ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പ്‌ ; പ്രാദേശികപാർടികളുടെ വഞ്ചന ചർച്ചയാകുന്നു

Indian Vice Presidential Election
വെബ് ഡെസ്ക്

Published on Sep 11, 2025, 12:00 AM | 1 min read


ന്യൂഡൽഹി

ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽനിന്ന്‌ ​സങ്കുചിത രാഷ്‌ട്രീയലക്ഷ്യങ്ങൾക്കായി വിട്ടുനിന്ന പ്രാദേശിക പാർടികളുടെ ജനാധിപത്യവിരുദ്ധതയ്‌ക്കെതിരെ വിമർശമുയരുന്നു. ഒഡിഷയിലെ ബിജു ജനതാദൾ, തെലങ്കാനയിലെ ബിആർഎസ്‌, പഞ്ചാബിലെ ശിരോമണി അകാലിദൾ തുടങ്ങിയ പാർടികൾ ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽ സ്വീകരിച്ച പിന്തിരിപ്പൻ നിലപാടിനെതിരെയാണ്‌ രോഷമുയരുന്നത്‌.


ബിജെഡിയുടെ രാജ്യസഭയിലെ ഏഴ്‌ എംപിമാരും വോട്ടെടുപ്പിൽനിന്ന്‌ വിട്ടുനിന്നു. വോട്ടെടുപ്പിൽ പങ്കെടുക്കണമെന്നും പ്രതിപക്ഷ സ്ഥാനാർഥിക്ക്‌ വോട്ട്‌ ചെയ്യണമെന്നും ബിജെഡി എംപിമാർ ആവശ്യപ്പെട്ടെങ്കിലും എൻഡിഎയുമായും ഇന്ത്യ ക‍ൂട്ടായ്‌മയുമായും തുല്യ അകലം പാലിക്കാൻ നവീൻ പട്‌നായിക് തീരുമാനിച്ചു. രാജ്യത്തെ ബാധിക്കുന്ന സുപ്രധാന വിഷയങ്ങളിലൊന്നും നിലപാടെടുക്കാതെ സ്വന്തം കാര്യം മാത്രം നോക്കുന്നതാണ്‌ ബിജെഡിയുടെയും നവീൻ പട്‌നായിക്കിന്റെയും ശൈലി. ഒഡിഷയിൽ അധികാരത്തിലിരിക്കെ അവസരം കിട്ടുന്പോഴെല്ലാം കേന്ദ്രസർക്കാരിനെ പിന്തുണച്ചു. ഇത്‌ മുതലെടുത്ത്‌ ബിജെപി ഒഡിഷയിൽ ശക്തമായി. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നവീൻ പട്‌നായിക്കിനെ മലർത്തിയടിച്ച്‌ സർക്കാരുണ്ടാക്കി. അനുഭവത്തിൽനിന്ന്‌ പാഠം ഉൾക്കൊള്ളാതെയാണ്‌ നവീൻ ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിലും ബിജെപി അനുകൂല നിലപാട്‌ സ്വീകരിച്ചത്‌.


ബിആർഎസിന്റെ വഞ്ചനയും സമാനം. നാല്‌ എംപിമാരും വോട്ടുചെയ്‌തില്ല. തെലങ്കാനയിലെ കർഷകർക്ക്‌ ആവശ്യമുള്ള യൂറിയ ലഭിക്കാത്തതിൽ പ്രതിഷേധിച്ചാണ്‌ ബഹിഷ്‌കരണമെന്ന്‌ പറയുന്നെങ്കിലും മോദിയെയും കേന്ദ്രസർക്കാരിനെയും പേടിച്ചാണ്‌ നേതൃത്വം നിലപാടെടുത്തതെന്ന്‌ വ്യക്തം. കെ കവിതയുടെ രാജിയടക്കം പാർടി വലിയ വെല്ലുവിളികൾ നേരിടുന്പോൾ കേന്ദ്രസർക്കാരിന്‌ അപ്രീതിയുണ്ടാക്കുന്ന ഇടപെടലുകൾ വേണ്ടെന്ന്‌ തീരുമാനിക്കുകയായിരുന്നു.


പ്രളയക്കെടുതിയിലായ പഞ്ചാബിന്‌ കേന്ദ്രസഹായം ലഭിക്കുന്നില്ലെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ശിരോമണി അകാലിദൾ എംപി ഹർസിമ്രത്ത്‌ ക‍ൗർ വിട്ടുനിന്നത്‌. 2020ൽ എൻഡിഎ വിട്ട അകാലിദൾ 2022ൽ രാഷ്‌ട്രപതിയായി എൻഡിഎ സ്ഥാനാർഥിയായ ദ്ര‍ൗപദി മുർമുവിനെ പിന്തുണച്ചിരുന്നു. ഉപരാഷ്‌ട്രപതി തെരഞ്ഞെടുപ്പിൽനിന്ന്‌ വിട്ടുനിൽക്കാനുള്ള തീരുമാനത്തിന്‌ പിന്നിൽ രാഷ്‌ട്രയലക്ഷ്യങ്ങളാണെന്ന്‌ വ്യക്തം. എൻഡിഎ സ്ഥാനാർഥിയെ വൈഎസ്‌ആർസിപി പിന്തുണച്ചത് കേന്ദ്രസർക്കാരിന്റെ പ്രീതി സന്പാദിക്കാനാണെന്ന് വ്യക്തം. ഗുരുതര അഴിമതി ആരോപണങ്ങളാണ് ജഗൻമോഹൻ റെഡ്ഡി നേരിടുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Home