"അമേരിക്കയുടേത് പരാജയപ്പെട്ട നയം" ട്രംപിന്റെ സാമ്പത്തിക ഭീഷണി തള്ളി ഇറാൻ

ടെഹ്റാൻ: അമേരിക്കൻ പ്രസിഡന്റ് പുറപ്പെടുവിച്ച സാമ്പത്തിക ഉപരോധ ഭീഷണികൾ പാടെ തള്ളി ഇറാൻ. അമേരിക്ക പിന്തുടരുന്നത് പരാജയപ്പെട്ട നയങ്ങളാണെന്നും ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി പറഞ്ഞു. ഇവ ഇറാനിയൻ ജനങ്ങളുടെ കൂടുതൽ ശത്രുത വിളിച്ചുവരുത്താൻ മാത്രമാണ് ഉതകുകയെന്നും ഓര്മ്മപ്പെടുത്തി.
ഇറാനെതിരെ നവീകരിച്ചതും ശക്തമായതുമായ സാമ്പത്തിക നടപടികൾ സ്വീകരിക്കുന്നെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് പറഞ്ഞതിന് പിന്നാലെയാണ് പ്രതികരണം. മുൻപെങ്ങുമില്ലാത്ത വിധത്തിലുള്ള സമ്പത്തിക യുദ്ധവും ഒറ്റപ്പെടുത്തലും നേരിടേണ്ടി വരുമെന്നായിരുന്നു ഭീഷണി.
സ്വന്തം രാജ്യത്ത് ട്രംപ് നേരിടുന്ന ആഭ്യന്തര സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ഉപരോധ പ്രഖ്യാപനമെന്നും അരാഗ്ചി പ്രതികരിച്ചു. ആഗോള ഭീകരവാദമാണ് നടത്തുന്നത്. ഇത് ലോകത്തിന് മുഴുവൻ ഭീഷണിയാണെന്നും സോഷ്യൽ മീഡിയ കുറിപ്പിൽ വ്യക്തമാക്കി.
ബെസന്റ് പറഞ്ഞത്
ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ശക്തമായ ഏകോപിത സാമ്പത്തിക ഒറ്റപ്പെടുത്തലാണ് ഇറാൻ ഇനി നേരിടാൻ പോകുന്നതെന്നാണ് യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റ് പറഞ്ഞത്. ഇറാനുമായി വ്യാപാരബന്ധം പുലർത്തുന്ന മറ്റു രാജ്യങ്ങൾക്കും കമ്പനികൾക്കും മേൽ ഉപരോധം ഏർപ്പെടുത്തുമെന്നും, ഏത് പക്ഷത്ത് നിൽക്കണമെന്ന് തീരുമാനിക്കേണ്ട സമയം അമേരിക്കൻ സഖ്യകക്ഷികൾക്ക് മുന്നിലെത്തിക്കഴിഞ്ഞുവെന്നും ബെസന്റ് ആവര്ത്തിക്കയുണ്ടായി. ഇവയെല്ലാം തള്ളുകയാണ് ഇറാൻ
എന്തുപറ്റി
ആയുധശേഖരത്തിൽ കുറവുണ്ടായതോടെ പോരാട്ടം തുടരുന്നത് അമേരിക്കയെ സംബന്ധിച്ച് വെല്ലുവിളിയായി മാറിയിരിക്കയാണ്. നേരിട്ടുള്ള സൈനിക നീക്കങ്ങൾ കുറച്ച് സാമ്പത്തിക ഉപരോധങ്ങളിലൂടെ ഇറാനെ സമ്മർദ്ദത്തിലാക്കാനാണ് ഇപ്പോൾ ശ്രമിക്കുന്നത്.










0 comments