ad
Deshabhimani

ഇന്ത്യന്‍ ഐടി കമ്പനികളുടെ വിപണിമൂല്യം ഇടിഞ്ഞു

IT companies in india
വെബ് ഡെസ്ക്

Published on Aug 13, 2025, 12:52 AM | 1 min read

കൊച്ചി

ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക്‌ ഓഹരി വിപണിയില്‍ തിരിച്ചടി. ബിഎസ്ഇയില്‍ ലിസ്റ്റ് ചെയ്ത രാജ്യത്തെ അഞ്ച് മുൻനിര ഐടി കമ്പനികളായ ടാറ്റ കൺസൾട്ടൻസി സർവീസസ് (ടിസിഎസ്), ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര എന്നിവയുടെ സംയോജിത ഓഹരി വിപണിമൂല്യം ഈ വര്‍ഷം 24 ശതമാനം ഇടിഞ്ഞു.


കഴിഞ്ഞ ആഴ്ചയിൽ ഈ ഐടി കമ്പനികളുടെ സംയോജിത ഓഹരി വിപണിമൂല്യം 24,86,000 കോടിയാണ്. 2024 ഡിസംബറില്‍ ഇത് 32,67,000 കോടിയായിരുന്നു. 23.91 ശതമാനം മൂല്യം ഇടിഞ്ഞു. വരുമാനത്തിലെ കുറവും എഐ വ്യാപനം ഐടി മേഖലയിലുയർത്തുന്ന വെല്ലുവിളിയും കണക്കിലെടുത്ത് നിക്ഷേപകര്‍ വന്‍തോതില്‍ പിന്‍വലിയുന്നതാണ് കമ്പനികള്‍ക്ക് തിരിച്ചടിയാകുന്നത്. യുഎസ് പ്രസി‍ഡന്റ് ട്രംപിന്റെ തീരുവ യുദ്ധവും പ്രധാന വിപണികളിലെ സാമ്പത്തിക വളര്‍ച്ച മന്ദഗതിയിലാകുന്നതും ഐടി മേഖലയില്‍നിന്ന്‌ വിദേശ നിക്ഷേപകര്‍ (എഫ്‌ഐഐ) വന്‍തോതില്‍ നിക്ഷേപം പിന്‍വലിക്കുന്നതും ഐടി ഓഹരികളെ അനാകര്‍ഷകമാക്കുന്നു. നടപ്പുസാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ (ഏപ്രില്‍-– ജൂണ്‍) ഐടി കമ്പനികള്‍ പൊതുവില്‍ നിക്ഷേപകരെ നിരാശപ്പെടുത്തി.


ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (ടിസിഎസ്) ഒന്നാംപാദ അറ്റാദായ വളര്‍ച്ച ആറ് ശതമാനം മാത്രമായിരുന്നു. കമ്പനിയുടെ ഓഹരി വിപണിമൂല്യം ഈ വര്‍ഷം 26 ശതമാനം താഴ്ന്നു. ആഗോള സാമ്പത്തിക പ്രതിസന്ധിയില്‍ 12,000 ജീവനക്കാരെ പിരിച്ചുവിടുന്നെന്ന പ്രഖ്യാപനവും തിരിച്ചടിയായി. രണ്ടാംസ്ഥാനത്തുള്ള ഇന്‍ഫോസിസിന് 24.3 ശതമാനവും തൊട്ടുപുറകിലുള്ള എച്ച്സിഎൽ ടെക്നോളജീസിന് 23.1 ശതമാനവും വിപണിമൂല്യം കുറഞ്ഞു. വിപ്രോ 20 ശതമാനത്തിലധികവും ടെക് മഹീന്ദ്ര 13 ശതമാനത്തിലധികവും നഷ്ടം നേരിട്ടു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home