പ്രതിരോധ രഹസ്യങ്ങൾ ചികഞ്ഞു; ജപ്പാനിൽ നിന്നുള്ള മാധ്യമ പ്രവര്ത്തകനെ തടവിലാക്കി റഷ്യ

മോസ്കോ:രാജ്യത്തെ പ്രതിരോധ സംവിധാനങ്ങളുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ ചോര്ത്തിയതായുള്ള ആരോപണത്തിൽ ജപ്പാനിൽ നിന്നുള്ള മാധ്യമ പ്രവര്ത്തകനെ റഷ്യ തടവിലാക്കി. ജപ്പാനിലെ ഹൊക്കൈഡോ ഷിംബുൻ എന്ന മാധ്യമത്തിന് വേണ്ടി ജോലി ചെയ്യുന്ന വ്യക്തിയാണ്. സഖാലിൽ ദ്വീപിൽ വെച്ചായുരുന്നു അറസ്റ്റ് എന്ന് റഷ്യയുടെ ഫെഡറൽ സെക്യൂരിറ്റി സർവീസ് അറിയിച്ചു.
റഷ്യയും ജപ്പാനും തമ്മിലുള്ള ബന്ധം വഷളാവുന്നതിനിടെയാണ് സംഭവം. റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ കഴിഞ്ഞ മാസം തര്ക്കത്തിൽ തുടരുന്ന കുരിൽ ദ്വീപ് സമൂഹം സന്ദര്ശിച്ചിരുന്നു. ഇതിന് ശേഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായിരിക്കയാണ്. അറസ്റ്റിന്റെ ദൃശ്യങ്ങൾ ഏജൻസി പുറത്തു വിട്ടു. ഹോട്ടലിൽ വെച്ച് മുഖം മൂടി അണിയിച്ചാണ് മാധ്യമ പ്രവര്ത്തകനെ കൊണ്ടു പോകുന്നത്. കോടതിയിൽ ഹാജരാക്കിയ ഇദ്ദേഹത്തെ രണ്ടു മാസം കസ്റ്റഡിയിൽ സൂക്ഷിക്കാൻ ഉത്തരവ് നൽകി.
കുരിൽ ദ്വീപിൽ തുടങ്ങിയ തര്ക്കം
റഷ്യയും ജപ്പാനും തമ്മിലുള്ള സംഘർഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്നാണ് കുരിൽ ദ്വീപുകളുടെ ഉടമസ്ഥാവകാശ തർക്കം. പസഫിക് സമുദ്രത്തിലെ ഈ ദ്വീപ്സമൂഹത്തിന്റെ തെക്കേ അറ്റത്തുള്ള നാല് ദ്വീപുകളെ ജപ്പാൻ 'നോർത്തേൺ ടെറിട്ടറീസ്' എന്നാണ് വിളിക്കുന്നത്. ഈ പ്രദേശങ്ങൾ റഷ്യയുടെ നിയന്ത്രണത്തിലാണ്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന ദിവസങ്ങളിൽ സോവിയറ്റ് യൂണിയൻ കുരിൽ ദ്വീപുകൾ കൈവശപ്പെടുത്തി. ഇതോടെയാണ് ഇന്നത്തെ തര്ക്കത്തിന് തുടക്കം. യുദ്ധാനന്തര കാലം മുതൽ തുടരുന്ന ഈ അഭിപ്രായവ്യത്യാസം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ദീർഘകാലമായി ബാധിക്കുന്നു.
ഈ പ്രദേശത്തെ തുടര്ന്നുള്ള തര്ക്കം നീളുന്നതിനാൽ ജപ്പാനും റഷ്യയും തമ്മിൽ രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള സമാധാന ഉടമ്പടി ഇതുവരെയും ഔപചാരികമായി ഒപ്പുവെച്ചിട്ടില്ല. 1956 ൽ യുദ്ധം അവസാനിപ്പിച്ചു. സംയുക്ത പ്രസ്താവന പുറത്തിറക്കുകയും ചെയ്തു. എങ്കിലും സമാധാന ഉടമ്പടി കുരിൽ ദ്വീപിൽ കുരുങ്ങി നീണ്ടു. ഇപ്പോൾ തര്ക്കങ്ങൾ വീണ്ടും സജീവമാവുന്ന സാഹചര്യമാണ്.








0 comments