തെരഞ്ഞെടുപ്പ് കമീഷണർ നിയമനം
print edition നിലപാട് മാറ്റി ജഗൻ

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനം നടത്താനുള്ള സമിതിയിൽ നിന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ ഒഴിവാക്കാൻ 2023ൽ കേന്ദ്രസർക്കാർ കൊണ്ടുവന്ന നിയമത്തെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന് വൈഎസ്‌ആർ കോൺഗ്രസ് അധ്യക്ഷൻ ജഗൻമോഹൻ റെഡ്ഡി. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ നിയമിക്കുന്ന സമിതിയിൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നിർബന്ധമായും അംഗമാകേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ഗ്യാനേഷ് കുമാറിനും എസ്‌ഐആറിനും എതിരായ അതീവഗുരുതര ആരോപണങ്ങൾ രാജ്യം വലിയ രീതിയിൽ ചർച്ച ചെയ്യുന്ന അവസരത്തിൽ ജഗൻമോഹന്റെ നിലപാടുമാറ്റം കേന്ദ്രസർക്കാരിനെ ആശങ്കയിലാക്കി. ഒൗദ്യോഗികമായി എൻഡിഎയുടെ ഭാഗമല്ലെങ്കിലും നിർണായക ഘട്ടങ്ങളിലെല്ലാം വൈഎസ്‌ആർ കോൺഗ്രസ് മോദിസർക്കാരിനെ പിന്തുണയ്‌ക്കാറുണ്ട്.
തെരഞ്ഞെടുപ്പ് കമീഷണർമാരുടെ നിയമനസമിതിയിൽ ചീഫ് ജസ്റ്റിസിനെയും അംഗമാക്കണമെന്ന സുപ്രീംകോടതിയുടെ 2023 മാർച്ചിലെ ചരിത്രവിധിയെ മറികടക്കാൻ മോദിസർക്കാർ ആ വർഷം ഡിസംബറിൽ പാർലമെന്റിൽ നിയമനിർമാണം നടത്തിയ അവസരത്തിൽ വൈഎസ്‌ആർ കോൺഗ്രസ് പിന്തുണച്ചിരുന്നു. സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് പകരം പ്രധാനമന്ത്രി നിശ്‌ചയിക്കുന്ന കേന്ദ്രമന്ത്രിയെ സമിതിയിൽ അംഗമാക്കിയാൽ മതിയെന്നായിരുന്നു നിയമത്തിലെ പ്രധാനവ്യവസ്ഥ.
പിന്തുണച്ചത് അബദ്ധമായെന്നും എക്‌സാമിനർ ആരായിരിക്കണമെന്ന് വിദ്യാർഥി സ്വയം തീരുമാനിക്കുന്നത് പോലെയുള്ള നിയമനിർമാണമായിരുന്നു അതെന്നും ജഗൻമോഹൻ കഴിഞ്ഞദിവസം അഭിപ്രായപ്പെട്ടത്.
കേന്ദ്രസർക്കാർ ഇൗ മാസം പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്ത് മണ്ഡല പുനർനിർണയവുമായി ബന്ധപ്പെട്ട ഭരണഘടനാഭേദഗതി അവതരിപ്പിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് ജഗന്റെ നിലപാടുമാറ്റം. വനിതാസംവരണവുമായി ബന്ധപ്പെടുത്തിയുള്ള മണ്ഡല പുനർനിർണയത്തിന് വൈഎസ്‌ആർ കോൺഗ്രസ് നേരത്തെ സർക്കാരിന് പിന്തുണ അറിയിച്ചിരുന്നു. എന്നാൽ, ജഗൻ മോഹന്റെ നിലപാടുമാറ്റത്തോടെ പ്രത്യേക സമ്മേളനത്തിൽ വൈഎസ്‌ആർ കോൺഗ്രസിന്റെ പിന്തുണ അനിശ്‌ചിതത്വത്തിലായി.









0 comments