എൽജിബിടിക്യു ആക്ടിവിസ്റ്റ് മാഡ് സന്ധുവിന്റെ കൊലപാതകം; മുഖ്യപ്രതി പിടിയിൽ, മൂന്ന് തോക്കുകൾ കണ്ടെടുത്തു

മാഡ് സന്ധു
ന്യൂഡൽഹി: പഞ്ചാബിലെ പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റും എൽജിബിടിക്യു ആക്ടിവിസ്റ്റുമായ മാഡ് സന്ധു കൊല്ലപ്പെട്ട കേസിൽ നിർണായക അറസ്റ്റ്. മുഖ്യപ്രതി ജോബൻപ്രീതിനെ മുംബൈയിൽനിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയിൽനിന്ന് മൂന്ന് പിസ്റ്റളുകളും അഞ്ച് മാഗസിനുകളും 11 വെടിയുണ്ടകളും കണ്ടെടുത്തു. പഞ്ചാബ് പൊലീസിന്റെ ജലന്ധർ കൗണ്ടർ ഇന്റലിജൻസ് വിഭാഗവും മുംബൈ ഭീകരവിരുദ്ധ സേനയും (എടിഎസ്) സംയുക്തമായി നടത്തിയ നീക്കത്തിലാണ് അറസ്റ്റ്.
കൊലപാതകത്തിന് പിന്നിൽ വിദേശത്തുനിന്ന് പ്രവർത്തിക്കുന്ന സംഘങ്ങൾക്ക് പങ്കുണ്ടെന്ന സംശയത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. വിദേശത്തുള്ളവരുടെ നിർദേശപ്രകാരം കൊലയാളികൾക്ക് ആയുധങ്ങൾ എത്തിച്ചുനൽകുന്നതിലും സാമ്പത്തിക സഹായവും മറ്റ് സൗകര്യങ്ങളും ഒരുക്കുന്നതിലും ജോബൻപ്രീത് പങ്കുവഹിച്ചതായാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. പഞ്ചാബിലെ തർൺ താരൺ ജില്ലയിൽ പണം തട്ടിയെടുക്കാനുള്ള ഭീഷണിയുമായി ബന്ധപ്പെട്ട മൂന്ന് വെടിവയ്പ് സംഭവങ്ങളിൽ പങ്കുണ്ടെന്ന് പ്രതി സമ്മതിച്ചതായും പൊലീസ് അറിയിച്ചു.
അമൃത്സറിൽ ബൈക്കിലെത്തിയ രണ്ടുപേർ വെടിയുതിർത്താണ് മാഡ് സന്ധുവിനെ കൊലപ്പെടുത്തിയത്. വെടിയേറ്റ സന്ധുവിനെ രക്തത്തിൽ കുളിച്ച നിലയിൽ റോഡിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഗോൾഡി ധില്ലൺ എന്ന പേരിലുള്ള ഫേസ്ബുക്ക് അക്കൗണ്ടിൽനിന്ന് കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. സന്ധു പഞ്ചാബിനെ മോശമാക്കിയെന്ന ആരോപണവും പോസ്റ്റിലുണ്ടായിരുന്നു.
മധുസൂദൻ എന്നായിരുന്നു മാഡ് സന്ധുവിന്റെ യഥാർഥ പേര്. മേക്കപ്പ് ആർട്ടിസ്റ്റായും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായും ശ്രദ്ധേയനായ സന്ധു എൽജിബിടിക്യു വിഷയങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. മേക്കപ്പ്, സിനിമാരംഗം, ലിംഗസംബന്ധമായ വിഷയങ്ങൾ എന്നിവയെക്കുറിച്ച് നിരവധി പോഡ്കാസ്റ്റുകളിലും പങ്കെടുത്തിട്ടുണ്ട്. സമൂഹമാധ്യമങ്ങളിൽ സ്വവർഗാനുരാഗവിരുദ്ധ അധിക്ഷേപങ്ങളും പരിഹാസങ്ങളും നിരന്തരം നേരിട്ടിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം.








0 comments