ad
Deshabhimani

വ്യവസായി സി ജെ റോയിയുടെ സംസ്കാരം ഇന്ന്

c j roy
വെബ് ഡെസ്ക്

Published on Feb 01, 2026, 06:38 AM | 2 min read

ബംഗളൂരു : കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി ജെ റോയിയുടെ സംസ്കാരം ഇന്ന്. ബം​ഗളൂരൂ ബന്നാർഘട്ടയില്‍ വൈകിട്ടാണ് സംസ്കാരം. രാവിലെ 9 മുതല്‍ പൊതുദര്‍ശനമുണ്ടായിരിക്കും. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബംഗളൂരു ബോറിങ്‌ ആശുപത്രി മോര്‍ച്ചറിയിലാണ്‌. സി ജെ റോയിയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്‌ ഇന്നലെ പുറത്തുവന്നിരുന്നു. 6.35 എംഎം വെടിയുണ്ട ഹൃദയവും ശ്വാസകോശവും തുളച്ച് ശരീരത്തിന്‌ പുറത്തുപോയി. ശരീരഭാഗങ്ങളുടെയടക്കം സാമ്പിൾ വിശദപരിശോധനയ്‌ക്ക്‌ അയച്ചിട്ടുണ്ട്.


സി ജെ റോയിയുടെ മരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഏജന്‍സിയാണ് പ്രതിസ്ഥാനത്ത്. കോൺഫിഡന്റ്‌ ആസ്ഥാനത്ത്‌ റെയ്‌ഡ്‌ നടത്തിയ ആദായനികുതി വകുപ്പിലെ മലയാളിയായ അഡീഷണൽ കമീഷണർ കൃഷ്‌ണപ്രസാദ്‌ ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യും. കര്‍ണാടക വെസ്റ്റ്‌ സോൺ ജോയിന്റ്‌ കമീഷണർ സി വംശികൃഷ്‌ണയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക അന്വേഷകസംഘമാകും ചോദ്യംചെയ്യുക.


ആദായനികുതി ഉദ്യോ​ഗസ്ഥരുടെ കടുത്ത ഭീഷണി റോയി നേരിട്ടെന്നും മരണത്തിന് മറ്റ്‌ കാരണങ്ങൾ ഒന്നുമില്ലെന്നും സഹോദരൻ സി ജെ ബാബു പറഞ്ഞു. കടമോ മറ്റ് ഭീഷണികളോ ഒന്നുമില്ലായിരുന്നു. ആത്മഹത്യചെയ്‌ത ദിവസം രാവിലെ വിളിച്ചപ്പോൾ റെയ്ഡിനെക്കുറിച്ച് പറഞ്ഞിരുന്നു. മൂന്നുദിവസമായി ആദായനികുതി ഉദ്യോഗസ്ഥര്‍ ഓഫീസിലുണ്ടായിരുന്നു – ബാബു മാധ്യമങ്ങളോട് പറഞ്ഞു.


ആദ്യം കേസെടുത്തത്‌ അശോക് നഗർ പൊലീസാണ്‌. വിശദ അന്വേഷണം ആവശ്യപ്പെട്ട് കോൺഫിഡന്റ് ​ഗ്രൂപ്പ് പരാതി നൽകിയതിനെ തുടർന്ന്‌ അന്വേഷണം കർണാടക സിഐഡിക്ക് കൈമാറി. തുടർന്നാണ്‌ എസ്‌ഐടി രൂപീകരിച്ചത്‌. റോയിയുടെ കുടുംബാം​ഗങ്ങളുടെയും കോൺഫിഡന്റ് ​ഗ്രൂപ്പ് ജീവനക്കാരുടെയും മൊഴി എസ്‌ഐടി പ്രാഥമികമായി രേഖപ്പെടുത്തി. റോയിയുടെ ഡയറിയും മറ്റ്‌ രേഖകളും കസ്റ്റഡിയിലെടുത്തു.


ജോയിന്റ് ഡയറക്‌ടർ കൃഷ്‌ണപ്രസാദിന്റെ നേതൃത്വത്തിലുള്ള പത്തം​ഗ സംഘമാണ് പരിശോധന നടത്തിയത്‌. 2025 ഡിസംബറിലും ബംഗളൂരുവിലെ ഓഫീസിൽ പരിശോധന നടന്നതായും ആവശ്യപ്പെട്ട രേഖകളെല്ലാം നൽകിയതായും കുടുംബം പറഞ്ഞു.


വെള്ളിയാഴ്ചയാണ് ബം​ഗളൂരുവിലെ ഓഫീസിലെ റെയ്ഡിനിടെ റോയി വെടിവച്ചു മരിച്ചത്. വെള്ളി പകൽ രണ്ടോടെ ഓഫീസിലെത്തിയ റോയിയെ ഉദ്യോഗസ്ഥർ ഒരു മണിക്കൂറോളം ചോദ്യംചെയ്‌തു. മൂന്നുമണിയോടെ മുറിയില്‍ രേഖകൾ ഉണ്ടെന്ന്‌ പറഞ്ഞുപോയ റോയി വെടിവച്ചു മരിച്ചതായി ആദായനികുതി ഉദ്യോഗസ്ഥർ പറഞ്ഞുവെന്നാണ്‌ പൊലീസ്‌ അറിയിച്ചത്‌. എന്നാൽ റോയി മരിച്ച വിവരം അറിഞ്ഞിട്ടും ഒരു മണിക്കൂറോളം ആദായനികുതി ഉദ്യോഗസ്ഥർ പരിശോധന നടത്തിയതായും ഇതിൽ ദുരൂഹതയുണ്ടെന്നും ജീവനക്കാർ പറയുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home