print edition ജാമിയയെ ജയിലാക്കി കേന്ദ്രം; സമരം അടിച്ചമർത്താൻ പൊലീസ്

കാമ്പസിലെ അടച്ചിട്ട ഗേറ്റിനുപുറത്തുനിന്ന് വിദ്യാര്‍ഥികളുടെ പ്രതിഷേധം
ന്യൂഡൽഹി: വിദ്യാർഥികളുടെ നിരാഹാരസമരം 16 ദിവസം പിന്നിട്ട ജാമിയ മിലിയ സർവകലാശാലയെ ജയിലാക്കി കേന്ദ്രസർക്കാർ. സമരം അടിച്ചമർത്താൻ ലക്ഷ്യമിട്ട് ഡൽഹി പൊലീസിനുപുറമെ കേന്ദ്ര സായുധ പൊലീസ് സേനകളെയും വലിയതോതിൽ വിന്യസിച്ചു. കാന്പസിന് പുറത്ത് ആളുകൾ കൂട്ടം കൂടുന്നത് ഒഴിവാക്കാൻ ബിഎൻഎസ്‌എസ് 163ാം വകുപ്പ് ( നിരോധനാജ്ഞയ്‌ക്ക് പകരമായ വകുപ്പ്) പ്രഖ്യാപിച്ചു.
സർവകലാശാല പരിസരം ബാരിക്കേഡുകളാലും പൊലീസ് വാഹനങ്ങളാലും നിറഞ്ഞു. അതിലൂടെ പോകുന്നവരെയൊക്കെ കസ്‌റ്റഡിയിലെടുക്കുകയാണ്. എസ്‌എഫ്‌ഐ പ്രവർത്തകരായ അൻഷിദ്, സഹീർ, അൽ അമീൻ എന്നിവരും കസ്റ്റഡിയിലായി. ക്യാന്പസിലേക്ക് ആളുകളെ കടത്തിവിടാതിരിക്കാൻ ഗേറ്റുകൾ പൂട്ടി. നിരാഹാരമിരിക്കുന്നവരെ പരിശോധിക്കാൻ എത്തിയ ഡോക്ടറെയും തടഞ്ഞു. ഭക്ഷണം കൊണ്ടുപോകാൻ പോലും ഗേറ്റ് തുറന്നുനൽകുന്നില്ല. എട്ടാം നന്പർ ഗേറ്റ് പൂർണമായും ഡൽഹി പൊലീസ് നിയന്ത്രണത്തിലാണ്.
സമരം അടിച്ചമർത്തുന്നതിന്റെ ഭാഗമായി നേരത്തെ ക്ലാസുകൾ ഓൺലൈൻ രീതിയിലേക്ക് മാറ്റിയിരുന്നു. മുഴുവൻ വിദ്യാർഥികളോടും ഹോസ്റ്റലിൽനിന്ന് ഒഴിയാനും നിർദേശിച്ചു. വിദ്യാർഥികൾ ഇത് നിരസിച്ച് സർവകലാശാലയിൽ തുടരുകയാണ്. മലയാളി നിയമ വിദ്യാർഥി എബിൻ ബേസിൽ, റിഹാൻ ഖാൻ, അബുസാർ, റിതിക്, അൽതാഫ് എന്നിവരാണ് നിരാഹാരമിരിക്കുന്നത്. എബിൻ ബേസിൽ 16 ദിവസവും റിഹാൻ ഖാൻ 13 ദിവസവുമായി നിരാഹത്തിലാണ്. വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കാമെന്ന് സർവകലാശാല ഉത്തരവിറക്കിയിരുന്നു. ഉത്തരവിൽ വ്യക്തതയില്ലാതിനാൽ സമരം തുടരുകയാണ് വിദ്യാർഥികൾ.









0 comments