'മനുഷ്യബോംബ്' ഭീഷണി; ഇൻഡിഗോ വിമാനം വഴിതിരിച്ച് വിട്ടു

ഹൈദരാബാദ്: സൗദി അറേബ്യയിലെ ജിദ്ദയിൽനിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിന് 'മനുഷ്യബോംബ്' ഭീഷണി ലഭിച്ചതിനെ തുടർന്ന് വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിട്ടു. സുരക്ഷാ നടപടികളുടെ ഭാഗമായി വിമാനം മുംബൈയിൽ സുരക്ഷിതമായി ഇറക്കി.
ശനിയാഴ്ച പുലർച്ചെ 5.30-ഓടെയാണ് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ഭീഷണി ഇമെയിൽ ലഭിച്ചത്. ഇൻഡിഗോയുടെ 6 ഇ 68 വിമാനം ഹൈദരാബാദിൽ ഇറങ്ങുന്നത് തടയണമെന്നും വിമാനത്തിൽ എൽടിടിഇ-ഐഎസ്ഐ പ്രവർത്തകർ ചേർന്ന് 1984-ലെ മദ്രാസ് വിമാനത്താവള സ്ഫോടനത്തിന് സമാനമായ വൻ സ്‌ഫോടനം ആസൂത്രണം ചെയ്തിട്ടുണ്ട് എന്നുമാണ് ഇമെയിലിൽ മുന്നറിയിപ്പ് നൽകിയിരുന്നത്.
വിമാനത്താവള അധികൃതർ ഉടൻതന്നെ എല്ലാ സുരക്ഷാ ഏജൻസികളെയും വിവരമറിയിക്കുകയും വിമാനം മുംബൈയിലേക്ക് വഴിതിരിച്ചുവിടുകയുമായിരുന്നു. മുംബൈയിൽ വിമാനം സുരക്ഷിതമായി ഇറക്കിയ ശേഷം വിശദമായ സുരക്ഷാ പരിശോധനകൾ നടത്തി.
പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല എന്ന് പൊലീസ് അറിയിച്ചു. വിമാനക്കമ്പനി അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം ആരംഭിച്ചു. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടുകൾ കുറയ്ക്കുന്നതിന് എല്ലാ നടപടികളും സ്വീകരിച്ചതായി ഇൻഡിഗോ അറിയിച്ചു.










0 comments