ഐടി മന്ത്രാലയത്തിലെ മുൻ ഡയറക്ടറിൽ നിന്നും ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 1.25 കോടി രൂപ കവർന്നു

ന്യൂഡൽഹി: മുൻ ശാസ്ത്രജ്ഞനിൽ നിന്ന് 1.25 കോടി രൂപ ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ കവർന്നു. സംഭവത്തിൽ കംബോഡിയ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാജ്യാന്തര ഓൺലൈൻ തട്ടിപ്പ് സംഘത്തിലെ 11 പേരെ അറസ്റ്റ് ചെയ്തു. ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ മുൻ ഡയറക്ടറും റിട്ടയേർഡ് ശാസ്ത്രജ്ഞനുമായ പ്രദീപ് കുമാർ ദാസ് (69) ആണ് തട്ടിപ്പിനിരയായത്.
ആഗസ്ത് 14ന് ഡൽഹി പൊലീസ്, ആന്റി ടെററിസം സ്ക്വാഡ് , എൻഐഎ ഉദ്യോഗസ്ഥർ എന്ന വ്യാജേന എത്തിയ സംഘമാണ് ഇയാളെ ബന്ധപ്പെട്ടത്. സാമ്പത്തിക തിരിമറി കേസിൽ തിരിച്ചറിയൽ രേഖകൾ ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്ന് ആരോപിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു.
പണം പരിശോധിക്കാനെന്ന വ്യാജേന ബാങ്ക് വിവരങ്ങൾ കൈക്കലാക്കുകയും തുടർന്ന് 1.25 കോടി രൂപ മൂന്ന് ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിക്കുകയുമായിരുന്നു. വീഡിയോ കോളിലൂടെ നിരന്തരം നിരീക്ഷിച്ച് ഭയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തിയത്.
ഡൽഹി പൊലീസ് നടത്തിയ അന്വേഷണത്തിൽ ദ്വാരകയിലെ ഒരു കേന്ദ്രത്തിൽ നിന്ന് 5 പേരും, ബാങ്ക് അക്കൗണ്ടുകൾ സംഘടിപ്പിച്ചു നൽകിയതുമായി ബന്ധപ്പെട്ട് 6 പേരും ഉൾപ്പെടെ ആകെ 11 പേർ അറസ്റ്റിലായി. വിദേശത്തുള്ള സംഘങ്ങൾക്ക് OTP സ്വയമേ ഫോർവേഡ് ചെയ്യാൻ സാധിക്കുന്ന "SMS Tools" എന്ന ആപ്ലിക്കേഷനും ടെലഗ്രാമും വഴിയാണ് പ്രതികൾ തട്ടിപ്പ് ഏകോപിപ്പിച്ചത്. തട്ടിപ്പിലൂടെ ലഭിക്കുന്ന തുക ക്രിപ്റ്റോ കറൻസിയാക്കി മാറ്റിയാണ് കൈമാറിയിരുന്നത്.
ആന്ധ്രാപ്രദേശിൽ 79 വയസ്സുകാരനിൽ നിന്ന് 10.25 കോടി രൂപ തട്ടിയ കേസുമായും പശ്ചിമ ബംഗാളിലെ മറ്റ് തട്ടിപ്പുകളുമായും ഈ സംഘത്തിന് ബന്ധമുണ്ടെന്ന് തെളിഞ്ഞു. രാജ്യത്താകമാനം 73 കോടി രൂപയുടെ തട്ടിപ്പുമായി ബന്ധപ്പെട്ട 78 പരാതികളിൽ ഈ സംഘത്തിന് പങ്കുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.








0 comments