ad
Deshabhimani

ഇന്ത്യൻ രൂപയെ തളർത്തിയതാരാണ്, കടന്നു പോകുന്നത് ചരിത്രത്തിലെ ഏറ്റവും മോശം വർഷം

rupee 26
വെബ് ഡെസ്ക്

Published on Dec 31, 2025, 04:50 PM | 3 min read

രൂപയെ യു എസ് ഡോളറിനും മുകളിൽ എത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ നരേന്ദ്ര മോദി സർക്കാരിന്റെ ഈ വർഷം കടന്നു പോവുന്നത് ഇന്ത്യൻ രൂപയുടെ ചരിത്രത്തിലെ ഏറ്റവും ദയനീയമായ വീഴ്ച രേഖപ്പെടുത്തിയാണ്.


ആഗോള വ്യാപാര അനിശ്ചിതത്വവും വിദേശ മൂലധന നിക്ഷേപകരുടെ വൻതോതിലുള്ള പിന്മാറ്റവും ചേർന്ന് രൂപയെ ഞെരുക്കി. വാചകമടി മാത്രം കൈമുതലാക്കിയ ഭരണ നേതൃത്വം നിസ്സഹായമായി നോക്കി നിന്നു.


രൂപയെ അതിന്റെ വിപണി സാധാരണത്വത്തിന് വിടുന്നു എന്നാണ് റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. ഇതിനിടെ റിപോ നിരക്ക് കുറച്ച് അറ്റ കൈ പരീക്ഷണം നടത്തിയിട്ടും രൂപ എതിർ ദിശയിലേക്ക് തന്നെ വീഴുന്ന കാഴ്ചയായിരുന്നു.


 ഫലപ്രദമായ ഇടപെടലുകൾ സാധ്യമായില്ലെങ്കിൽ പുതുവർഷത്തിലും രൂപയുടെ ഇടിവ് തുടരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.


കരകയറാനായി ശക്തമായ ആഭ്യന്തര സാമ്പത്തിക അടിസ്ഥാനങ്ങൾ നിലനിൽക്കുമ്പോൾ തന്നെയാണ് ഈ ദുർബലത നേരിടുന്നത് എന്നതാണ് വൈരുദ്ധ്യം. മൂലധന അക്കൗണ്ടിലെ ഗുരുതര ദൗർബല്യം പരിഹരിക്കാനാവാത്തത് രൂപയുടെ പ്രധാന വെല്ലുവിളിയായി തുടരുന്നു എന്നാണ് വിലയിരുത്തൽ.


2025 ലെ അവസാന വ്യാപാര സെഷനിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 13 പൈസ കുറഞ്ഞ് 89.88 ൽ എത്തി നിൽക്കയാണ്. മുൻ ക്ലോസിനേക്കാൾ 13 പൈസ ഇടിവ് രേഖപ്പെടുത്തി. 2024 ഡിസംബർ 31 ന് ഇത് 85.64 ആയിരുന്നു.

 

ചെറുതായിരുന്നില്ല വീഴ്ച


2025 ജനുവരി മാസത്തിൽ ഡോളറിന് 85 എന്ന നിലയിൽ നിന്നാരംഭിച്ച രൂപയുടെ മൂല്യത്തകർച്ച മോദി സർക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരം പോലെ താഴേക്ക് വീഴുകയായിരുന്നു. ഇത് പരിഹരിക്കാനാവാത്ത കിതപ്പായി ഈ വർഷം മുഴുവൻ തുടർന്നു. പ്രതിരോധിക്കാനായി നോട്ട് നിരോധന പോലെ മണ്ടൻ നടപടികൾ ഒന്നുമുണ്ടായില്ല എന്നത് മാത്രമായിരുന്നു വിപണിയിലെ ഏക ആശ്വാസം.


രാജ്യത്തെ മുഴുവൻ ആശങ്കയിലാക്കി രൂപയുടെ തകർച്ച ഇപ്പോൾ 5 ശതമാനവും കടന്ന് വീണ്ടും താഴേക്കാണ്. ഡിസംബർ മാസത്തിൽ രൂപയുടെ മൂല്യം ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 91-ലും കുറവ്  രേഖപ്പെടുത്തി. 2025 വർഷത്തെ മുഴുവൻ താരതമ്യ കണക്ക് പരിഗണിക്കുമ്പോൾ യൂറോയോട് രൂപയ്ക്ക് 19 ശതമാനത്തിലധികം ഇടിവ് നേരിടേണ്ടി വന്നു. ബ്രിട്ടീഷ് പൗണ്ടിനോട് ഏകദേശം 14 ശതമാനവും, ജാപ്പനീസ് യെന്നിനോട് 5 ശതമാനത്തിലധികവും മൂല്യനഷ്ടം നഷ്ടമായി. ഇന്ത്യയുടെ ദുർബലരായ അയൽ രാജ്യങ്ങൾ പോലും നില മെച്ചപ്പെടുത്തിയപ്പോഴാണ് ഇത്.


