മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിയെ പുറത്താക്കി , കമീഷണർ അടക്കം 5 പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ
ആര്‍സിബി ആഘോഷ ദുരന്തം ; ഉദ്യോഗസ്ഥരെ ബലിയാടാക്കി

ആര്‍സിബിയുടെയും സ്വകാര്യ ഇവന്റ്മാനേജ്‍മെന്റ് കമ്പനിയുടെയും പ്രതിനിധികളെ അറസ്റ്റുചെയ്തശേഷം കോടതിയിലേക്ക് കൊണ്ടുപോകുന്നു
അനീഷ് ബാലൻ
Published on Jun 07, 2025, 12:00 AM | 1 min read
മംഗളൂരു
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ഐപിഎൽ വിജയാഹ്ലാദപ്രകടനം 11 ജീവൻ അപഹരിച്ച വന്‍ദുരന്തമായതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിയാനുള്ള നീക്കവുമായി കർണാടകത്തിലെ കോൺഗ്രസ് സർക്കാര്‍. മുന്നൊരുക്കമില്ലാതെ പരിപാടി നടത്തരുതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയെ ഉപദേശിച്ചിരുന്നെന്ന് വെളിപ്പെടുത്തിയ പൊളിറ്റക്കൽ സെക്രട്ടറി കെ ഗോവിന്ദരാജിനെ പുറത്താക്കി. ബംഗളൂരു പൊലീസ് കമീഷണർ ബി ദയാനന്ദ, അഡീഷണൽ കമീഷണർ വികാസ് കുമാർ, ഡിസിപി ശേഖർ എച്ച് തെക്കണ്ണാവർ, അസിസ്റ്റന്റ് കമീഷണർ ബാലകൃഷ്‌ണ, സിഐ ഗിരീഷ് എന്നിവരെ സസ്‌പെൻഡ് ചെയ്‌തു. രഹസ്യാന്വേഷണ മേധാവി എഡിജിപി ഹേമന്ദ് നിംബാൽക്കറെ മാറ്റാനും തീരുമാനിച്ചു.
ചൊവ്വ രാത്രി ആരാധകർ തെരുവിൽ ആഘോഷിച്ചതോടെ ബുധൻ പുലർച്ചവരെ പൊലീസുകാർ ഡ്യൂട്ടിയിലായിരുന്നെന്നും പകൽ ആഘോഷ പരിപാടി നടത്തരുതെന്നും ഞായറാഴ്‌ചത്തേക്ക് മാറ്റണമെന്നും പൊലീസ് സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ മുന്നറിയിപ്പ് കാറ്റിൽപ്പറത്തി പരിപാടിയുമായി സർക്കാർ മുന്നോട്ട് പോയതോടെയാണ് ദുരന്തമുണ്ടായത്. സർക്കാർ പ്രതിക്കൂട്ടിലാവുകയും വലിയ വിമർശമുയരുകയും ചെയ്‌തതോടെയാണ് കോൺഗ്രസ് സർക്കാർ ഉദ്യോഗസ്ഥരെ ബലിയാടാക്കുന്നത്.
തിടുക്കപ്പെട്ട് വിജയാഘോഷം നടത്തരുതെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായി വെളിപ്പെടുത്തിയതോടെയാണ് എംഎൽസികൂടിയായ ഗോവിന്ദരാജുവിനെ പൊളിറ്റക്കൽ സെക്രട്ടറി സ്ഥാനത്തുനിന്ന് വെള്ളിയാഴ്‌ച സർക്കാർ പുറത്താക്കിയത്. ആഘോഷത്തിന് രേഖാമൂലം അനുമതി നിഷേധിച്ചില്ലെന്നും പരിപാടി നടന്നപ്പോൾ വേണ്ടത്ര സുരക്ഷ ഒരുക്കിയില്ലെന്നും ആരോപിച്ചാണ് പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി. തന്റെ വാക്കുകൾ വളച്ചൊടിച്ചതാണെന്നും മുഖ്യമന്ത്രിയെ ഉപദേശിക്കാൻ താൻ ആളെല്ലെന്നും പ്രതികരിച്ച് ഗോവിന്ദരാജു രംഗത്ത് വന്നെങ്കിലും കാരണമൊന്നും വെളിപ്പെടുത്താതെയാണ് സർക്കാർ നടപടിയുണ്ടായത്. ഉത്തരവാദിത്വം ശരിയായി നിറവേറ്റിയില്ലെന്ന് പ്രഥമദൃഷ്ട്യാ വ്യക്തമായതിനാലാണ് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡുചെയ്‌തതെന്ന് നടപടിയെ ന്യായീകരിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രതികരിച്ചു.
സർക്കാരിന്റെ വീഴ്‌ച മറച്ചുവയ്ക്കാൻ പൊലീസുകാരെ ബലിയാടുകളാക്കുന്നതിനെതിരെ സേനയ്‌ക്കകത്തും പൊതുജനങ്ങൾക്കിടയിലും അമർഷം ശക്തമാണ്. സംഭവവുമായി ബന്ധപ്പെട്ട് ആർസിബി മാർക്കറ്റിങ് വിഭാഗം മേധാവി നിഖിൽ സോസലെ, ഇവന്റ് മാനേജ്മെന്റ് കമ്പനി ഡിഎൻഎയുടെ വൈസ് പ്രസിഡന്റ് സുനിൽ മാത്യു, കിരൺ, സുമന്ത് എന്നിവരെ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.അതേസമയം കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനെതിരെ എടുത്ത കേസിൽ ഭാരവാഹികളുടെ അറസ്റ്റ് കര്‍ണാടക ഹൈക്കോടതി തടഞ്ഞു.









0 comments