ad
Deshabhimani

print edition ആരാധനാലയ നിയമത്തിന്റെ വ്യാഖ്യാനം: അലഹബാദ്‌ ഹൈക്കോടതി വിധിയിൽ ഗുരുതരപിഴവ്- സിപിഐ എം

cpim
avatar
സ്വന്തം ലേഖകൻ

Published on Jul 06, 2026, 12:00 AM | 1 min read

ന്യൂഡൽഹി: കാശി വിശ്വനാഥ ക്ഷേത്രഇടനാഴി വികസനത്തിന്റെ ഭാഗമായ കുടിയൊഴിപ്പിക്കലുകള്‍ ചോദ്യംചെയ്ത് പ്രദേശവാസികള്‍ നല്കിയ ഹര്‍ജി പരിഗണിക്കെ, ആരാധനാലയ നിയമത്തിന്‌ അലഹബാദ്‌ ഹൈക്കോടതി നൽകിയ വ്യാഖ്യാനം മതനിരപേക്ഷതയും ന്യൂനപക്ഷ അവകാശങ്ങളും അട്ടിമറിക്കുന്നതാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ. ‘പൊതുകാര്യങ്ങൾക്കായി’ മസ്ജിദുകള്‍ ഏറ്റെടുക്കുന്നതിന്‌ 1991ലെ ആരാധനാലയ നിയമം തടസമല്ലെന്ന ഹൈക്കോടതി ഉത്തരവിലെ വ്യാഖ്യാനത്തിൽ ഗുരുതരപിഴവുണ്ട്‌. റോഡിന്‌ വേണ്ടി മസ്ജിദ് പൊളിക്കുന്പോൾ അതിന്റെ മതപരമായ സ്വഭാവമാണ്‌ ഇല്ലാതാകുന്നത്‌. ഏറ്റെടുക്കലുകളിലൂടെ മതപരമായ സ്വാഭാവംതന്നെ ഇല്ലാതാക്കപ്പെടുന്ന ഇത്തരം കാര്യങ്ങൾ തടയുകയാണ്‌ ആരാധനാലയനിയമത്തിന്റെ പ്രധാന ഉദ്ദേശ്യം.


ദൽമണ്ടി മേഖലയിൽ തലമുറകളായി കച്ചവടം നടത്തിയിരുന്ന മുസ്ലിങ്ങളാണ്‌ ഹർജിക്കാരിലേറെയും. കൃത്യമായ വാടകക്കരാറുകളുടെയും രേഖകളുടെയും അടിസ്ഥാനത്തിൽ കച്ചവടം നടത്തിയ ഇവരുടെ അവകാശങ്ങൾ ക്രൂരമായി അവഗണിച്ച കോടതി നടപടി ഞെട്ടിപ്പിക്കുന്നതാണ്‌. ഭരണഘടനയുടെ 21ാം അനുച്ഛേദം ഉറപ്പുനൽകുന്ന ജീവിക്കാനുള്ള അവകാശം കൂടിയാണ്‌ കോടതി നിഷേധിച്ചത്‌. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ തൊട്ടടുത്തുള്ള സോണാർഗലി പോലുള്ള സ്ഥലങ്ങൾ ഇത്രയും പേരെ കുടിയൊഴിപ്പിക്കാതെ വികസിപ്പിക്കാമായിരുന്നു. എന്നാല്‍ അതിന്‌ പകരം മുസ്ലിം ഭൂരിപക്ഷ മേഖലയായ ദൽമണ്ടിതന്നെ ഒഴിപ്പിക്കാൻ ഉത്തർപ്രദേശ്‌ സർക്കാർ തീരുമാനിക്കുകയായിരുന്നു. ഇത്തരം നീക്കങ്ങളിലൂടെ ന്യൂനപക്ഷങ്ങളെ പരമാവധി കടന്നാക്രമിച്ച്‌ ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കി മാറ്റുകയാണ്‌ ബിജെപിയുടെയും ആർഎസ്‌എസിന്റെയും അജൻഡ. നിർബന്ധപൂർവം കുടിയിറക്കപ്പെട്ടവർക്ക്‌ നിയമപ്രകാരം മാന്യമായ നഷ്ടപരിഹാരവും പുനഃരധിവാസവും ഉറപ്പാക്കുന്നതിലും കോടതി പരാജയപ്പെട്ടു. ഭോജ്‌ശാല തർക്കം ഉൾപ്പടെ വലിയവിവാദങ്ങൾക്ക്‌ ഇടയാക്കിയിട്ടുള്ള തർക്കങ്ങളിൽ കോടതികൾ പുറപ്പെടുവിക്കാറുള്ള വിധികളുടെ അതേ ശൈലിയുള്ള ഉത്തരവാണ്‌ അലഹബാദ്‌ ഹൈക്കോടതിയും പുറപ്പെടുവിച്ചത്‌. പാവപ്പെട്ടവരുടെ ഉപജീവനമാർഗം കൂടി ഇല്ലാതാക്കിയ ഹൈക്കോടതി ഉത്തരവ്‌ സുപ്രീംകോടതി റദ്ദാക്കണമെന്നും പിബി ആവശ്യപ്പെട്ടു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home