പവർക്കട്ട്: ജനങ്ങൾ ആകെ ചോദിക്കുന്നത് ഈ ദുരിതം എന്ന് തീരുമെന്നാണ്- പിണറായി വിജയൻ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ആസൂത്രണപ്പിഴവിൽ കേരളത്തിൽ പവർക്കട്ട് ഏർപ്പെടുത്തിയതിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പവർക്കട്ടിന്റെ പ്രയാസം കേരളത്തിലെ എല്ലാവരും അനുഭവിക്കുകയാണ്. ഈ ദുരിതം എന്ന് തീരുമെന്നാണ് ജനങ്ങൾ ആകെ ചോദിക്കുന്നതെന്നും പിണറായി വിജയൻ നിയമസഭയിൽ പറഞ്ഞു.
വൈദ്യുതി പ്രതിസന്ധി ഇത്രമേൽ കൂടാൻ കാരണം സർക്കാരിന്റെ കഴിവുകേടും കെടു കാര്യസ്ഥതയുമാണ്. എന്നാൽ കഴിഞ്ഞ സർക്കാരിന്റെ തലയിൽ കുറ്റം മുഴുവൻ ചാരി രക്ഷപ്പെടാനാണ് ശ്രമം. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ കരാർ എൽഡിഎഫ് സർക്കാർ റദ്ദാക്കി എന്നത് ശുദ്ധ നുണയാണ്. എൽഡിഎഫ് സർക്കാർ ആ കരാർ റദ്ദാക്കിയിട്ടില്ല. കരാറിന്റെ അപാകതകൾ എൽഡിഎഫ് ചൂണ്ടിക്കാട്ടിയിരുന്നു. 2016ൽ എൽഡിഎഫ് അധികാരത്തിൽ വന്നപ്പോൾ കരാർ പ്രകാരം വൈദ്യുതി വാങ്ങുകയാണ് ചെയ്തത്.
ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് അധികവില നൽകി വൈദ്യുതി വാങ്ങാനുള്ള ദീർഘകാല കരാർ അതേ സർക്കാർ നിയമിച്ച വൈദ്യുതി റെഗുലേറ്ററി കമീഷൻ പിന്നീട് റദ്ദാക്കുകയായിരുന്നു. കൃത്യമായ മാനദണ്ഡം പാലിച്ചു കരാറിൽ ഏർപ്പെട്ടിരുന്നെങ്കിൽ കമീഷന് ഇടപെടാൻ സാധിക്കില്ലായിരുന്നു. ആ വീഴ്ച ഉണ്ടായത് യുഡിഎഫ് സർക്കാരിന്റെ കാലത്താണ്. എൽഡിഎഫ് സർക്കാരിൻറെ കാലത്തും വൈദ്യുതി പ്രതിസന്ധി ഗുരുതരമായിരുന്നു. പക്ഷേ ഒരു ഘട്ടത്തിൽ പവർകട്ട് ഏർപ്പെടുത്തേണ്ടി വന്നിട്ടില്ലെന്നും പിണറായി വിജയൻ പറഞ്ഞു.








0 comments