'തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യത തകർന്നാൽ അപകടത്തിലാകുന്നത് രാജ്യത്തെ ജനാധിപത്യം': ജസ്റ്റിസ് കുര്യൻ ജോസഫ്

കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും തകർന്നാൽ രാജ്യത്തെ ജനാധിപത്യം തന്നെയാണ് അപകടത്തിലാകുന്നതെന്ന് മുൻ സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്രമായ പ്രവർത്തനം ഉറപ്പാക്കാൻ ഭരണഘടനയിൽ തന്നെ വ്യക്തമായ സുരക്ഷാ വ്യവസ്ഥകൾ ഉണ്ടാകണമെന്നും, അതിനായി വെറുമൊരു പാർലമെന്റ് നിയമം മാത്രം പോരെന്നും അദ്ദേഹം പറഞ്ഞു.
ഭരണഘടന നൽകുന്ന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാത്തവർ ഭരിക്കുമ്പോൾ ജനാധിപത്യം തകരുകയല്ലേ ചെയ്യുന്നത് എന്ന് ചോദിച്ച ജസ്റ്റിസ് കുര്യൻ ജോസഫ്, രാജ്യത്തെ ജനാധിപത്യത്തെ സംരക്ഷിക്കാൻ ജനങ്ങൾ തന്നെ മുന്നോട്ട് വരേണ്ട സമയമാണിതെന്നും വ്യക്തമാക്കി. തെരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിലും സ്ഥാനത്തുനിന്ന് മാറ്റുന്നതിലും ഒരേപോലെയുള്ള നിയമങ്ങൾ വേണമെന്ന് ജസ്റ്റിസ് കുര്യൻ ജോസഫ് ആവശ്യപ്പെട്ടു.
ചീഫ് ഇലക്ഷൻ കമ്മീഷണറെ പുറത്താക്കണമെങ്കിൽ സുപ്രീം കോടതി ജഡ്ജിയെ മാറ്റുന്നതുപോലെ വലിയ പ്രക്രിയ വേണം. എന്നാൽ മറ്റ് കമ്മീഷണർമാരെ മാറ്റാൻ ചീഫ് കമ്മീഷണറുടെ ശുപാർശ മാത്രം മതി. ഈ വിവേചനം ശരിയല്ല. വ്യക്തിയല്ല, സ്ഥാപനമാണ് പ്രധാനം. ചീഫ് കമ്മീഷണർ മറ്റ് കമ്മീഷണർമാർക്കിടയിലെ 'ഒരാൾ' മാത്രമാണ്. ഇവിടെ അധികാരങ്ങൾ വ്യക്തിയിലല്ല, കമ്മീഷൻ എന്ന സ്ഥാപനത്തിലാണ് കേന്ദ്രീകരിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ അധികാരങ്ങളും കേന്ദ്രീകരിച്ചു നിൽക്കുന്നത് ജനാധിപത്യത്തിന് നല്ലതല്ല. കേന്ദ്രീകൃത അധികാരം ദുർവിനിയോഗം ചെയ്യപ്പെടാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് ജനങ്ങളുടെ നിരന്തരമായ ജാഗ്രതയാണ്, ഭരണഘടനാ സ്ഥാപനങ്ങളെയും ജനാധിപത്യത്തെയും കാത്തുസൂക്ഷിക്കാൻ ഏറ്റവും ആവശ്യമെന്നും അദ്ദേഹം കൂട്ടിചേർത്തു.
കേന്ദ്ര ഭരണാധികാരികളുടെ സ്വാധീനത്തിന് വഴങ്ങുന്ന ആളുകളെ കമ്മീഷണർമാരായി നിയമിക്കുന്നത് അപകടമാണെന്ന് ഭരണഘടനാ നിർമാണ വേളയിൽ ഡോ. ബി ആർ അംബേദ്കറും ഹൃദയ് നാഥ് കുൻസ്രുവും മുന്നറിയിപ്പ് നൽകിയിരുന്ന കാര്യം അദ്ദേഹം ഓർമിപ്പിച്ചു. ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് (ഐഎഎൽ) കേരള ഘടകം സംഘടിപ്പിച്ച സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.









0 comments