ad
Deshabhimani

ബില്ലുകൾ പാസാക്കാൻ വൻ പണപ്പിരിവ്; ഐആര്‍സിടിസി ഉന്നതൻ സിബിഐ കസ്റ്റഡിയിൽ

Bribery Case
വെബ് ഡെസ്ക്

Published on Jul 24, 2026, 10:42 AM | 1 min read

മുംബൈ: കൈക്കൂലി കേസിൽ ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ മുതിർന്ന ഉദ്യോഗസ്ഥനെയും കൊൽക്കത്ത ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനി ഡയറക്ടറെയും സിബിഐ അറസ്റ്റ് ചെയ്തു. ഐആർസിടിസി വെസ്റ്റ് സോൺ ഓഫീസിലെ ഉദ്യോഗസ്ഥനും 'അരഹ ഹോസ്പിറ്റാലിറ്റി പ്രൈവറ്റ് ലിമിറ്റഡ്' ഡയറക്ടറുമാണ് പിടിയിലായത്.


കമ്പനിയുടെ കുടിശ്ശികയുള്ള ബില്ലുകൾ വേഗത്തിൽ പാസ്സാക്കി നൽകുന്നതിനായി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നാല് ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങി എന്ന ആരോപണത്തിലാണ് നടപടി. ജൂലൈ 22-നാണ് സിബിഐ കേസ് രജിസ്റ്റർ ചെയ്തത്.


ഏപ്രിൽ 21-ന് 1,98,500 രൂപയും ജൂൺ 8-ന് 2,00,000 രൂപയും സ്വകാര്യ കമ്പനി ഡയറക്ടറുടെ സഹായി മുഖേന ഉദ്യോഗസ്ഥന്റെ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് നിക്ഷേപിക്കുകയായിരുന്നു. ഇത് കണ്ടെത്തിയാണ് അന്വേഷണം തുടങ്ങിയത്.


ചോദ്യം ചെയ്യലിനായി മുംബൈയിലെ ഓഫീസിൽ ഇരുവരെയും എത്തിച്ച വേളയിൽ സ്വകാര്യ കമ്പനി ഡയറക്ടറുടെ പക്കൽ നിന്ന് 4,62,700 രൂപ അടങ്ങിയ ബാഗും സിബിഐ കണ്ടെടുത്തു. പരിശോധനയിൽ പ്രതികളുടെ മൊബൈൽ ഫോണുകളിൽ നിന്ന് അഴിമതി വ്യക്തമാക്കുന്ന നിർണ്ണായകമായ വാട്ട്‌സ്ആപ്പ് ചാറ്റുകളും മറ്റ് തെളിവുകളും ലഭിച്ചിട്ടുണ്ട്.


പ്രതികളുടെ വീടുകളിൽ നടത്തിയ തിരച്ചിലിൽ പ്രധാനപ്പെട്ട രേഖകൾ പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട അരഹ ഹോസ്പിറ്റാലിറ്റിയുടെ ബില്ലുകളും ഫയലുകളും ഡിജിറ്റൽ തെളിവുകളും ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രത്യേക കോടതിയിൽ ഹാജരാക്കിയ പ്രതികളെ ജൂലൈ 27 വരെ കസ്റ്റഡിയിൽ വിട്ടു. സംഭവത്തിൽ കൂടുതൽ ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോയെന്ന കാര്യം അന്വേഷിച്ചു വരികയാണ്.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home