'വാപ്പ നോക്കിക്കോളും' എന്നത് വാപ്പയോടുള്ള വിശ്വാസപ്രകടനം മാത്രമല്ല; പൊലീസ് നടപടികളെ ചോദ്യം ചെയ്ത് പിണറായി വിജയൻ

തിരുവനന്തപുരം: നെടുമ്പാശേരിയിൽ മിനി കൂപ്പർ കാറിടിച്ച് മൂന്ന് യുവാക്കൾ മരിച്ച സംഭവത്തിൽ പ്രതി നടത്തിയ പ്രതികരണം മകന് പിതാവിനോടുള്ള വിശ്വാസപ്രകടനമായി മാത്രം കാണേണ്ടതല്ലെന്ന് പിണറായി വിജയൻ. അപകടത്തിന് പിന്നാലെ 'എന്റെ വാപ്പ നോക്കിക്കോളും, എനിക്ക് ഭയമില്ല' എന്ന് പ്രതി പറഞ്ഞതിന് പിന്നിലെ ആത്മവിശ്വാസത്തെ ഗൗരവമായി കാണണം. പ്രതിയുടെ പേര് എഫ്ഐആറിൽ രേഖപ്പെടുത്താത്തതും മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട വകുപ്പ് ഉൾപ്പെടുത്താത്തതും ഉൾപ്പെടെയുള്ള പൊലീസ് നടപടികളെ നിയമസഭയിൽ പിണറായി വിജയൻ ചോദ്യം ചെയ്തു. അന്വേഷണത്തിലെ വീഴ്ചകൾ കേസ് ദുർബലമാക്കുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു.
സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച സംഭവമാണ് ഒക്ടോബർ 11ന് പുലർച്ചെ നെടുമ്പാശ്ശേരിയിലുണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. 'അമിതവേഗത്തിലെത്തിയ മിനി കൂപ്പർ കാർ സ്കൂട്ടറിന് പിന്നിലിടിച്ചാണ് മൂന്ന് യുവാക്കൾ കൊല്ലപ്പെട്ടത്. അപകടത്തിന് പിന്നാലെ നാട്ടുകാർ പ്രതിയായ പത്തൊൻപതുകാരനെ പിടികൂടി പൊലീസിന് കൈമാറി. ഈ സമയത്താണ് 'എന്റെ വാപ്പ നോക്കിക്കോളും, എനിക്ക് ഭയമില്ല' എന്ന പ്രതികരണം പ്രതിയിൽനിന്നുണ്ടായത്. ഇത് പിതാവിനോടുള്ള മകന്റെ വിശ്വാസത്തിന്റെ ഭാഗമായുള്ള പ്രതികരണം മാത്രമായി കാണേണ്ടതല്ല.'
അപകടസമയത്ത് യുവാവ് കടുത്ത മദ്യലഹരിയിലായിരുന്നുവെന്നാണ് സംഭവസ്ഥലത്തുണ്ടായിരുന്നവർ പറയുന്നത്. നേരെ നിൽക്കാൻ പോലും പ്രയാസപ്പെടുന്ന അവസ്ഥയിലായിരുന്നു പ്രതിയെന്നും ദൃക്സാക്ഷികൾ വ്യക്തമാക്കിയിട്ടുണ്ട്. പത്തൊൻപതുകാരൻ മൂന്ന് ബാറുകളിൽ കയറി മദ്യപിച്ചതായും വാർത്തകളുണ്ട്. ഈ സാഹചര്യത്തിൽ മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട തെളിവുകൾ കൃത്യമായി ശേഖരിച്ചിട്ടുണ്ടോയെന്നത് അതീവ ഗൗരവത്തോടെ പരിശോധിക്കണമെന്ന് പിണറായി വിജയൻ ആവശ്യപ്പെട്ടു.
എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിലുണ്ടായ കാലതാമസവും അദ്ദേഹം ചൂണ്ടിക്കാട്ടി. 'അപകടം നടന്നയുടൻ നാട്ടുകാർ പ്രതിയെ പൊലീസിൽ ഏൽപ്പിച്ചതാണ്. പുലർച്ചെ 1.45നാണ് അപകടം നടന്നത്. എന്നാൽ പുലർച്ചെ നാലുമണിക്കാണ് വിവരം ലഭിച്ചതെന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. തുടർന്ന് മൂന്ന് മണിക്കൂറോളം കഴിഞ്ഞ് രാവിലെ 6.59നാണ് ജനറൽ ഡയറി എൻട്രിയും എഫ്ഐആർ രജിസ്ട്രേഷനും നടന്നത്. പ്രതിയെ നാട്ടുകാർ നേരത്തേ തന്നെ പൊലീസിന് കൈമാറിയിട്ടും രാവിലെ പത്തുമണിക്ക് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.'