rupee fall 1


സാഹചര്യങ്ങൾ അനുകൂലം,

വീഴ്ച താഴേക്ക്


2025 ൽ ഏഷ്യൻ രാജ്യങ്ങളിലെ കറൻസികളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവെച്ചത് ഇന്ത്യൻ രൂപയാണ്. ആഗോള സാഹചര്യം രൂപയ്ക്ക് അനുകൂലമായിരുന്നു എന്ന് സാമ്പത്തിക വിദഗ്ദ്ധർ ആവർത്തിച്ച് പറയുന്നു. ഇതിനെ മുതലെടുക്കാൻ കഴിഞ്ഞില്ല. സർക്കാരിന്റെ പ്രത്യക്ഷമായ ഇടപെടൽ ഇല്ലാതെ സാഹചര്യം വഷളാക്കി എന്ന വിമർശനമാണ് ഉയരുന്നത്.


അനുകൂല ഘടകങ്ങൾ വേറെയും ഉണ്ടായിരുന്നു. യുഎസ് ഡോളർ സൂചിക 10 ശതമാനത്തിലധികം ഇടിഞ്ഞ സാഹചര്യം ഉണ്ടായി. ആഗോള ക്രൂഡ് ഓയിൽ വിലകൾ ദുർബലമായി തുടരുന്നതും രൂപയ്ക്ക് അനുകൂലമായി നിലനിൽക്കുന്നു. എന്നിട്ടും എന്ത് സംഭവിച്ചു എന്നതിന് സർക്കാരിന് വിശദീകരണമില്ല. മൂല്യ തകർച്ചയ്ക്ക് യുക്തമായ ഉത്തരവുമില്ല പരിഹാര നടപടികളും ഇല്ല എന്ന സാഹചര്യമാണ്.


വിദേശ നിക്ഷേപകരുടെ പിന്മാറ്റമാണ് രൂപയെ ഏറ്റവും അധികം സമ്മർദ്ദത്തിലാക്കിയ ഘടകമായി ചൂണ്ടികാണിക്കുന്നത്. ആഗോള വിപണികളിൽ അപകടസാധ്യത വർധിപ്പിക്കുകയും, ഇന്ത്യയിൽ നിന്ന് വിദേശ നിക്ഷേപകർ വൻതോതിൽ പിന്മാറുകയും ചെയ്തു. 2025-ൽ മാത്രം വിദേശ നിക്ഷേപകർ (FII) ഏകദേശം 17.5 ബില്യൺ ഡോളറിന്റെ നിക്ഷേപം പിൻവലിച്ചു. എന്നാൽ ഇത് മറ്റ് രാജ്യങ്ങളുടെയും വിപണികളിലും പ്രതിഫലിക്കേണ്ടതാണ്. ഏഷ്യൻ വൻകരയിൽ രൂപയെ മാത്രമായി തെരഞ്ഞെടുത്ത് മൂല്യത്തകർച്ച ബാധിക്കുന്ന കാഴ്ചയാണ് തുടരുന്നത്. ഇത് എങ്ങനെ സംഭവിക്കുന്നു എന്ന ചോദ്യം ബാക്കി നിൽക്കുന്നു. ഏപ്രിലിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച പ്രതികാര നികുതി ചൂണ്ടി കാണിച്ചാണ് കേന്ദ്ര സർക്കാർ ഏജൻസികൾ സ്വയം ന്യായീകരിക്കുന്നത്. 


ഇന്ത്യൻ രൂപ നവംബർ 21-ന് ഒറ്റ വ്യാപാര സെഷനിൽ തന്നെ ഒരു ശതമാനത്തിലധികം ഇടിഞ്ഞ് 89.66 എന്ന നിലയിലെത്തിയിരുന്നു. 13 ദിവസത്തിനുള്ളിൽ 90-ന്റെ താഴേക്ക് വീണു. ഡിസംബർ 16-ഓടെ ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയായ 91-ലും കുറഞ്ഞു. വീഴ്ച 90 കടന്നേക്കാം എന്ന് നിരീക്ഷിച്ചവർ ഉണ്ടായിരുന്നു. ആ പ്രതീക്ഷിത സംഖ്യും കടന്ന് ഒരു രൂപയിലധികം വീണ്ടും ഇടിഞ്ഞു.


