ad
Deshabhimani

print edition തകർന്ന്‌ തരിപ്പണമായി രൂപ

Expenses
avatar
എം പ്രശാന്ത്‌

Published on May 21, 2026, 02:47 AM | 1 min read

ന്യൂഡൽഹി : രൂപയുടെ മൂല്യം അനുദിനം റെക്കോഡ്‌ തകർച്ചയിലേക്ക്‌ കൂപ്പുകുത്തുന്നു. ചൊവ്വാഴ്‌ച ഡോളറിനെതിരായ രൂപയുടെ മൂല്യം 13 പൈസ ഇടിഞ്ഞ്‌ 96.83ലെത്തി. ഒരു ഘട്ടത്തിൽ 96.96 ലേക്കും വീണു. രൂപയുടെ തകർച്ച തടയുന്നതിൽ കേന്ദ്രസർക്കാർ പൂർണപരാജയമായ സാഹചര്യത്തിൽ വൈകാതെ മൂല്യം നൂറിലേക്ക്‌ പതിക്കും.


രൂപയുടെ മൂല്യം ഒരു വർഷത്തിനിടെ 11 ശതമാനത്തിലേറെ ഇടിഞ്ഞു. പശ്‌ചിമേഷ്യൻ സംഘർഷം ആരംഭിച്ച ശേഷമുള്ള ഇടിവ്‌ അഞ്ച്‌ ശതമാനം. 2014ൽ മോദി പ്രധാനമന്ത്രിയാകുമ്പോൾ ഡോളറിനെതിരെ രൂപയുടെ മൂല്യം അറുപതായിരുന്നു. 2020 മാർച്ചിൽ മൂല്യം 75ലും 2022 ജൂലൈയിൽ 80ലുമെത്തി. 2024 ഡിസംബറിൽ 85ലേക്കും കഴിഞ്ഞ ഡിസംബറിൽ 90ലേക്കും രൂപ താഴ്‌ന്നു. 85ൽനിന്ന്‌ ഇപ്പോഴത്തെ റെക്കോർഡ്‌ തകർച്ചയിലേക്ക്‌ വേണ്ടിവന്നത്‌ 17 മാസം മാത്രം. അഞ്ചു മാസത്തിനിടെ ഏഴ്‌ രൂപയ്‌ക്കടുത്താണ്‌ തകർച്ച.


ഇറക്കുമതി ചെലവിലുണ്ടാകുന്ന കുതിപ്പും ആഭ്യന്തര വിപണിയിൽ നിന്നുള്ള വിദേശനിക്ഷേപകരുടെ പിൻവാങ്ങലുമാണ്‌ കൂപ്പുകുത്തലിന്‌ ആക്കം കൂട്ടുന്നത്‌.കറന്റ്‌ അക്ക‍ൗണ്ട്‌ കമ്മി നടപ്പ്‌ സാമ്പത്തികവർഷം ജിഡിപിയുടെ രണ്ടു ശതമാനം കടക്കും. 2024–25ൽ ജിഡിപിയുടെ 0.6 ശതമാനം മാത്രമായിരുന്ന കറന്റ്‌ അക്ക‍ൗണ്ട്‌ കമ്മിയാണ്‌ കുതിച്ചുയർന്നത്. ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം കാഴ്‌ചവയ്‌ക്കുന്ന കറൻസിയായി രൂപ മാറി.


ഒരു വർഷത്തിനിടെ പാകിസ്ഥാൻ രൂപയ്‌ക്കെതിരെ ഇന്ത്യൻ രൂപയ്‌ക്ക്‌ 12 ശതമാനത്തിന്റെയും ബംഗ്ലാദേശ്‌ ടാക്കയ്‌ക്കെതിരെ 10 ശതമാനത്തിന്റെയും ഇടിവുണ്ടായി. ഡോളറിനെതിരെ ചൈനയുടെ യുവാൻ നടപ്പുവർഷം 2.9 ശതമാനം നേട്ടം കൈവരിച്ചപ്പോഴാണ്‌ രൂപയുടെ ദയനീയ തകർച്ച.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home