'ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ കഴിയുന്നില്ല' ജബൽജപുര്‍ ബോട്ട് ദുരന്തത്തിൽ ക്ഷമാപണവുമായി പൈലറ്റ് മഹേഷ് പട്ടേൽ

ക്രൂയിസ് ബോട്ടിന്റെ പൈലറ്റായ മഹേഷ് പട്ടേൽ (വലത്) Photo: NDTV
ജബൽപുര്‍ : മധ്യപ്രദേശിലെ ജബൽപുര്‍ ബോട്ട് അപകടത്തിൽ ക്ഷമാപണവുമായി ക്രൂയിസ് ബോട്ടിന്റെ പൈലറ്റായ മഹേഷ് പട്ടേൽ. ബോട്ടിൽ വെള്ളം കയറിയപ്പോൾ പരമാവധി യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം താൻ നടത്തിയതായി പട്ടേൽ പറഞ്ഞു. കൂടാതെ ഒമ്പത് പേരുടെ മരണത്തിൽ ക്ഷമാപണവും നടത്തി. എൻഡിടിവിയോടായിരുന്നു പട്ടേലിന്റെ പ്രതികരണം. അപകടം നടന്നതിന് ശേഷം താൻ വലിയ മാനസിക ആഘാതത്തിലാണെന്നും തനിക്ക് ഭക്ഷണം കഴിക്കാനോ ഉറങ്ങാനോ സാധിക്കുന്നില്ലെന്നും മഹേഷ് പട്ടേൽ കൂട്ടിച്ചേർത്തു.
ഖമരിയ ദ്വീപിൽ നിന്ന് പുറപ്പെടുമ്പോൾ കാലാവസ്ഥ സാധാരണ നിലയിലായിരുന്നും എന്നാൽ നടുക്കടലിൽ എത്തിയതോടെ കാറ്റ് ശക്തമാകാൻ തുടങ്ങി. മോശം കാലാവസ്ഥയെത്തുടർന്ന് തിരികെ വരാൻ യാതൊരു മുന്നറിയിപ്പോ നിർദ്ദേശമോ ലഭിച്ചിരുന്നില്ല. കൊടുങ്കാറ്റ് ശക്തമാവുകയും തിരമാലകൾ ബോട്ടിൽ ആഞ്ഞടിക്കുകയും ചെയ്തതോടെ ബോട്ട് കരയിലേക്ക് തിരിക്കാൻ തീരുമാനിച്ചു. ബോട്ട് വെള്ളത്തിനടിയിലായപ്പോൾ യാത്രക്കാർ പരിഭ്രാന്തരായി. ബോട്ടിൽ വെള്ളം കയറാൻ തുടങ്ങിയപ്പോൾ റിസപ്ഷൻ ഡെസ്കിൽ വിളിച്ച് മറ്റൊരു ബോട്ട് അയക്കാൻ ആവശ്യപ്പെട്ടു, ഒരു അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പും നൽകി, പട്ടേൽ പറയുന്നു.
അപകടസാധ്യത ഞങ്ങൾ മുൻകൂട്ടി കണ്ടിരുന്നു, കാറ്റും തിരമാലകളും ശക്തമായപ്പോൾ ബോട്ട് തിരികെ കൊണ്ടുപോകാൻ ക്രൂവിനോട് ആവശ്യപ്പെട്ടിരുന്നതായി അപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ പറഞ്ഞതായി കണ്ടു, എന്നാൽ അത് ശരിയല്ല, അത്തരത്തിലൊന്നും ആരും ആവശ്യപ്പെട്ടിട്ടില്ല. യാത്രക്കാർ നൃത്തം ചെയ്യുന്നതിലും ആഘോഷിക്കുന്നതിലും മുഴുകിയിരുന്നതിനാൽ, തുടക്കത്തിൽ പലരും ലൈഫ് ജാക്കറ്റുകൾ വേണ്ടെന്ന് വെച്ചിരുന്നതാണ് വാസ്തവമെന്നും പട്ടേൽ കൂട്ടിച്ചേർത്തു.
യാത്ര തുടങ്ങി 30 മിനിറ്റിനുള്ളിൽ തന്നെ, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ അസ്വസ്ഥതകൾ ഒരു വലിയ ദുരന്തമായി മാറുന്നത് കണ്ടു. ഒരു ബോട്ട് പൈലറ്റ് എന്ന നിലയിലുള്ള 15 വർഷത്തെ അനുഭവപരിചയത്തിനിടയിൽ ഇത്തരമൊരു സംഭവം കണ്ടിട്ടില്ല. എൻജിൻ റൂമിൽ വെള്ളം കയറിയതോടെ ബോട്ടിന്റെ നിയന്ത്രണം പൂർണമായും നഷ്ടമായി. ബോട്ടിന് ഇനി തീരത്തെത്താൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞത് ആ നിമിഷമായിരുന്നു. സാധാരണയായി ഉണ്ടാകാറുള്ള മൂന്ന് പേർക്ക് പകരം ബോട്ടിലുണ്ടായിരുന്ന രണ്ട് ജീവനക്കാർ ആണ്. ഉടൻ തന്നെ രക്ഷാപ്രവർത്തനത്തിലേയ്ക്ക് കടന്നു. ബോട്ട് മുങ്ങിക്കൊണ്ടിരുന്നപ്പോഴും പരമാവധി യാത്രക്കാർ ലൈഫ് ജാക്കറ്റുകൾ ധരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തി. ഏറ്റവും ഒടുവിലാണ് അവിടെനിന്നും മാറിയതെന്നും പട്ടേൽ കൂട്ടിച്ചേർത്തു. പട്ടേൽ ഉൾപ്പടെ ബോട്ടിലെ ജീവനക്കാരെ അപകടത്തെ തുടർന്ന് സർവീസിൽ നിന്നും പിരിച്ചു വിട്ടിരുന്നു. ഈ നടപടി തന്റെ കുടുംബത്തെ ബാധിക്കുമെന്നും പട്ടേൽ പറഞ്ഞു.
ഈ ജോലിയിൽ നിന്ന് ലഭിച്ചിരുന്ന 27,000 രൂപ ശമ്പളത്തിലായിരുന്നു കുടുംബം കഴിഞ്ഞുപോയിരുന്നത്. ഈ അപകടം ഒരു പ്രകൃതിക്ഷോഭമായിരുന്നു. എനിക്ക് സാധുവായ ലൈസൻസും ജീവൻരക്ഷാ സർട്ടിഫിക്കറ്റുകൾ ഉൾപ്പെടെയുള്ള പരിശീലനവും ഉണ്ട്. കൂടാതെ, ഓരോ രണ്ട് വർഷം കൂടുമ്പോഴും അധികൃതർ നൽകുന്ന പരിശീലനത്തിന് വിധേയനാകാറുണ്ടെന്നും പട്ടേൽ അവകാശപ്പെടുന്നു. അപകടത്തിൽ ഇനിയും നാലുപേരെയാണ് കണ്ടെത്താനുള്ളത്. തെരച്ചിൽ ഇപ്പോഴും നടക്കുകയാണ്.










0 comments