print edition സർവ മേഖലയിലും വിലക്കയറ്റം


എം അഖിൽ
Published on Nov 14, 2026, 12:57 AM | 1 min read
ന്യൂഡൽഹി: താഴ്‌ന്ന വരുമാനക്കാരുടെയും ഇടത്തരക്കാരുടെയും ജീവിതഭാരം വർധിപ്പിച്ച വിലക്കയറ്റം കൂടുതൽ രൂക്ഷമാകുമെന്ന മുന്നറിയിപ്പാണ് ഒക്ടോബറിലെ ചില്ലറവില സൂചിക നൽകുന്നത്. ഭക്ഷ്യവസ്‌തുക്കളുടെ അസാധാരണ വിലക്കയറ്റത്തോടൊപ്പം വീട്ടുവാടക, വൈദ്യുതി, ആരോഗ്യസേവനം, ഗതാഗതം, വിദ്യാഭ്യാസം, വിമാനയാത്ര, ഇലക്‌ട്രോണിക് ഉപകരണങ്ങൾ, റസ്റ്റോറന്റ് സേവനങ്ങൾ, തുണിത്തരങ്ങൾ, വിനോദം തുടങ്ങി മിക്ക മേഖലകളിലും വിലക്കയറ്റം പ്രകടം. ഭക്ഷ്യവസ്‌തുക്കളുടെയും ഇന്ധനത്തിന്റെയും വിലയിലെ മാറ്റങ്ങൾ ഒഴിവാക്കിയുള്ള അടിസ്ഥാന വിലക്കയറ്റവും ഉയരുകയാണ്.
മൊത്തം ഉപഭോക്‌തൃ വിലസൂചികയിൽ (സിപിഐ) 36.75 ശതമാനം പങ്കുള്ള ഭക്ഷ്യ വസ്‌തുക്കളുടെയും പാനീയങ്ങളുടെയും വിഭാഗത്തിൽ 8.51 ശതമാനമാണ് വിലക്കയറ്റം. ഇതോടൊപ്പം ഗതാഗതം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലും വിലക്കയറ്റം പ്രകടമാണ്. പെട്രോൾ, ഡീസൽ, വാഹനപരിപാലനം, യാത്രാസേവനങ്ങൾ ഉൾപ്പെടുന്ന ഗതാഗത വിഭാഗത്തിൽ 5.84 ശതമാനം വർധനവുണ്ടായതായി കേന്ദ്ര സ്ഥിതി വിവര കണക്ക് മന്ത്രാലയം റിപ്പോർട്ടിൽ പറയുന്നു.
വിദ്യാഭ്യാസ സേവനങ്ങളുമായി ബന്ധപ്പെട്ട മേഖലയിൽ 4.02 ശതമാനവും വാടക, വൈദ്യുതി, വെള്ളം, പാചകവാതകം തുടങ്ങിയവ ഉൾപ്പെടുന്ന വിഭാഗത്തിൽ 2.90 ശതമാനവും ആരോഗ്യവിഭാഗത്തിൽ 2.05 ശതമാനവുമാണ് വർധന. കഴിഞ്ഞവർഷം ഒക്ടോബറിനെ അപേക്ഷിച്ച് വിമാനായാത്രാ നിരക്കുകൾ 43 ശതമാനം ഉയർന്നു. ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വിലയിലും വർധനവുണ്ടായി.
2026–2027 സാന്പത്തിക വർഷത്തിൽ അടിസ്ഥാന വിലക്കയറ്റം 4.4 ശതമാനമായിരിക്കുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രവചനം. എന്നാൽ, ഒക്ടോബറിൽ അടിസ്ഥാന വിലക്കയറ്റം 4.5 ശതമാനമായി. 2027 ജൂൺ വരെ വിലക്കയറ്റം ആറ് ശതമാനത്തിന് മുകളിൽ തുടരാൻ സാധ്യതയുണ്ടെന്ന് വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു.
വിലക്കയറ്റം നിയന്ത്രിക്കാൻ പലിശനിരക്ക് വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള കടുത്ത നടപടികൾ ആർബിഐയുടെ ഭാഗത്ത് നിന്നുണ്ടായേക്കും.








0 comments