കടൽമണൽ ഖനനം: പ്രതിഷേധത്തിന് പുല്ലുവില; സമുദ്രാതിർത്തിക്ക് പുറത്തെന്ന് കേന്ദ്രം

Sea sand mining
avatar
സ്വന്തം ലേഖകൻ

Published on Mar 11, 2025, 12:31 AM | 1 min read

ന്യൂഡൽഹി: കേരളതീരത്ത്‌ കടൽമണൽ ഖനനത്തിന്‌ തെരഞ്ഞെടുത്ത മേഖലകൾ സംസ്ഥാനത്തിന്റെ സമുദ്രാതിർത്തിക്ക്‌ പുറത്താണെന്ന വാദവുമായി കേന്ദ്രസർക്കാർ. രാജ്യസഭയിൽ ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിനുള്ള മറുപടിയിലാണ്‌ കേന്ദ്രം തീരുമാനിച്ചിട്ടുള്ള കടൽമണൽ ഖനനത്തെ ചോദ്യംചെയ്യാനുള്ള അവകാശം കേരളത്തിനില്ലെന്ന തരത്തിൽ ഖനി–-ഖനന വകുപ്പ്‌ മന്ത്രി ജി കിഷൻ റെഡ്ഡി പ്രതികരിച്ചത്‌. തീര സംസ്ഥാനങ്ങളിലും ദ്വീപുകളിലുമായി കേന്ദ്രം വിജ്‌ഞാപനം ചെയ്‌തിട്ടുള്ള 130 സംരക്ഷിത കടൽമേഖലകളിലോ സുപ്രധാന തീര–-കടൽ ജൈവവൈവിധ്യ പ്രദേശങ്ങളിൽ ഉൾപ്പെടുന്ന 106 തീര–-കടൽ മേഖലയിലോ ഉൾപ്പെടുന്നതല്ല കേരളതീരത്ത്‌ ഖനനത്തിനായി തെരഞ്ഞെടുത്തിട്ടുള്ള സ്ഥലങ്ങളെന്നും മന്ത്രി അവകാശപ്പെട്ടു. ആശങ്ക ഉയർത്തിയ കടൽമണൽ ഖനന നീക്കത്തിനെതിരെ പ്രതിഷേധം ശക്തമായിരിക്കെയാണ്‌ കേന്ദ്രത്തിന്റെ അവകാശവാദം.


പരിസ്ഥിതി മന്ത്രാലയവും ഫിഷറീസ്‌ വകുപ്പുമടക്കം ബന്ധപ്പെട്ട എല്ലാ മന്ത്രാലയങ്ങളുടെയും നിരാക്ഷേപപത്രം (എൻഒസി) കിട്ടിയശേഷമാണ്‌ വിജ്‌ഞാപനം പുറപ്പെടുവിച്ചതെന്ന്‌ രാജ്യസഭയിൽ മറ്റൊരു ചോദ്യത്തിന്‌ റെഡ്ഡി മറുപടിനൽകി. ഖനനപ്രദേശങ്ങൾ ലേലത്തിൽ പിടിക്കുന്ന കമ്പനികളും എല്ലാ വകുപ്പുകളുടെയും മന്ത്രാലയങ്ങളുടെയും അനുമതിയും അംഗീകാരവും എൻഒസിയുമെല്ലാം നേടേണ്ടതുണ്ട്‌. അതിനുശേഷമേ ഖനനത്തിലേക്ക്‌ കടക്കാനാകൂ. പാരിസ്ഥിതിക പ്രശ്‌നങ്ങളും മറ്റും ചൂണ്ടിക്കാട്ടി എതിർപ്പറിയിച്ചുള്ള സംസ്ഥാന സർക്കാരിന്റെ കത്ത്‌ ലഭിച്ചിരുന്നു. എന്നാൽ തെരഞ്ഞെടുത്ത മേഖലകൾ കേരളത്തിന്റെ സമുദ്രാതിർത്തിക്ക്‌ പുറത്താണ്‌–- മന്ത്രി അവകാശപ്പെട്ടു.


13 തീരമേഖലകളെയാണ്‌ കഴിഞ്ഞ നവംബറിൽ ലേലത്തിന്‌ വെച്ചത്‌. ഇതിൽ കൊല്ലം തീരത്തുളള മൂന്ന്‌ മേഖലകൾ യഥാക്രമം 79, 78, 85 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതിയിലാണ്‌. യഥാക്രമം 100.33, 100.64, 101.45 ദശലക്ഷം ടൺ മണൽ ഇവിടെ ഖനനം ചെയ്യാനാകും. നിയമപ്രകാരം തീരദേശ ധാതു ട്രസ്റ്റിന്‌ രൂപംനൽകണം. ആഗസ്‌തിൽ രൂപീകരിച്ച ട്രസ്റ്റിന്റെ ഭരണസമിതിയിൽ തീരസംസ്ഥാനങ്ങളെയും ഉൾപ്പെടുത്തി. ട്രസ്റ്റ്‌ സമാഹരിക്കുന്ന പണം തീരമേഖലയുടെ പഠനത്തിനായും ഖനനം മൂലം സംഭവിച്ചേക്കാവുന്ന പാരിസ്ഥിതികാഘാതത്തിന്‌ പരിഹാരം കാണാനും എന്തെങ്കിലും ദുരന്തമോ അപകടമോ മറ്റോ ഉണ്ടായാൽ അതിന്‌ ഇരയാകുന്നവരെ സഹായിക്കാനുമാകും ഉപയോഗിക്കുക–- മന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home