ഇത്രയും സമയമെടുത്തിട്ടും എഫ്ഐആറിലെ പ്രതിയുടെ പേരിന്റെ സ്ഥാനത്ത് കാർ ഡ്രൈവർ എന്നുമാത്രം രേഖപ്പെടുത്തിയിരിക്കുന്നതും വിലാസം അജ്ഞാതമെന്ന് കാണിച്ചിരിക്കുന്നതും സംശയങ്ങൾക്ക് ഇടയാക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. നേരത്തേ തന്നെ പൊലീസ് കസ്റ്റഡിയിലുള്ള പ്രതിയുടെ പേര് ആദ്യ രേഖയിൽ ഉൾപ്പെടുത്താതിരുന്നത് എന്തുകൊണ്ടാണെന്നും പ്രതിയെ മാറ്റാനുള്ള ശ്രമമുണ്ടായിരുന്നോ എന്ന തരത്തിലുള്ള സംശയങ്ങൾ ഉയരാൻ ഇത്തരം നടപടികൾ കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മദ്യലഹരിയിലുള്ള ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്താൽ ഉടൻ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കേണ്ടതല്ലേയെന്നും പിണറായി വിജയൻ ചോദിച്ചു. ഈ കേസിൽ കൃത്യസമയത്ത് വൈദ്യപരിശോധന നടത്തിയിട്ടില്ലെന്ന വിവരങ്ങളുണ്ട്. ഇത് ആഭ്യന്തരമന്ത്രിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. മദ്യപിച്ച് വാഹനമോടിക്കുന്നതിനുള്ള മോട്ടോർ വാഹന നിയമത്തിലെ 185-ാം വകുപ്പ് എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. പകരം ഭാരതീയ ന്യായ സംഹിതയിലെ 105-ാം വകുപ്പ് മാത്രമാണ് ചേർത്തിരിക്കുന്നത്. സംഭവത്തിന്റെ ഗൗരവത്തിന് അനുസരിച്ചുള്ള നടപടികളാണോ പൊലീസ് സ്വീകരിച്ചതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
23 വയസ്സിൽ താഴെയുള്ള യുവാവിന് മദ്യം നൽകിയ മൂന്ന് ബാറുകൾക്കെതിരെ എക്സൈസ് വകുപ്പ് നടപടി സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ബാറുകൾക്കെതിരെ നടപടിയെടുത്തതുകൊണ്ടുമാത്രം മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം കോടതിയിൽ തെളിയിക്കാനാകില്ല. അതിന് പ്രതി മദ്യപിച്ചിരുന്നുവെന്ന് ശാസ്ത്രീയമായി തെളിയിക്കേണ്ടതുണ്ട്. കൃത്യസമയത്ത് വൈദ്യപരിശോധന നടത്തിയിട്ടുണ്ടോയെന്നതും പരിശോധനാഫലങ്ങളും നിർണായകമാണ്. ആവശ്യമായ തെളിവുകൾ ശേഖരിക്കുന്നതിൽ വീഴ്ചയുണ്ടായാൽ കേസ് ദുർബലമാകാൻ ഇടയുണ്ടെന്നും പിണറായി വിജയൻ ചൂണ്ടിക്കാട്ടി.
പ്രതിയെ കാക്കനാട്ടെ ബോസ്റ്റൽ സ്കൂളിൽ പാർപ്പിച്ചിരിക്കുന്ന വിഷയവും അദ്ദേഹം നിയമസഭയിൽ ഉന്നയിച്ചു. നേരത്തെ മുത്തച്ഛനെ കൊലപ്പെടുത്തിയ പ്രായപൂർത്തിയാകാത്തവർ ഉൾപ്പെട്ട കേസിനെ തുടർന്ന് ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് പ്രായത്തിന്റെ അടിസ്ഥാനത്തിലുള്ള ഇത്തരം ആനുകൂല്യങ്ങൾ നൽകുന്നതിനെക്കുറിച്ച് സമൂഹത്തിൽ ചർച്ചകൾ ഉയർന്നിരുന്നുവെന്ന് അദ്ദേഹം ഓർമിപ്പിച്ചു. അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് ഇത്തരം നിയമപരമായ ആനുകൂല്യങ്ങൾ നൽകുന്നതിലെ പ്രശ്നങ്ങൾ ഗൗരവമായി ആലോചിക്കേണ്ട വിഷയമാണെന്നും പിണറായി വിജയൻ പറഞ്ഞു.









0 comments