പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് കോൺഗ്രസ് സർക്കാർ ദുരന്തം വിളിച്ചുവരുത്തി
ആഘോഷ ദുരന്തം ; പ്രതിസ്ഥാനത്ത് കർണാടക സർക്കാർ

റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയാഹ്ലാദപ്രകടനത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ ബന്ധുകൾ വിലപിക്കുന്നു
അനീഷ് ബാലൻ
Published on Jun 06, 2025, 12:57 AM | 1 min read
മംഗളൂരു
ഐപിഎൽ ക്രിക്കറ്റ് കിരീടമണിഞ്ഞ റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവിന്റെ വിജയാഹ്ലാദപ്രകടനം ദുരന്തത്തിൽ കലാശിച്ചത് കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പിടിവാശിയിൽ. പൊലീസിന്റെ മുന്നറിയിപ്പ് അവഗണിച്ച് ആഘോഷം നടത്തിയതാണ് 11 ജീവനെടുത്തത്. താരങ്ങൾ ക്ഷീണിതരാണെന്നും അതിനാൽ ആഘോഷം നീട്ടിവയ്‌ക്കണമെന്ന അറിയിപ്പും മുഖവിലയ്‌ക്ക് എടുത്തില്ല.
ചൊവ്വ രാത്രി ഫൈനലിലെ ആർസിബി വിജയം ബംഗളൂരുവിലും മറ്റും ആയിരങ്ങൾ പുലർച്ചെവരെ തെരുവിൽ ആഘോഷിച്ചിരുന്നു. മുഴുവൻ പൊലീസ് സേനയും രംഗത്തുണ്ടായിരുന്നു. അതുകൊണ്ട് ബുധനാഴ്‌ച താരങ്ങളുമായി വിജയാഹ്ലാദ പ്രകടനം നടത്തിയാൽ സുരക്ഷാപ്രശ്‌നമുണ്ടാകുമെന്നും പരിപാടി ഞായറാഴ്‌ചത്തേക്ക് മാറ്റണമെന്നും പൊലീസ് സർക്കാരിനെ അറിയിച്ചു. ബംഗളൂരുവിൽ ലക്ഷക്കണക്കിന് ആരാധകരെത്തിയാൽ നിയന്ത്രിക്കാൻ ആവശ്യത്തിന് പൊലീസുകാരില്ലെന്നും തലേദിവസം രാത്രിമുഴുവൻ ഡ്യൂട്ടിയിലായിരുന്നതിനാൽ സേനാംഗങ്ങൾ ക്ഷീണിതരാണെന്നും അറിയിച്ചു.
വിദേശതാരങ്ങൾ ഉൾപ്പെ ടെയുള്ളവർക്ക് മടങ്ങണം എന്നതുൾപ്പെടെയുള്ള കാരണങ്ങൾ നിരത്തി പരിപാടി ബുധനാഴ്‌ച തന്നെ നടത്താൻ ആർസിബിയും കർണാടക ക്രിക്കറ്റ് അസോസിയേഷനും സർക്കാരിൽ സമ്മർദം ചെലുത്തി. മുന്നറിയിപ്പ് കാറ്റിൽപ്പറത്തി ബുധനാഴ്‌ച തന്നെ പരിപാടി സംഘടിപ്പിച്ചതോടെയാണ് ദുരന്തമുണ്ടായത്. മന്ത്രിമാരും കുടുംബാംഗങ്ങളും മറ്റും പങ്കെടുത്ത് വിധാന്‍സൗധയില്‍ ടീമംഗങ്ങൾക്ക് വരവേൽപ്പ് നൽകാനും ആരാധകർക്കായി ചിന്നസ്വാമി സ്റ്റേഡിയത്തിൽ പരിപാടിക്കും തീരുമാനിച്ചു.
ആകെയുണ്ടായിരുന്ന അയ്യായിരത്തോളം പൊലീസ് സേനയെ ഈ രണ്ടുപരിപാടികൾക്കായി വിഭജിക്കേണ്ടിയും വന്നു. മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട് തുടങ്ങിയവരാണ് ടീമിനെ സ്വീകരിച്ചത്. പാസ് മുഖേന സ്റ്റേഡിയത്തിലേക്ക് ആളെ വിടാനായിരുന്നു പദ്ധതി. എന്നാൽ, പ്രവേശനത്തിന് പാസ് സൗജന്യമാണെന്ന്‌ആർസിബി ആരാധകരെ അറിയിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. തുറന്ന ബസിൽ താരങ്ങളെ കൊണ്ടുപോകണമെന്ന ആർസിബി ആവശ്യം പൊലീസ് നിരസിച്ചില്ലായിരുന്നുവെങ്കിൽ ഇതിലും വലിയ ദുരന്തമുണ്ടായേനെ. ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ പിടിവാശിയാണ് ദുരന്തത്തിന് കാരണമെന്ന് കേന്ദ്ര മന്ത്രി എച്ച് ഡി കുമാരസ്വാമി വിമർശിച്ചു.
സർക്കാരിനെതിരെ വിമർശനം ശക്തമായതോടെ സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു. കർണാടക ഹൈക്കോടതിയിലെ റിട്ട. ജഡ്ജി ജസ്‌റ്റിസ് മൈക്കൽ കുൻഹയാണ് അന്വേഷിക്കുക. ബംഗളൂരു സിറ്റി പൊലീസ് കമീഷണർ ഉൾപ്പടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡും ചെയ്‌തു.









0 comments