വന്‍ ആളപായമുണ്ടായെന്ന് ബോധ്യപ്പെട്ടിട്ടും ആഘോഷപരിപാടി അവസാനിപ്പിച്ചില്ല , സംഘാടനത്തില്‍ വന്‍ വീഴ്ച
ആഘോഷം ദുരന്തം ; വിജയാഹ്ലാദത്തിനിടെ തിരക്കിൽപ്പെട്ട് 11 മരണം

ഐപിഎൽ ക്രിക്കറ്റ് കിരീടമണിഞ്ഞ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) ടീമിന്റെ വിജയാഹ്ലാദപ്രകടനം
ബംഗളൂരു
ഒന്നരപതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പിനുശേഷം ഐപിഎൽ ക്രിക്കറ്റ് കിരീടമണിഞ്ഞ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ആര്‍സിബി) ടീമിന്റെ വിജയാഹ്ലാദപ്രകടനം ദുരന്തമായി മാറി. വിരാട് കോഹ്‍ലിയടക്കമുള്ള താരങ്ങളെ കാണാൻ ചിന്നസ്വാമി സ്റ്റേഡിയത്തിലെത്തിയ ആരാധകരുടെ തിക്കിലും തിരക്കിലുംപെട്ട് ആറുവയസുകാരി ഉള്‍പ്പെടെ 11 പേര്‍ മരിച്ചു. അമ്പതിലേറെ പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരം.
സംഭവത്തിൽ കർണാടക മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചു . ടീം സ്റ്റേഡിയത്തിൽ പ്രവേശിക്കുമെന്ന് കരുതിയ ഗേറ്റ് നമ്പര്‍ മൂന്നിന് മുന്നിലാണ് വൈകിട്ട് തിക്കുംതിരക്കുമുണ്ടായത്. വന്‍ ആളപായമുണ്ടായെന്ന് ബോധ്യപ്പെട്ടിട്ടും സ്റ്റേഡിയത്തിനുള്ളിൽ ടീമിനുള്ള സ്വീകരണം തുടര്‍ന്നു. മന്ത്രിമാരടക്കം പരിപാടിയില്‍ പങ്കെടുത്തു.
കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനും കര്‍ണാടക സര്‍ക്കാരുമാണ് സ്വീകരണമൊരുക്കിയത്. പൊലീസിന്റെ സുരക്ഷാമുന്നറിയിപ്പ് മറികടന്നാണ് പരിപാടി നടത്തിയതെന്ന് റിപ്പോര്‍ട്ടുണ്ട്. സംഘാടനത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന് വന്‍ വീഴ്‌ചയുണ്ടായി. സെക്രട്ടറിയറ്റും നിയമസഭയും ഉള്‍ക്കൊള്ളുന്ന വിധാന്‍സൗധയില്‍നിന്ന് വൈകിട്ട് അഞ്ചോടെ ചിന്നസ്വാമി സ്റ്റേഡിയം വരെ തുറന്ന ബസ്സിൽ വിക്‍ടറി പരേഡ് നടത്തുമെന്ന് ക്രിക്കറ്റ് അസോസിയേഷൻ പ്രഖ്യാപിച്ചിരുന്നു. ബുധൻ രാവിലെതന്നെ സ്റ്റേഡിയത്തിലും വിധാൻസഭയ്‌ക്ക് മുന്നിലും പതിനായിരങ്ങളൊഴുകിയെത്തി. ബംഗളൂരു മെട്രോയും സ്റ്റേഡിയത്തിന് സമീപത്തെ റോഡും ഗതാഗതക്കുരുക്കിൽപ്പെട്ടു. സ്റ്റേഡിയം നിറഞ്ഞുകവിഞ്ഞു. തിരക്കിൽ പലരും കുഴഞ്ഞുവീണു. ആരാധകര്‍ വിധാന്‍സൗധയുടെ ഗേറ്റിനുമുകളിലും ബസുകള്‍ക്ക് മുകളിലും മരങ്ങളിലും നിലയുറപ്പിച്ചു. തിരക്ക് നിയന്ത്രണാതീതമായതോടെ പൊലീസ് ലാത്തിവീശി.

പകൽ 1.30ഓടെ എച്ച്എഎൽ വിമാനത്താവളത്തിലിറങ്ങിയ ടീമിനെ ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. ഇവിടെയും വൻ ആള്‍ക്കൂട്ടമായിരുന്നു. തുടര്‍ന്ന് വിധാന്‍സൗധയില്‍ ഗവര്‍ണര്‍ താവര്‍ചന്ദ് ഗെലോട്ട്, മുഖ്യമന്ത്രി സിദ്ധരാമയ്യ തുടങ്ങിയവര്‍ രജത് പട്ടിദാറിന്റെ നേതൃത്വത്തിലുള്ള ടീമിനെ സ്വീകരിച്ചു. തിരക്ക് കൈവിട്ടതോടെ വിക്‍ടറി പരേഡ് ഉപേക്ഷിച്ച് ടീമിനെ സ്റ്റേഡിയത്തിലെത്തിക്കുകയായിരുന്നു. പഞ്ചാബ് കിങ്‍സ് ഇലവനെ തോൽപ്പിച്ച് കിരീടം നേടിയ ചൊവ്വ രാത്രി മുതൽ ആരാധകര്‍ ആഘോഷത്തിലായിരുന്നു.
കർണാടകത്തിലെ കോൺഗ്രസ് സർക്കാരിന്റെ പിടിപ്പുകേടിൽ വ്യാപക പ്രതിഷേധം ഉയർന്നതിനെതുടർന്ന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും മാപ്പുമായി രംഗത്തെത്തി. ദുരന്തമറിഞ്ഞിട്ടും സ്വീകരണപരിപാടി തുടർന്നതിലും വിമർശംഉയർന്നു.









0 comments