രൂപയുടെ മൂല്യം കൂപ്പുകുത്തുന്നു; അഞ്ചുവർഷത്തിനിടെ ഇടിഞ്ഞത് 18.7 ശതമാനം

ന്യൂഡൽഹി: ഇന്ത്യൻ രൂപയുടെ മൂല്യം റെക്കോർഡ് താഴ്ചയിലേക്ക് നീങ്ങുന്നതായി സമ്മതിച്ച് കേന്ദ്ര സർക്കാർ. രാജ്യസഭയിൽ ഡോ. ജോൺ ബ്രിട്ടാസ് എംപി ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് കഴിഞ്ഞ അഞ്ചുവർഷത്തിനിടെ രൂപയുടെ മൂല്യത്തിൽ 18.7 ശതമാനത്തിന്റെ ഇടിവുണ്ടായതായി കേന്ദ്രം വ്യക്തമാക്കിയത്. അഞ്ച് വർഷം മുൻപുള്ള മൂല്യവുമായി താരതമ്യം ചെയ്യുമ്പോൾ ഒരു ഡോളറിന് 16.81 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കോവിഡ് പ്രതിസന്ധിയുണ്ടായ 2022-ന് ശേഷം രൂപയുടെ മൂല്യത്തിൽ ഏറ്റവും വലിയ തകർച്ചയുണ്ടായ വർഷമായി 2025 മാറി. ചൈനീസ് യുവാൻ, സിംഗപ്പൂർ ഡോളർ, ജാപ്പനീസ് യെൻ, യൂറോ, പൗണ്ട് സ്റ്റെർലിങ് തുടങ്ങിയ ലോകത്തെ പ്രധാന കറൻസികളെല്ലാം 2025-ൽ ഡോളറിനെതിരെ കരുത്താർജിച്ചപ്പോൾ, മൂല്യം ഇടിഞ്ഞ ഒരേയൊരു പ്രധാന ഏഷ്യൻ കറൻസി രൂപയായിരുന്നുവെന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു.
രൂപയുടെ മൂല്യത്തകർച്ച തടയാൻ ആർബിഐ വിപണിയിൽ വൻതോതിൽ ഇടപെടുന്നുണ്ട്. 2025 നവംബർ വരെയുള്ള കണക്കുകൾ പ്രകാരം 41.69 ബില്യൺ യുഎസ് ഡോളറാണ് ആർബിഐ വിപണിയിൽ വിറ്റഴിച്ചത്. കഴിഞ്ഞ അഞ്ചുവർഷത്തിനിടയിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ ഡോളർ വില്പനയാണിത്. രൂപയുടെ മൂല്യം വിപണി നിശ്ചയിക്കുന്നതാണെന്ന സർക്കാരിന്റെ വാദങ്ങൾ നിലനിൽക്കെത്തന്നെയാണ്, കറൻസിയുടെ തകർച്ച തടയാൻ വിദേശനാണ്യ കരുതൽ ശേഖരം വലിയ തോതിൽ ഉപയോഗിക്കേണ്ടി വരുന്നത്.
രൂപയുടെ തകർച്ച കയറ്റുമതി മേഖലയ്ക്ക് ഗുണകരമാകുമെന്നാണ് മന്ത്രാലയത്തിന്റെ വാദമെങ്കിലും, ഇറക്കുമതി ചെലവ് കുത്തനെ ഉയരുന്നത് രാജ്യത്തിന് തിരിച്ചടിയാവുകയാണ്. ക്രൂഡ് ഓയിൽ, വളം, മരുന്നുകൾ, ഇലക്ട്രോണിക്സ് ഉപകരണങ്ങൾ തുടങ്ങിയവയുടെ ഇറക്കുമതിക്കായി ഇന്ത്യ കൂടുതൽ തുക ചെലവാക്കേണ്ടി വരുന്നത് ആഭ്യന്തര വിപണിയിൽ പണപ്പെരുപ്പത്തിന് കാരണമാകുന്നു. ഇത് സാധാരണക്കാരുടെ ജീവിതച്ചെലവ് വർധിപ്പിക്കുകയും രാജ്യത്തിന്റെ വ്യാപാരക്കമ്മി വർധിപ്പിക്കുകയും ചെയ്യുന്നു. കറൻസിയുടെ തകർച്ച പരിഹരിക്കാനോ വ്യാപാര സന്തുലിതാവസ്ഥ ഉറപ്പാക്കാനോ കൃത്യമായ കർമ്മപദ്ധതികൾ സർക്കാരിന്റെ പക്കലില്ലെന്ന് ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.










0 comments