Deshabhimani

എയർ ഇന്ത്യക്ക് ബോംബ് ഭീഷണി: ഫ്രാങ്ക്ഫർട്ട് - ഡൽഹി വിമാനം അടിയന്തരമായി ജയ്പൂരിൽ ഇറക്കി

airindia
വെബ് ഡെസ്ക്

Published on Oct 14, 2026, 12:29 PM | 1 min read

ജയ്പൂർ: ജർമനിയിലെ ഫ്രാങ്ക്ഫർട്ടിൽ നിന്ന് ഡൽഹിയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് വിമാനം രാജസ്ഥാനിലെ ജയ്പൂർ വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. എഐ 2030 ബോയിംഗ് 787 ഡ്രീംലൈനർ വിമാനമാണ് സുരക്ഷിതമായി നിലത്തിറക്കിയത്.


വിമാനത്തിലുണ്ടായിരുന്ന 306 യാത്രക്കാരും ക്രൂ അംഗങ്ങളും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം എയർ ഇന്ത്യ വിമാനത്തിന് നേരെയുണ്ടായത് വ്യാജ ബോംബ് ഭീഷണിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്. ബുധനാഴ്ച രാവിലെ ഒമ്പതോടെയാണ് സംഭവങ്ങളുടെ തുടക്കം.


അഹമ്മദാബാദ് എയർ ട്രാഫിക് കൺട്രോളിലേക്ക് വിമാനത്തിൽ നിന്ന് അടിയന്തര സിഗ്നൽ ലഭിക്കുകയായിരുന്നു. വിമാനം തട്ടിയെടുക്കപ്പെടുകയോ സമാനമായ ഗുരുതര സാഹചര്യമോ നേരിടുമ്പോൾ നൽകുന്ന 'സ്ക്വാക്ക് 7500' കോഡാണ് പൈലറ്റ് നൽകിയത്. ഇതോടെ സുരക്ഷാ ഏജൻസികൾ ഉടനടി ജാഗ്രതാ നിർദേശം നൽകി.


തുടർന്ന് മുൻകരുതൽ നടപടിയെന്ന നിലയിൽ വിമാനം ഡൽഹിയിൽ നിന്ന് 280 കിലോമീറ്റർ അകലെയുള്ള ജയ്പൂരിലേക്ക് തിരിച്ചുവിടാൻ തീരുമാനിക്കുകയായിരുന്നു. രാവിലെ 9.45 ഓടെ ജയ്പൂരിലിറക്കിയ വിമാനം സുരക്ഷാ പ്രോട്ടോക്കോൾ അനുസരിച്ച് ഐസൊലേഷൻ ബേയിലേക്ക് മാറ്റി.


സുരക്ഷാ ഏജൻസികളുടെ മേൽനോട്ടത്തിൽ വിമാനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കി. പരിശോധനകൾ പൂർത്തിയാക്കി ഭീഷണി വ്യാജമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് യാത്രക്കാരെ പുറത്തിറക്കി ടെർമിനൽ കെട്ടിടത്തിലേക്ക് മാറ്റിയത്. യാത്രക്കാർക്ക് യാതൊരുവിധ ആശങ്കയും വേണ്ടെന്നും, സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജർ അനുസരിച്ച് ഇവർക്ക് ലക്ഷ്യസ്ഥാനത്ത് എത്തിച്ചേരാനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്നും ജയ്പൂർ എയർപോർട്ട് ഡയറക്ടർ ചരൺ സിംഗ് വ്യക്തമാക്കി. യാത്രക്കാർക്ക് മറ്റ് വിമാനങ്ങളിൽ ടിക്കറ്റ് റീഷെഡ്യൂൾ ചെയ്യാനോ മുഴുവൻ തുകയും റീഫണ്ടായി വാങ്ങാനോ ഉള്ള സൗകര്യം എയർ ഇന്ത്യ നൽകിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home