ad
Deshabhimani

'എന്റെ അമ്മ മുങ്ങിത്താഴുന്നത് കണ്ടു' ജബൽപൂർ ബോട്ട് അപകടത്തിൽ നിന്ന് രക്ഷപ്പെട്ട കുട്ടിയുടെ നടുക്കുന്ന ഓർമ

Boat Accident

ജബല്‍പൂര്‍ ബോട്ട് അപകടത്തില്‍ അമ്മയെ നഷ്ടപ്പെട്ട് അച്ഛന്‍റെ കൈകളില്‍ കിടന്ന് കരയുന്ന പെണ്‍കുട്ടി (Photo; NDTV)

വെബ് ഡെസ്ക്

Published on May 01, 2026, 05:44 PM | 2 min read

ഭോപ്പാൽ: സ്വന്തം അമ്മ മുങ്ങിത്താഴുന്നത് കണ്ടുവെന്ന് പറഞ്ഞ് വിതുമ്പി കരയുന്ന അവളെ പിതാവ് തന്റെ മാറോട് ചേർത്ത് പിടിക്കുകയായിരുന്നു. ജബൽപൂർ ബോട്ട് അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട പെൺകുട്ടിയുടെ നടക്കുന്ന ഓർമകളായിരുന്നു അത്. മധ്യപ്രദേശിലെ ബർഗി ഡാമിന് സമീപം നർമദ നദിയിൽ ക്രൂയിസ് ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിലാണ് പെൺകുട്ടിക്ക് തന്റെ പ്രിയപ്പെട്ടവരെ നഷ്ടമായത്. സന്തോഷത്തോടെ തുടങ്ങിയ ബോട്ട് യാത്ര കണ്ണീരിൽ അവസാനിച്ചതിന്റെ പകപ്പ് ഇപ്പോഴും അവളുടെ കണ്ണുകളിൽ നിന്ന് മാഞ്ഞിട്ടില്ല.


"ബോട്ട് തലകീഴായി മറിഞ്ഞു, പെട്ടെന്നുണ്ടായ വെള്ളപ്പാച്ചിലിൽ കപ്പലിൽ വെള്ളം നിറഞ്ഞു. എന്റെ അമ്മയെയും സഹോദരനെയും കാണാനില്ല, മുത്തശ്ശനെ എനിക്ക് തിരികെ കിട്ടി," കണ്ണുകളിൽ ഭയവും വേദനയും നിറഞ്ഞുകൊണ്ട് അവൾ പറഞ്ഞു. നർമ്മദാ നദിയിലെ ബർഗി ഡാമിൽ വെള്ളിയാഴ്ച ഉണ്ടായ ശക്തമായ കൊടുങ്കാറ്റിൽ ക്രൂയിസ് ബോട്ട് മറിഞ്ഞ് ഒമ്പത് പേരാണ് മരണപ്പെട്ടത്. നാലു വയസുള്ള മകനെ നെഞ്ചോട് ചേർത്ത് പിടിച്ചു കൊണ്ടുള്ള അമ്മയുടെയും കുഞ്ഞിന്റെയും മൃതദേഹം കണ്ടെത്തിയത് ബോട്ട് അപകട‌ത്തിന്റെ നടുക്കുന്ന ദൃശ്യങ്ങളിലെ ഒന്നായി മാറി. ഭർത്താവിനും മകൾക്കുമൊപ്പമാണ് ഇവർ യാത്ര ചെയ്തിരുന്നത്. ഇതിൽ മകളും പിതാവും രക്ഷപ്പെട്ടു.


എന്താണ് സംഭവിക്കുന്നതെന്ന് ആർക്കും മനസ്സിലായില്ല. എല്ലായിടത്തും നിലവിളികളായിരുന്നു. ബോട്ട് മുങ്ങിക്കൊണ്ടിരുന്നു, ആളുകൾ സഹായത്തിനായി കരയുകയായിരുന്നുവെന്നും ജബൽപൂർ സ്വദേശിയായ സയ്യിദ് റിയാസ് ഹുസൈൻ അപകടത്തിന്റെ നേർകാഴ്ച പങ്കുവെച്ചു. അപകടം നടന്ന് 24 മണിക്കൂർ പിന്നിട്ടതോടെ അതിജീവനത്തിനുള്ള പ്രതീക്ഷകളും മങ്ങുകയാണ്. തന്റെ ഭാര്യയെയും കൊച്ചുമകനെയും സഹോദരിയെയും ഇനിയും കണ്ടെത്താനായിട്ടില്ലെന്ന് സയ്യിദ് റിയാസ് പറയുന്നു.


ശക്തമായ കാറ്റിൽ നദി പ്രക്ഷുബ്ധമായതോടെ യാത്രക്കാർ പരിഭ്രാന്തരാവുകയും ബോട്ട് കരയിലേക്ക് തിരിക്കാൻ ജീവനക്കാരോട് ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ പരിഭ്രാന്തികൾക്കിടയിൽ ഈ വിളികൾ ജീവനക്കാർക്ക് കേൾക്കാൻ സാധിച്ചില്ല. നിയന്ത്രണം വിട്ട ബോട്ട് ഒഴുകി നീങ്ങുകയും പിന്നീട് മറിയുകയുമായിരുന്നു. ലൈഫ് ജാക്കറ്റുകൾ ധരിച്ചിരുന്ന ഏതാനും യാത്രക്കാരെ നാട്ടുകാർ ചേർന്ന് കയർ ഉപയോഗിച്ചാണ് രക്ഷപ്പെടുത്തിയത്. അഞ്ച് കുട്ടികളടക്കം ഒമ്പത് പേരെ ഇനിയും കണ്ടെത്താനുണ്ട്. ഹുസൈന്റെ കുടുംബാംഗങ്ങളും കാണാതായവരുടെ പട്ടികയിലുണ്ട്. സൈന്യം, എൻഡിആർഎഫ് (NDRF), എസ്ഡിആർഎഫ് (SDRF) എന്നിവരുടെ നേതൃത്വത്തിൽ ഇപ്പോഴും തെരച്ചിൽ പുരോ​ഗമിക്കുകയാണ്. സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്ന് മധ്യപ്രദേശ് ടൂറിസം മന്ത്രി ധർമേന്ദ്ര ഭവ് സിംഗ് ലോധ് അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home