ad
Deshabhimani

ഇന്ത്യൻ രൂപ പത്തു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ; ആർബിഐ

Rupee vs Dollar

പ്രതീകാത്മക എഐ ചിത്രം (Credit: ChatGPT)

വെബ് ഡെസ്ക്

Published on Apr 25, 2026, 12:45 PM | 2 min read

മുംബൈ : പ്രധാന കറൻസികൾക്കെതിരെയുള്ള ഇന്ത്യൻ രൂപയുടെ മൂല്യം കഴിഞ്ഞ പത്തു വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് പതിച്ചതായി ആർബിഐ. അമേരിക്ക - ഇസ്രയേൽ സഖ്യം ഇറാനെതിരെ നടത്തുന്ന യുദ്ധത്തെത്തുടർന്നുണ്ടായ അസംസ്‌കൃത എണ്ണവിലയിലെ വർധനവും വിദേശ നിക്ഷേപകർ വൻതോതിൽ പണം പിൻവലിച്ചതുമാണ് രൂപക്ക് തിരിച്ചടിയായത്.


വിവിധ സമ്പദ്‌വ്യവസ്ഥകൾ തമ്മിലുള്ള പണപ്പെരുപ്പ വ്യത്യാസം കൂടി കണക്കിലെടുക്കുന്ന രൂപയുടെ 40 കറൻസി റിയൽ ഇഫക്റ്റീവ് എക്സ്ചേഞ്ച് റേറ്റ് (REER) 92.72 ആയി കുറഞ്ഞുവെന്ന് റിസർവ് ബാങ്ക് വ്യാഴാഴ്ച പുറത്തിറക്കിയ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.


ഇന്ത്യയിലെ താരതമ്യേന കുറഞ്ഞ പണപ്പെരുപ്പ നിരക്ക് സമീപമാസങ്ങളിൽ റീറിനെ സ്വാധീനിച്ചിട്ടുണ്ടെന്ന് വിദഗ്ധർ വിലയിരുത്തുന്നു. ഇതിനുപുറമെ ഈ വർഷം ഇതുവരെ രൂപയുടെ മൂല്യത്തിലുണ്ടായ ഏകദേശം 4.5 ശതമാനം ഇടിവും വലിയ ആഘാതമുണ്ടാക്കി. മാർച്ച് അവസാനത്തോടെ ഒരു ഡോളറിന് 95.21 രൂപ എന്ന റെക്കോർഡ് താഴ്ചയിലേക്ക് ഇന്ത്യൻ രൂപ എത്തിയിരുന്നു.


രൂപയുടെ മൂല്യം നിലവിൽ ചരിത്രപരമായി വളരെ താഴ്ന്ന നിലയിലാണെങ്കിലും അടുത്ത കാലത്തൊന്നും ഒരു തിരിച്ചുവരവിനുള്ള സാധ്യത വിദഗ്ധർ കാണുന്നില്ല. അസംസ്‌കൃത എണ്ണയുടെ ലഭ്യത ഉറപ്പാക്കാൻ കൂടുതൽ ഇന്ധനം ഇറക്കുമതി ചെയ്യേണ്ടി വരുന്നതിലൂടെ ഡോളറിന്റെ ആവശ്യകത വർധിക്കുന്നതും, ആഗോള സാഹചര്യങ്ങളിലെ ആശങ്കകൾ കാരണം ഓഹരി വിപണിയിൽ നിന്നുള്ള വൻതോതിലുള്ള നിക്ഷേപ ചോർച്ചയും രൂപക്ക് തിരിച്ചടിയാകും.


2024ന്റെ അവസാന പാദത്തിൽ രേഖപ്പെടുത്തിയ ഉയർന്ന നിരക്കുകളിൽ നിന്ന് ഏകദേശം 15 പോയിന്റോളം ഇടിവാണ്

ഈ വർഷം മാർച്ചിലുണ്ടായത്. സമീപ വർഷങ്ങളിൽ രൂപ നേരിട്ട ഏറ്റവും വലിയ മൂല്യത്തകർച്ചകളിൽ ഒന്നായാണ് ഇതിനെ സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നത്.


