മേഘാലയയിൽ ദമ്പതികളെ കാണാതായ സംഭവം: യുവതിക്കായി തെരച്ചിൽ തുടരുന്നു; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം

ഷില്ലോങ് : മേഘാലയയിൽ മധ്യപ്രദേശ് ഇൻഡോർ സ്വദേശികളായ നവദമ്പതികളെ കാണാതായ സംഭവത്തിൽ യുവതിക്കായുള്ള തെരച്ചിൽ പന്ത്രണ്ട് ദിവസം പിന്നിട്ടു. യുവാവിന്റെ മൃതദേഹം രണ്ട് ദിവസം മുമ്പ് കണ്ടെത്തിയിരുന്നു. മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലെ സൊഹ്‌റയിൽ (ചിറാപുഞ്ചി) ഹണിമൂണിനായി എത്തിയ രാജ രഘുവംശിയെയും (30) ഭാര്യ സോന (27) ത്തെയുമാണ് മെയ് 23 ന് കാണാതായത്. രാജിനെ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. സൊഹ്‌റയിലെ വെള്ളച്ചാട്ടത്തിനടുത്തുള്ള ആഴത്തിലുള്ള മലയിടുക്കിൽ നിന്നാണ് രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ സമീപത്തുനിന്ന് കത്തി കണ്ടെത്തിയതോടെയാണ് രഘുവംശിയെ കൊലപ്പെടുത്തിയതാണെന്ന നിഗമനത്തിൽ പൊലീസ് എത്തിയത്.
സൊഹ്‌റയിലെ മൗക്മ റോഡിന് സമീപത്തുനിന്ന് ബുധനാഴ്ച രക്തക്കറ പുരണ്ട ഒരു റെയിൻകോട്ട് കണ്ടെത്തിയിരുന്നു. ഇത് സോനത്തിന്റേതാണെന്ന് സംശയിക്കുന്നുണ്ട്. റെയിൻകോട്ട് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയ സ്ഥലത്തു നിന്ന് ഒരു സ്ത്രീയുടെ ഷർട്ട്, മരുന്നിന്റെ ഒരു സ്ട്രിപ്പ്, മൊബൈൽ ഫോൺ സ്‌ക്രീനിന്റെ ഒരു ഭാഗം, ഒരു സ്മാർട്ട് വാച്ച് എന്നിവയും ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. വെയ് സൗഡോങ് പ്രദേശത്തെ ഇടതൂർന്ന കാടുകളിലാണ് തെരച്ചിൽ പുരോഗമിക്കുന്നത്. എന്നാൽ പ്രതികൂല കാലാവസ്ഥ തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മേഘാലയയിലെത്തി നോൻഗ്രിയാറ്റ് ഗ്രാമത്തിലെ ഒരു ഹോംസ്റ്റേയിൽ നിന്ന് ചെക് ഔട്ട് ചെയ്ത് ഇറങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഇരുവരെയും കാണാതായത്. ഇവിടെ നിന്ന് 20 കിലോമീറ്റർ അകലെയുള്ള സ്ഥലത്തുനിന്നാണ് രാജ രഘുവംശിയുടെ മൃതദേഹം കണ്ടെത്തിയത്. വെയ്‌സാവോങ് വെള്ളച്ചാട്ടത്തിലേക്കുള്ള പാർക്കിങ് സ്ഥലത്തിന് താഴെയുള്ള ആഴത്തിലുള്ള ഒരു മലയിടുക്കിൽ പൊലീസ് ഡ്രോണിന്റെ സഹായത്തോടെയാണ് മൃതദേഹം കണ്ടെത്തിയത്. ട്രാൻസ്പോർട്ട് ബിസിനസ് നടത്തുകയാണ് രാജ രഘുവംശിയും കുടുംബവും. മെയ് 11 നാണ് ഇവർ വിവാഹിതരായത്. തുടർന്ന് മെയ് 20 ന് മേഘാലയയിലേക്ക് പോയതായി ബന്ധുക്കൾ പറഞ്ഞു.
മേഘാലയയിൽ എത്തിയ ശേഷം വാടകയ്‌ക്കെടുത്ത സ്‌കൂട്ടറിൽ മെയ് 22 നാണ് ദമ്പതികൾ മൗലഖിയാത് ഗ്രാമത്തിലെത്തിയത്. ശേഷം നോംഗ്രിയാത് ഗ്രാമത്തിലെ പ്രശസ്തമായ ലിവിംഗ് റൂട്ട് ബ്രിഡ്ജുകൾ സന്ദർശിച്ച ദമ്പതികൾ രാത്രി അവിടെ താമസിച്ചതായാണ് വിവരം. പിറ്റേന്ന് പുലർച്ചെ ഹോംസ്റ്റേയിൽ നിന്ന് ഇറങ്ങിയെങ്കിലും പിന്നീട് ദമ്പതികളെ കാണാതാവുകയായിരുന്നു. മെയ് 24 ന് ഷില്ലോങ്ങിനും സൊഹ്‌റയ്ക്കും ഇടയിലുള്ള റോഡിലെ ഒരു കഫേയിൽ ദമ്പതികൾ സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. തുടർന്ന് ഗ്രാമീണരുടെ സഹായത്തോടെ തിരച്ചിൽ ആരംഭിച്ചു. കനത്ത മഴയും മോശം കാലാവസ്ഥയും തിരച്ചിലിന് വെല്ലുവിളിയായി. ഇടതൂർന്ന കാടുകളുള്ള പ്രദേശത്തേക്ക് ഇരുവരും ട്രക്കിങ്ങിനായി പോയിരുന്നു. ഇവിടെ നിന്ന് സോനം രാജിന്റെ അമ്മയ്ക്ക് അയച്ച വാട്സാപ്പ് സന്ദേശവും പുറത്തുവന്നിട്ടുണ്ട്. തങ്ങൾ ഒരു കൊടുംകാട്ടിലാണ് ഉള്ളതെന്നും ഇവിടെ ലഭിക്കുന്ന ഭക്ഷണം മോശമാണെന്നും സോനം പറയുന്നത് സന്ദേശത്തിൽ കേൾക്കാം. വിഷയത്തിൽ ഇരുവരുടെയും കുടുംബം സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.









0 comments