ad
Deshabhimani

അമിത്‌ഷായുടെ 
മണ്ഡലത്തിൽ ടൈഫോയിഡ്‌ ബാധ

print edition ഇൻഡോർ മലിനജല ദുരന്തം ; രോഗം പടരുന്നു , 11 പേർ തീവ്രപരിചരണവിഭാഗത്തിൽ

indore

ഭഗീരഥ്‌പുരയിലെ ജനങ്ങൾ വെള്ളം പാത്രങ്ങളിൽ ശേഖരിക്കുന്നു

വെബ് ഡെസ്ക്

Published on Jan 06, 2026, 03:33 AM | 2 min read


ന്യൂഡൽഹി

​ബിജെപിയുടെ മാതൃകാനഗരമായ ഇൻഡോറിൽ വിതരണംചെയ്‌ത കക്കൂ‍സ്‌മാലിന്യം കലർന്ന ജലം കുടിച്ചതിനെ തുടർന്ന്‌ ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. നിരവധിപ്പേർ മരിച്ച ഭഗീരഥ്‌പുരയിൽനിന്നും വയറിളക്കവും ഛർദിയും കാരണം 20 പേർആശുപത്രികളിലെത്തി. നിലവിൽ 142 പേർ ചികിത്സയിലുണ്ട്‌. 11 പേർ തീവ്രപരിചരണവിഭാഗത്തിലാണ്‌. ദിവസങ്ങൾ കഴിഞ്ഞിട്ടും കൂടുതൽ പുതിയ രോഗികൾ വരുന്നത്‌ ആശങ്കാജനകമാണെന്ന്‌ ആരോഗ്യവിദഗ്‌ധർ പറഞ്ഞു. രോഗികളെ കണ്ടെത്താനായുള്ള പ്രത്യേക പരിശോധനായജ്ഞം തുടരുകയാണെന്ന്‌ അധികൃതർ അറിയിച്ചു.


അതേസമയം, ഇൻഡോറിലെ ജലദുരന്തത്തെ പകർച്ചവ്യാധിയായിട്ടാണ്‌ കണക്കാക്കുന്നതെന്ന്‌ ചീഫ്‌ മെഡിക്കൽ ആൻഡ്‌ ഹെൽത്ത്‌ ഓഫീസർ (സിഎംഎച്ച്‌ഒ) മാധവ്‌ പ്രസാദ്‌ ഹസാനി പ്രതികരിച്ചു. ഓരോ ദിവസവും കൂടുതൽ രോഗികൾ ഉണ്ടാകുന്നത്‌ തടയുകയെന്ന വെല്ലുവിളിയെയാണ്‌ അഭിമുഖീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഡബിൾ എഞ്ചിൻ സർക്കാർ ഭരിക്കുന്ന മധ്യപ്രദേശിലെ ഇൻഡോർ കോർപറേഷനിൽ മലിനജലം കുടിച്ച്‌ ആറ്‌ മാസം പ്രായമുള്ള കുട്ടിയടക്കം 16 പേരാണ്‌ മരിച്ചത്‌.


മലിനജലസ്രോതസുകൾ പൂർണമായും അടച്ചിട്ട്‌ ശുദ്ധീകരിക്കാനുള്ള നടപടികൾ ഇനിയും പൂർത്തിയായിട്ടില്ല. രോഗം പടർന്നത്‌ ഒറ്റ സ്രോതസിൽ നിന്നാണെന്ന്‌ ഉറപ്പാക്കാനുമായിട്ടില്ല. ഏതുതരം ബാക്‌റ്റീരിയകളാണ്‌ ദുരന്തത്തിന്‌ ഇടയാക്കിയതെന്നത്‌ വ്യക്തമാകാൻ കൊൽക്കത്തയിൽ നിന്നുള്ള വിദഗ്‌ധസംഘം ജലസാന്പിളുകൾ പരിശോധിക്കുന്നുണ്ട്‌. പ്രശ്‌നബാധിത മേഖലകളിലേക്ക്‌ നർമദയിൽ നിന്നുള്ള ജലം പൂർണമായും തടഞ്ഞിട്ടുണ്ട്‌. ജലം പൂർണമായും അണുമുക്തമായെന്ന്‌ വിദഗ്‌ധർ സ്ഥിരീകരിച്ചാൽ മാത്രമേ ജലവിതരണം പുനഃസ്ഥാപിക്കുകയുള്ളു. അതേസമയം, ഇൻഡോറിൽ ഗില്ലൻബാരി സിൻഡ്രോം സ്ഥിരീകരിച്ചെന്ന റിപ്പോർട്ടുകൾ അധികൃതർ തള്ളി.

അമിത്‌ഷായുടെ 
മണ്ഡലത്തിൽ ടൈഫോയിഡ്‌ ബാധ

ഗുജറാത്തിലെ ഗാന്ധിനഗറിൽ മലിനജലം കുടിച്ചതിനെ തുടർന്ന്‌ ടൈഫോയിഡ്‌ ബാധിതരായവരുടെ എണ്ണം വർധിക്കുന്നു. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ഷായുടെ മണ്ഡലമായ ഗാന്ധിനഗറിൽ കുട്ടികൾ ഉൾപ്പടെ 113 പേരെ ടൈഫോയിഡ്‌ ബാധിച്ച്‌ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 94 പേർ ഗാന്ധിനഗർ സിവിൽ ആശുപത്രിയിലും മറ്റ്‌ ആശുപത്രികളിലുമായി ചികിത്സയിലാണ്‌. കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പുകളിൽ പലയിടത്ത്‌ സുഷിരങ്ങൾ ഉണ്ടായതിനെ തുടർന്ന്‌ അഴുക്കുവെള്ളം കലർന്നതാണ്‌ രോഗബാധയ്‌ക്ക്‌ കാരണമായതെന്നാണ്‌ പ്രാഥമികനിഗമനം. സുഷിരങ്ങൾ അടയ്‌ക്കാനും ശുദ്ധജലം ഉറപ്പാക്കാനും വേണ്ട നടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.


അതേസമയം, ബംഗളൂരുവിൽ പലയിടത്തും മാലിന്യം കലർന്ന വെള്ളമാണ്‌ ലഭിക്കുന്നതെന്ന്‌ ജനങ്ങൾ പരാതിപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധിപേർ രോഗബാധിതരായെന്നും റിപ്പോർട്ടുകളുണ്ട്‌. ഇൻഡോർ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിലും അധികൃതർ പാഠം പഠിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home