വ്യാപാരക്കുറവ് വർധിച്ചതും, ഇന്ത്യ–യുഎസ് വ്യാപാര കരാറിലെ അനിശ്ചിതത്വവും, മൂലധന അക്കൗണ്ടിൽ നിന്ന് മതിയായ പിന്തുണ ലഭിക്കാത്തതുമാണ് രൂപയുടെ ഇടിവിന് കാരണമെന്നാണ് കേന്ദ്ര സർക്കാർ ആവർത്തിച്ചത്. രൂപയ്ക്ക് പ്രത്യേക പരിധി ലക്ഷ്യമിടുന്നില്ലെന്നും, വിപണി ശക്തികളാണ് വിനിമയനിരക്ക് നിർണയിക്കുന്നതെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണർ സഞ്ജയ് മല്ഹോത്ര ഇതിനു പിന്നാലെ പ്രസ്താവിച്ചു.


ഇതിനിടെ റിസർവ് ബാങ്ക് റിപോ നിരക്ക് കുറച്ചുള്ള പരീക്ഷണവും നടത്തി. എന്നാൽ മൂല്യത്തകർച്ചയ്ക്ക് ഇടയിൽ ആഭ്യന്തര സാമ്പത്തിക വളർച്ചയെ പിന്തുണയ്ക്കാൻ ആർബിഐ സ്വീകരിച്ച നടപടി രൂപയുടെ ആകർഷണം കുറക്കുകയാണ് ചെയ്തത് എന്ന് വിലയിരുത്തുന്ന സാമ്പത്തിക വിദഗ്ധരുമുണ്ട്.


മുൻകാലങ്ങളിലെ വ്യാപാരക്കുറവാണ് ഇപ്പോഴത്തെ മൂല്യ പ്രതിസന്ധിക്ക് കാരണം എന്ന് വിദഗ്ദ്ധർ പറയുന്നു. അതായത് കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക നടത്തിപ്പിലെ പിടിപ്പുകേടുകളുടെ പ്രതിഫലനമാണ് രൂപയെ തളർത്തിയത്. രൂപ നേരിടുന്ന ഇടിവ് ശുദ്ധമായ മൂലധന അക്കൗണ്ട് പ്രതിസന്ധി മാത്രമാണ് എന്ന് അവർ വിശദമാക്കുന്നു.


ആരാണ് ഉത്തരവാദി


നിക്ഷേപകർ ഇങ്ങനെ ഇന്ത്യയെ കൈവിടുന്ന സാഹചര്യം സൃഷ്ടിച്ചത് ആരാണ് എന്ന് മാത്രം ആരും തുറന്നു പറയുന്നില്ല.  


2026-ൽ രാജ്യത്തെ കറന്റ് അക്കൗണ്ട് കുറവ് (CAD) ജിഡിപിയുടെ രണ്ട് ശതമാനത്തിലോ അതിൽ കൂടുതലോ എത്താൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ഉയർന്നിട്ടുണ്ട്. ഇത് ഡോളറിനുള്ള ഘടനാപരമായ ആവശ്യം വർധിപ്പിക്കുകയും, രൂപയ്ക്ക് മേൽ അധിക സമ്മർദ്ദം സൃഷ്ടിക്കുകയും ചെയ്യും. രൂപയുടെ വീഴ്ചയെ കൂടുതൽ ഗുരുതരമായ സാഹചര്യത്തിലേക്ക് നയിക്കും.


ഇന്ത്യ–യുഎസ് വ്യാപാര കരാർ രൂപയ്ക്ക് ആശ്വാസം നൽകുമെന്ന പ്രതീക്ഷ മാത്രമാണ് ഇതിനെതിരെ ഉയർത്തി കാണിക്കുന്നത്. എന്നാൽ അത് പരിഹാരമല്ലെന്ന് സാമ്പത്തിക വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. രൂപയുടെ അസാധാണമായ വീഴ്ചയെ കുറിച്ച് ഇതുവരെ ശാസ്ത്രീയമായ എന്തെങ്കിലും വിശദീകരണം മുന്നോട്ട് വെക്കാൻ കേന്ദ്ര സർക്കാരിന് കഴിഞ്ഞിട്ടില്ല.


rupee fall 2





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home