ad
Deshabhimani

226 പരാതി പൂഴ്‌ത്തി , മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു , കുടിവെള്ളം മലിനമായതാണ്‌ ദുരന്തകാരണമെന്ന്‌ സ്ഥിരീകരിച്ചു

print edition വിഷജലം ജീവനെടുത്തു ; അഴിഞ്ഞുവീഴുന്നത്‌ ‘ശുചിത്വനഗര’ത്തിന്റെ മുഖംമൂടി

indore tragedy

കോര്‍പറേഷന്‍ വിതരണം ചെയ്ത മലിനജലം കുടിച്ച്‌ മരിച്ചവരുടെ ബന്ധുക്കളുടെ വിലാപം

വെബ് ഡെസ്ക്

Published on Jan 03, 2026, 02:16 AM | 1 min read

ന്യൂ‍ഡൽഹി

ബിജെപി ഭരിക്കുന്ന ഇൻഡോർ കോർപറേഷന്‌ കുടിവെള്ള വിതരണത്തിലെ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി 2025ൽ മാത്രം ലഭിച്ചത്‌ 224 പരാതികൾ. വിഷജലം കുടിച്ച്‌ കൂടുതൽപേർ മരിച്ച ഭഗീരത്‌പുര ഉൾപ്പെടുന്ന സോൺ നാല്‌ പ്രദേശത്തുനിന്ന്‌ മാത്രം 23 പരാതികൾ ലഭിച്ചു‍. ഇ‍ൗ പരാതികൾ മുഖവിലയ്‌ക്കെടുത്ത്‌ പരിഹാരം കണ്ടിരുന്നെങ്കിൽ ആറുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ 14 പേർ മരിച്ചുവീഴില്ലായിരുന്നു. കേന്ദ്രവും സംസ്ഥാനവും കോർപറേഷനുമെല്ലാം ബിജെപി ഭരിക്കുന്ന, എട്ട്‌ തവണ ശുചിത്വ നഗരമായി തെരഞ്ഞെടുക്കപ്പെട്ട ഇൻഡോർ കോർപറേഷനിലെ കുത്തഴിഞ്ഞ ഭരണവും കെടുകാര്യസ്ഥതയുമാണ്‌ ദുരന്തത്തിലൂടെ വെളിവാകുന്നത്‌.


സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത്‌ മധ്യപ്രദേശ്‌ സർക്കാരിന്‌ നോട്ടീസ്‌ നൽകി. കുടിവെള്ളം മലിനമായതുതന്നെയാണ്‌ ദുരന്തകാരണമെന്ന്‌ ലബോറട്ടറി പരിശോധനകളും സ്ഥിരീകരിച്ചു. എത്രപേർ മരിച്ചിട്ടുണ്ടെന്ന വിവരങ്ങൾ സംസ്ഥാന–കോർപറേഷൻ ഭരണാധികാരികൾ കൃത്യമായി പുറത്തുവിടുന്നില്ല. പ്രാദേശിക മാധ്യമങ്ങളുൾപ്പെടെ 14 മരണം റിപ്പോർട്ട്‌ ചെയ്യുന്നുണ്ടെങ്കിലും പത്തുപേർ മാത്രമാണ് മരിച്ചെതെന്നാണ്‌ കോർപറേഷന്റെ കണക്ക്‌. സെപ്‌റ്റിക്‌ ടാങ്കില്ലാതെ പണിത കക്കൂസാണ്‌ ദുരന്തമുണ്ടാക്കിയത്‌. കക്ക‍ൂസിൽ നിന്നുള്ള മാലിന്യം കുടിവെള്ള പൈപ്പിനു മുകളിലുള്ള കുഴിയിലേക്കു വഴിതിരിച്ചു വിട്ടതായി പരിശോധനയിൽ തെളിഞ്ഞു. തകരാറിലായ പൈപ്പുകൾക്കിടയിലെ ജോയിന്റിലൂടെ ഇ‍ൗ മാലിന്യം കുടിവെള്ളത്തിൽ കലരുകയായിരുന്നു. എന്നാൽ ഇതിന്‌ മുന്പുതന്നെ നഗരത്തിലെ കുടിവെള്ള പൈപ്പുകൾ തകരാറിലാണെന്നും നന്നാക്കേണ്ടതുണ്ടെന്നും കോർപറേഷൻ തന്നെ കണ്ടെത്തിയിരുന്നു.


​നഷ്ടപരിഹാരം നിരസിച്ചു

ദുരന്തത്തിന്‌ ഇരയായ ആറ്‌ മാസം പ്രായമായ ആൺ കുഞ്ഞിന്റെ കുടുംബം സർക്കാർ പ്രഖ്യാപിച്ച നഷ്ടപരിഹാരം നിരസിച്ചു. നഷ്ടപരിഹാരം അവനെ ജീവിതത്തിലേക്ക്‌ തിരികെ കൊണ്ടുവരുമോ എന്നും കുഞ്ഞിനേക്കാൾ വലുതല്ല പണമെന്നും മരിച്ച അവ്യൻ സാഹുവിന്റെ മുത്തശ്ശി കൃഷ്ണ സാഹു പറഞ്ഞു. 10 വർഷത്തെകാത്തിരിപ്പിനൊടുവിലാണ്‌ അവ്യൻ ജനിച്ചത്‌.


ബിജെപിക്കെതിരെ ഉമാഭാരതി

സംഭവത്തിൽ മധ്യപ്രദേശ്‌ സർക്കാരിനെ ശക്തമായി വിമർശിച്ച്‌ ബിജെപി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമാ ഭാരതി. ദുരന്തത്തിന്‌ ബിജെപി സർക്കാർ നേരിട്ട്‌ ഉത്തരവാദികളാണ്‌. ഒരു മനുഷ്യജീവന്റെ വില രണ്ട്‌ ലക്ഷം രൂപയല്ല. ഇരകളോട്‌ ക്ഷമ ചോദിക്കണം. 
 എത്ര മുകളിലുള്ളവരായാലും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണം– ഉമാ ഭാരതി എക്‌സിൽ കുറിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home