണിയന്റെ ഭരണഘടന തയ്യാറാക്കി 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്താമെന്നാണ് സർവകലാശാല അറിയിച്ചത്. യൂണിയൻ ഭരണഘടന എപ്പോൾ തയ്യാറാക്കുമെന്നതിൽ വ്യക്തത വേണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ നടപടികൾ പിൻവലിക്കുമെന്ന് സർവകലാശാല ഉത്തരവിലുണ്ട്. ഡിസംബർ 20നകം വിദ്യാർഥി യൂണിയന്റെ ഭരണഘടന തയ്യാറാക്കണം, 15 ദിവസത്തിനകം തെരഞ്ഞെടുപ്പ് വിജ്ഞാപനം ചെയ്യണം, സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്കെതിരായ നടപടി പിൻവലിക്കണം, സർവകലാശാലയിലെ മുഖ്യ സുരക്ഷാ ഉദ്യോഗസ്ഥൻ രാജിവയ്‌ക്കണം തുടങ്ങിയ ആവശ്യങ്ങളാണ് വിദ്യാർഥികൾ ഉന്നയിക്കുന്നത്. ഇവ അംഗീകരിക്കുംവരെ സമരം തുടരുമെന്നറിയിച്ച് വൈസ് ചാൻസലർക്ക് കത്ത് നൽകി.
ക്ലാസുകൾ ഓൺലൈനാക്കിയെന്നും ഹോസ്റ്റൽ ഒഴിയണമെന്നുമുള്ള സർവകലാശാല നിർദേശം അംഗീകരിക്കാൻ വിദ്യാർഥികൾ തയ്യാറായിട്ടില്ല. ഹോസ്റ്റലിൽ താമസിക്കുന്നവർ സമരത്തിന് ഐക്യദാർഢ്യമറിയിച്ച് സർവകലാശാലയിലേക്ക് മാർച്ച് നടത്തി. തിങ്കള്‍ രാത്രി വൈകി ക്യാമ്പസ് പരിസരത്തുനിന്ന് വിദ്യാര്‍ഥികളെ പൊലീസ് ഒഴിപ്പിച്ചു. സ്ഥലത്ത് വന്‍ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നു.








0 comments