Deshabhimani

വീരമണി മുങ്ങി, ഫോണും ഓഫ്; പ്രാങ്ക് കാരണം പൊറുതിമുട്ടിയ ഇൻഫ്ലുവൻസർ

veeramani influencer
വെബ് ഡെസ്ക്

Published on Oct 14, 2026, 11:21 AM | 2 min read

മധുര: തുടർച്ചയായ ഫോൺവിളികളും വീട്ടുപടിക്കൽ കാത്തുനിൽക്കുന്ന ഡെലിവറി ജീവനക്കാരും. ഒടുവിൽ ശല്യം സഹിക്കവയ്യാതെ ഫോണും ഓഫാക്കി വീടുവിട്ടിറങ്ങിയിരിക്കുകയാണ് തമിഴ്നാട്ടിൽ നിന്നുള്ള ഇൻഫ്ലുവൻസർ വീരമണി. ദീപാവലിക്ക് ഒരു പെട്ടി മധുരപലഹാരം കിട്ടിയാൽ കൊള്ളാമെന്ന് മാത്രമായിരുന്നു വീരമണിയുടെ ആഗ്രഹം. അതിനായി സമൂഹമാധ്യമത്തിൽ സ്വന്തം വിലാസവും പങ്കുവച്ചു. പക്ഷേ മധുരപലഹാരത്തിന് പകരം വീട്ടിലേക്ക് വന്നുതുടങ്ങിയത് ഫ്രിഡ്ജും വാഷിങ് മെഷീനും മൊബൈൽ ഫോണുകളും വിലകൂടിയ ടെലിവിഷനുകളും. എല്ലാം കാഷ് ഓൺ ഡെലിവറി. ഒടുവിൽ സമ്മാനങ്ങൾ വേണ്ടെന്നും ഓർഡറുകൾ നിർത്തണമെന്നും അപേക്ഷിച്ചാണ് ഇയാൾക്ക് വീടുവിട്ടിറങ്ങേണ്ടിവന്നത്.


തമാശ വീഡിയോകളിലൂടെയും പ്രാദേശിക ഭാഷാശൈലിയിലൂടെയും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയനായ വീരമണിക്ക് ആരാധകരുടെ സഹായം ആദ്യമായല്ല ലഭിക്കുന്നത്. മുമ്പ് കേരളം സന്ദർശിക്കണമെന്ന ആഗ്രഹം പങ്കുവച്ച് അദ്ദേഹം സമൂഹമാധ്യമത്തിൽ സഹായം അഭ്യർഥിച്ചിരുന്നു. അന്ന് ആരാധകർ ചേർന്ന് 6,000 രൂപ സമാഹരിച്ചു നൽകി. ആ പണം ഉപയോഗിച്ച് കേരളത്തിലെത്തിയ വീരമണി യാത്രയുടെ റീലുകളും പങ്കുവച്ചു. ആരാധകരുടെ സ്നേഹത്തിൽ വിശ്വാസം തോന്നിയതോടെ ദീപാവലിക്കും ഒരു ചെറിയ അഭ്യർഥന നടത്താൻ തീരുമാനിക്കുകയായിരുന്നു.


ഇത്തവണ പണമൊന്നും വേണ്ട, ഒരു പെട്ടി മധുരപലഹാരം മാത്രം മതി. അതിനായി മധുരയിലെ അനുബനാടി പ്രദേശത്തുള്ള സ്വന്തം വീട്ടുവിലാസവും സമൂഹമാധ്യമത്തിൽ പങ്കുവച്ചു. എന്നാൽ വിലാസം ലഭിച്ച ചിലർ സമ്മാനം അയയ്ക്കുന്നതിനു പകരം വീരമണിയെ പറ്റിക്കാൻ തീരുമാനിച്ചു. ആമസോണിലും ഫ്ലിപ്കാർട്ടിലും അദ്ദേഹത്തിന്റെ പേരിൽ ഓർഡറുകൾ നൽകി. പണമടയ്ക്കേണ്ടത് സാധനം കൈപ്പറ്റുമ്പോൾ മാത്രം.


