യുപിയിൽ ഭീകര മൊഡ്യൂൾ തകർത്തു; പിടിയിലായവർക്ക് ഐഎസ്ഐയുമായി ബന്ധം

ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ് പുറത്തുവിട്ട പ്രതികളുടെ ചിത്രം
ലഖ്നൗ: ഐഎസ്ഐയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ഭീകര മൊഡ്യൂളിനെ തകർത്തതായി ഉത്തർപ്രദേശ് ഭീകരവിരുദ്ധ സ്‌ക്വാഡ്. യുപി റെയിൽവേ ഗതാഗതം തടസപ്പെടുത്താനും പരിഭ്രാന്തി സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ള വലിയൊരു ഭീകരാക്രമണ നീക്കമാണ് അന്വേഷണ ഉദ്യോഗസ്ഥർ തടഞ്ഞത്.
സംഭവത്തിൽ മീററ്റിൽ നിന്നുള്ള പ്രധാന പ്രതി സാഖിബ് (ഡെവിൾ) ഉൾപ്പെടെ നാല് പേരെ യുപി ഭീകരവിരുദ്ധ സ്‌ക്വാഡ് (എടിഎസ്) അറസ്റ്റ് ചെയ്തു. അറസ്റ്റിലായ സാഖിബിന് പാകിസ്ഥാൻ ആസ്ഥാനമായുള്ള ഐഎസ്ഐ ഹാൻഡ്‌ലറുമായി നേരിട്ട് ബന്ധമുണ്ടെന്നും വിദേശത്ത് നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും കണ്ടെത്തിയതായി എടിഎസ് അറിയിച്ചു.
ലഖ്‌നൗ റെയിൽവേ സ്റ്റേഷന് സമീപമുള്ള റെയിൽവേ സിഗ്നൽ ബോക്‌സ് ആയിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. കൂടാതെ ലഖ്‌നൗ, ഗാസിയാബാദ്, മീററ്റ് എന്നിവിടങ്ങളിലെ പ്രധാന സ്ഥാപനങ്ങളിലും വാഹന ഷോറൂമുകളിലും ഇവർ രഹസ്യ നിരീക്ഷണം നടത്തിയിരുന്നതായാണ് വിവരം.
ഗൂഗിൾ ലൊക്കേഷൻ സ്‌ക്രീൻ റെക്കോർഡിംഗുകൾ വഴിയാണ് ഹാൻഡ്‌ലർ നിർദ്ദേശങ്ങൾ നൽകിയിരുന്നത്. ലക്ഷ്യമിട്ട സ്ഥലങ്ങളുടെ ഫോട്ടോകളും വീഡിയോകളും പ്രതികൾ തിരികെ അയക്കുകയും ചെയ്തിരുന്നു. ഓൺലൈൻ പ്രചാരണത്തിലൂടെയാണ് പ്രതികൾ തീവ്രവാദ ആശയങ്ങളിലേക്ക് ആകൃഷ്ടരായത്. ഒസാമ ബിൻ ലാദൻ, ഫർഹത്തുള്ള ഘോരി തുടങ്ങിയ പേരുകൾ ഉപയോഗിച്ചാണ് ഹാൻഡ്‌ലർ ഇവരെ പ്രകോപിപ്പിച്ചിരുന്നത്.
ലോകേഷ് (പാപ്‌ല), വികാസ് (റൗണക്), അർബാബ് എന്നിവരാണ് അറസ്റ്റിലായ മറ്റ് അംഗങ്ങൾ. ആയുധങ്ങൾ പ്രദർശിപ്പിച്ചുള്ള സോഷ്യൽ മീഡിയ പോസ്റ്റുകൾ വഴിയാണ് ഇവർ സംഘവുമായി ബന്ധപ്പെട്ടത്. പ്രതികളെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഒരാഴ്ചത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് യുപി എടിഎസ് പ്രത്യേക എൻഐഎ കോടതിയെ സമീപിച്ചിട്ടുണ്ട്.










0 comments