സാമ്പത്തിക അസ്ഥിരത നിറഞ്ഞ ആഗോള സാഹചര്യത്തിൽ രൂപയുടെ ഈ മൂല്യത്തകർച്ച ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിൽ ഇരട്ട പ്രത്യാഘാതങ്ങളുണ്ടാക്കും. റീർ മൂല്യം കുറയുന്നത് ഇന്ത്യൻ ഉല്പന്നങ്ങൾക്ക് വിദേശ വിപണിയിൽ വിലയിടിയാൻ കാരണമാകുമെന്നതാണ് ആദ്യത്തെ ആഘാതം. വിദേശ നിക്ഷേപകർക്ക് ഇന്ത്യൻ വിപണിയിൽ കുറഞ്ഞ ചിലവിൽ നിക്ഷേപിക്കാൻ അവസരമൊരുക്കുമെന്നതും ​ഗൗരവമേറിയ കാര്യമാണ്.


എന്നാൽ ഇന്ത്യൻ ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപം നടത്തിയിട്ടുള്ളവർക്ക് രൂപയുടെ മൂല്യം ഇടിയുന്നത് വലിയ നഷ്ടമാണുണ്ടാക്കുക. കാരണം ഡോളറിലേക്ക് മാറ്റുമ്പോൾ അവരുടെ നിക്ഷേപത്തിന്റെ മൂല്യം കുറയും.


ആറ് പ്രമുഖ കറൻസികൾ ഉൾപ്പെടുത്തിയുള്ള സൂചിക പരിശോധിക്കുമ്പോൾ രൂപയുടെ മൂല്യത്തകർച്ചയുടെ ആഴം കൂടുതൽ വ്യക്തമാകും. മാർച്ചിലെ കണക്കുകൾ പ്രകാരം സിക്സ് കറൻസി റീർ 89.61എന്ന നിലയിലേക്ക് താഴ്ന്നു. 2015 ഏപ്രിലിന് ശേഷമുള്ള കണക്കുകൾ പ്രകാരം ഇത്രയും കുറഞ്ഞ നിരക്ക് ഇതിനുമുമ്പ് രേഖപ്പെടുത്തിയിട്ടില്ല. ഈ സൂചികയുടെ ശരാശരി നിലവാരമായ 100ൽ നിന്ന് രൂപ ഇപ്പോൾ വളരെ താഴെയാണെന്നത് റെക്കോർഡ് തകർച്ചയെയാണ് സൂചിപ്പിക്കുന്നത്.


2024-2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ ഏറ്റവും വലിയ ആറ് വ്യാപാര പങ്കാളികൾ യുഎസ്, ചൈന, യുഎഇ, റഷ്യ, സൗദി അറേബ്യ, സിംഗപ്പൂർ എന്നിവയാണെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഈ രാജ്യങ്ങളുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധം ആഗോള വിപണിയിൽ സാമ്പത്തിക സ്ഥിതിയെ നിർണായകമായി സ്വാധീനിക്കുന്നുണ്ട്.


2026-27 സാമ്പത്തിക വർഷത്തിൽ ഒരു ഡോളറിന് 94 രൂപ എന്ന വിനിമയ നിരക്കാണ് റിസർവ് ബാങ്ക് കണക്കാക്കിയിരിക്കുന്നത്. എന്നാൽ ഈ നിലവാരത്തിൽ നിന്ന് രൂപയുടെ മൂല്യം 5 ശതമാനം കൂടി ഇടിയുകയാണെങ്കിൽ അത് രാജ്യത്തെ പണപ്പെരുപ്പം വർധിപ്പിക്കും. എന്നാൽ സാമ്പത്തിക വളർച്ചയിൽ 0.25 ശതമാനം വർധനവുണ്ടാകുമെന്നും ആർബിഐയുടെ കണക്കുകൾ സൂചിപ്പിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home