ആദ്യമെത്തിയ ഡെലിവറി ജീവനക്കാരനോട് താൻ ഒന്നും ഓർഡർ ചെയ്തിട്ടില്ലെന്ന് പറഞ്ഞെങ്കിലും പിന്നാലെ കൂടുതൽ പേർ എത്തിത്തുടങ്ങി. ഫ്രിഡ്ജ്, വാഷിങ് മെഷീൻ, സ്മാർട്ട്ഫോൺ, ടെലിവിഷൻ എന്നിങ്ങനെ സാധനങ്ങളുടെ നിര നീണ്ടു. ഇതിൽ ഒരു ടെലിവിഷന്റെ വില മാത്രം 1.69 ലക്ഷം രൂപയായിരുന്നു. സാധനങ്ങൾ വാങ്ങാനുള്ള പണമോ ഓർഡറുകൾ സ്വീകരിക്കാൻ ആവശ്യമായ ഒടിപിയോ വീരമണിയുടെ പക്കലുണ്ടായിരുന്നില്ല.


ഇതോടെ സമൂഹമാധ്യമത്തിൽ വീഡിയോയുമായി വീരമണി വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത്തവണ സമ്മാനം ചോദിക്കാനായിരുന്നില്ല, സമ്മാനമെന്ന പേരിലുള്ള ശല്യം അവസാനിപ്പിക്കണമെന്ന് അപേക്ഷിക്കാനായിരുന്നു. കാലുപിടിച്ച് അപേക്ഷിക്കുകയാണ്, ദയവായി ഇനി ഓർഡറുകൾ നൽകരുതെന്നായിരുന്നു അദ്ദേഹത്തിന്റെ അഭ്യർഥന. ഫോൺ ഓണാക്കിയാലും ഓഫാക്കിയാലും പ്രശ്നമാണെന്നും വീരമണി പറഞ്ഞു.


എന്നാൽ ഇലക്ട്രോണിക് സാധനങ്ങളിൽ മാത്രം ഒതുങ്ങിയില്ല തമാശ. സ്വിഗ്ഗി, സൊമാറ്റോ ഡെലിവറി ജീവനക്കാരും തുടർച്ചയായി ഭക്ഷണവുമായി വീട്ടിലെത്തിയെന്ന് അയൽക്കാർ പറയുന്നു.


ഇതിനിടയിൽ ജെസിബി യന്ത്രവും 70 കോടി രൂപ വിലവരുന്ന സൈനിക ടാങ്കും ഓർഡർ ചെയ്തതായുള്ള സ്ക്രീൻഷോട്ടുകളും പ്രചരിച്ചു. എന്നാൽ ഇവ യഥാർഥ ഓർഡറുകളല്ല, സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ച സാങ്കൽപ്പിക ഓർഡർ ചിത്രങ്ങളായിരുന്നു.


ഇതിലും അവസാനിച്ചില്ല. വൃക്കദാനവുമായി ബന്ധപ്പെട്ട് ആരോ വീരമണിയുടെ ഫോൺ നമ്പർ പ്രചരിപ്പിച്ചതോടെ അവയവദാനത്തെക്കുറിച്ചുള്ള അന്വേഷണങ്ങളും ഫോണിലേക്ക് എത്തിത്തുടങ്ങി. വീട്ടുവാതിൽക്കൽ ഡെലിവറി ജീവനക്കാരും ഫോണിൽ അപരിചിതരുടെ വിളികളും തുടർന്നതോടെ പുറത്തിറങ്ങാൻ പോലും കഴിയാത്ത സാഹചര്യമാണെന്ന് വീരമണി പറഞ്ഞു.


ഒടുവിൽ നിരന്തരമായ ശല്യം സഹിക്കാനാകാതെ വീരമണി വീടുവിട്ടുപോയെന്നാണ് റിപ്പോർട്ട്. ഡെലിവറികൾ തുടർന്നതോടെ അദ്ദേഹം താമസം മാറ്റിയെന്നാണ് അയൽക്കാർ പറഞ്ഞത്. ബസിൽ യാത്ര ചെയ്യുന്ന വീഡിയോ പിന്നീട് പുറത്തുവന്നെങ്കിലും എവിടേക്കാണ് പോയതെന്ന് വ്യക്തമായിട്ടില്ല. പരസ്യപ്പെടുത്തിയിരുന്ന ഫോൺ നമ്പറിലേക്കുള്ള കോളുകളും തടഞ്ഞിരിക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home