Deshabhimani

കുവൈത്ത് വിമാനത്താവളത്തിലെ ടി1 ടെർമിനൽ നവംബറിൽ തുറക്കും

Kuwait International
വെബ് ഡെസ്ക്

Published on Oct 14, 2026, 11:33 AM | 1 min read

കുവൈത്ത് സിറ്റി: സൗദി സൂപ്പർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന് മുന്നോടിയായി കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒന്നാം ടെർമിനൽ (ടി1) നവംബറിൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹ് അറിയിച്ചു.


ജാബർ അൽ അഹ-്‌മദ് അന്താരാഷ-്‌ട്ര സ്റ്റേഡിയത്തിൽ ടൂർണമെന്റിന്റെ സർക്കാർ പങ്കാളിത്ത സ്‌പോൺസർഷിപ്പ് കരാറിൽ കായിക പൊതുഅതോറിറ്റി ഒപ്പുവെച്ചശേഷം തിങ്കളാഴ്‌ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ​സൗദി സൂപ്പർ കപ്പിന്റെ 13–ാം പതിപ്പ് ഡിസംബർ 19 മുതൽ 23 വരെ ജാബർ അൽ അഹ-്‌മദ് അന്താരാഷ-്‌ട്ര സ്റ്റേഡിയത്തിൽ നടക്കും. അൽ നസർ, അൽ അഹ്‌ലി, അൽ ഖാദിസിയ, അൽ ഖുലൂദ് എന്നീ നാല് ക്ലബ്ബുകളാണ് പങ്കെടുക്കുന്നത്. സെമിഫൈനൽ മത്സരങ്ങൾ ഡിസംബർ 19, 20 തീയതികളിലും ഫൈനൽ ഡിസംബർ 23നും നടക്കും.


​സൗദിയിൽനിന്നുള്ള ആരാധകരുടെ വരവ് സുഗമമാക്കാൻ ആഭ്യന്തര മന്ത്രാലയം വിവിധ ഒരുക്കങ്ങൾ നടത്തിയതായി മന്ത്രി പറഞ്ഞു. നുവൈസീബ് അതിർത്തി കവാടത്തിൽ യാത്രക്കാരുടെ പ്രവേശന നടപടികൾ പൂർത്തിയാക്കുന്നതിനുള്ള കൗണ്ടറുകളുടെ എണ്ണം 20 ആയി ഉയർത്തും. ​ടൂർണമെന്റിൽ പങ്കെടുക്കുന്ന താരങ്ങളെയും ടീം ഉദ്യോഗസ്ഥരെയും വിമാനത്താവളത്തിലെ ബയോമെട്രിക് വിരലടയാള നടപടികളിൽനിന്ന് ഒഴിവാക്കും. ഇവരുടെ പ്രവേശനവും മടക്കയാത്രയും സുഗമമാക്കാൻ പ്രത്യേക തിരിച്ചറിയൽ കാർഡുകളും നൽകും. കായികമേഖലയുടെ വികസനത്തിനൊപ്പം കായിക വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനും കൂടുതൽ ആരാധകരെ രാജ്യത്തേക്ക് ആകർഷിക്കാനും ഇതിലൂടെ ലക്ഷ്യമിടുന്നു.


​കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള ചരിത്രപരമായ സൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതിഫലനമാണ് ടൂർണമെന്റിന്റെ ആതിഥേയത്വമെന്നും അതോറിറ്റി ചൂണ്ടിക്കാട്ടി. ഇരുരാജ്യങ്ങളും തമ്മിലുള്ള കായിക സഹകരണം ശക്തിപ്പെടുത്താനും പ്രധാന കായികമേളകളുടെ കേന്ദ്രമായി കുവൈത്തിനെ വളർത്താനും സഹായിക്കുന്ന പരിപാടികൾക്ക് പിന്തുണ തുടരുമെന്നും പ്രസ്താവനയിൽ അറിയിച്ചു.





Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home