ആക്രി വിൽപ്പനയിലൂടെ റെയിൽവേയ്ക്ക് 628 കോടി രൂപ വരുമാനം

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ആക്രി സാധനങ്ങൾ വിറ്റഴിച്ച് ഇന്ത്യൻ റെയിൽവേയ്ക്ക് ലഭിച്ചത് 628.49 കോടി രൂപ. ഒക്ടോബർ 2 മുതൽ 31 വരെ രാജ്യവ്യാപകമായി നടത്തിയ പ്രത്യേക ശുചീകരണ ക്യാമ്പയിനിലൂടെയാണ് ഈ നേട്ടം. 600 കോടി രൂപയായിരുന്നു ലക്ഷ്യമിട്ടിരുന്നത്. ഇതിലൂടെ 14 ഏക്കറിലധികം സ്ഥലവും ഒഴിപ്പിക്കാനായി.
സ്പെഷ്യൽ ക്യാമ്പയിൻ 6 ന്റെ ഭാഗമായി ഒരുലക്ഷത്തിലധികം ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. 1.50 ലക്ഷത്തിലധികം ഇലക്ട്രോണിക് മാലിന്യ യൂണിറ്റുകളും നീക്കം ചെയ്തു. ഇ-മാലിന്യങ്ങൾ വിറ്റഴിച്ചതിലൂടെ 10.43 കോടി രൂപ അധിക വരുമാനമായി ലഭിച്ചതായും റെയിൽവേ മന്ത്രാലയം അറിയിച്ചു.
രാജ്യത്തെ റെയിൽവേ സ്റ്റേഷനുകൾ, ഓഫീസുകൾ, വർക്ക്‌ഷോപ്പുകൾ, മറ്റ് സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ. പഴയ ഫയലുകളും ഇലക്ട്രോണിക് രേഖകളും പരിശോധിച്ച് അനാവശ്യമായവ ഒഴിവാക്കുകയായിരുന്നു.
ശുചീകരണം, മാലിന്യസംസ്കരണം, സ്ഥലവിനിയോഗം മെച്ചപ്പെടുത്തൽ, രേഖകളുടെ പരിശോധന, കെട്ടിക്കിടക്കുന്ന പരാതികൾ തീർപ്പാക്കൽ എന്നിവയായിരുന്നു ക്യാമ്പയിന്റെ പ്രധാന ലക്ഷ്യങ്ങൾ. ഈ പ്രവർത്തനങ്ങളിലൂടെ വരുമാനം വർധിപ്പിക്കുന്നതിനൊപ്പം റെയിൽവേ സ്ഥാപനങ്ങളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനും കഴിഞ്ഞതായി മന്ത്രാലയം വ്യക്തമാക്കി.









0 comments