ഇസ്രയേൽ വ്യോമാക്രമണം: ഇന്ത്യൻ വിദ്യാർഥികൾ വഴിയിൽ കുടുങ്ങി

israel iran conflict
avatar
റിതിൻ പൗലോസ്‌

Published on Jun 17, 2025, 12:17 AM | 1 min read

ന്യൂഡൽഹി: ഇസ്രയേൽ കടന്നാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇറാനിലെ ഇന്ത്യൻ വിദ്യാർഥികളെ സുരക്ഷിത സ്ഥാനത്തേക്ക്‌ മാറ്റുന്നതിനിടെ ആക്രമണം. തെഹ്‌റാനിൽ നിന്ന് 140 കിലോമീറ്റർ തെക്കുള്ള ഖോം നഗരത്തിലേക്കാണ്‌ വിദ്യാർഥികളെ ഇന്ത്യൻ എംബസി മാറ്റുന്നത്‌. ഈ പ്രധാനപാതയിൽ തിങ്കളാഴ്‌ച ഉച്ചയ്‌ക്കുശേഷം ഇസ്രയേൽ വ്യോമാക്രമണം ഉണ്ടായതോടെ വിദ്യാർഥികളുമായി പോയ ബസ്‌ പാതിവഴിയിൽ കുടുങ്ങി. ബാലിസ്‌റ്റിക്‌ മിസൈലുകളുമായി പോയ ട്രക്ക്‌ ലക്ഷ്യംവച്ചാണ്‌ ആക്രമണമെന്നാണ്‌ ഇസ്രയേൽ ഭാഷ്യം. തെഹ്‌റാനിലേക്ക്‌ വിദ്യാർഥികളെ മടക്കി അയക്കേണ്ടിവരാം എന്ന സ്ഥിതിയാണ്‌ നിലവിലുള്ളത്‌. ജമ്മു കശ്‌മീർ, കർണാടകം, മഹാരാഷ്‌ട്ര എന്നിവിടങ്ങളിൽനിന്നുള്ളവരാണ്‌ വിദ്യാർഥികളിൽ ഭൂരിപക്ഷവും.


വിദ്യാർഥികളുടെ സുരക്ഷയുറപ്പാക്കണമെന്ന്‌ വിദേശമന്ത്രി എസ്‌ ജയ്‌ശങ്കറിനോട്‌ കശ്‌മീർ മുഖ്യമന്ത്രി ഒമർ അബ്‌ദുള്ള ഫോണിൽ ആവശ്യപ്പെട്ടു. അതിർത്തിയിലെത്തിയാൽ വിദ്യാർഥികൾക്ക്‌ രാജ്യത്തേയ്‌ക്ക്‌ മടങ്ങാൻ സുരക്ഷ ഇടനാഴി ഒരുക്കാമെന്ന്‌ അർമേനിയ വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. ടെഹ്‌റാൻ നഗരം വിടാൻ തിങ്കൾ രാവിലെയാണ്‌ ഇന്ത്യൻ എംബസി ടെലഗ്രാം ചാനലിൽ അറിയിപ്പ്‌ നൽകിയത്‌. രാവിലെ ഒമ്പതരയ്‌ക്ക്‌ ഷാഹിദ് ബെഹെഷ്തി മെഡിക്കൽ സയൻസസ് സർവകലാശാലയുടെ രണ്ടാം നമ്പർ ഗേറ്റിൽ നിന്ന്‌ പുറപ്പെട്ട ബസിനുള്ളിലെ വിദ്യാർഥികളാണ്‌ ഇപ്പോൾ വഴിയിൽ കുടുങ്ങിയത്‌. തെഹ്‌റാനിൽ തുടരരുതെന്നും മറ്റ്‌ നഗരങ്ങളിലേക്ക്‌ വിദ്യാർഥികളെ മാറ്റാൻ സംവിധാനം ഒരുക്കുമെന്നും ഞായർ രാത്രി വിദേശമന്ത്രാലയം പ്രസ്‌താവനയിലുടെ അറിയിച്ചിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Home