print edition ആഗോള സമ്പദ്-വ്യവസ്ഥ: ഇന്ത്യ ആറാംസ്ഥാനത്തേക്ക് താഴ്ന്നു

വാണിജ്യകാര്യ ലേഖകൻ
Published on Apr 18, 2026, 02:51 AM | 1 min read
കൊച്ചി
: ഇന്ത്യൻ സമ്പദ്-വ്യവസ്ഥ 2025ല്‍ ആഗോളതലത്തില്‍ ആറാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) 2026 ലെ ഏറ്റവും പുതിയ ലോക സാമ്പത്തിക വീക്ഷണത്തിലാണ് (ഡബ്ല്യുഇഒ) ഇക്കാര്യം വ്യക്തമാക്കിയത്. 2025–26 സാമ്പത്തികവര്‍ഷം രാജ്യത്തെ മൊത്ത ആഭ്യന്തര ഉൽപ്പാദനം (ജിഡിപി) 3.92 ലക്ഷം കോടി ഡോളറാണ്. ഐഎംഎഫിന്റെ ജിഡിപി റാങ്കിങ്ങില്‍, 4.44 ലക്ഷം കോടി ഡോളര്‍ ജിഡിപിയുള്ള ജപ്പാനും നാല് ലക്ഷം കോടി ഡോളര്‍ ജിഡിപിയുള്ള ബ്രിട്ടനും പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം.
2024-ൽ ഇന്ത്യ 3.5 ലക്ഷം കോടി ഡോളര്‍ ജിഡിപിയുമായി ബ്രിട്ടനുമുന്നില്‍ അഞ്ചാംസ്ഥാനത്തായിരുന്നു. 2025ല്‍ നാലാംസ്ഥാനത്തേക്കും വൈകാതെ മൂന്നാംസ്ഥാനത്തേക്കും ഉയരുമെന്നാണ് കേന്ദ്രത്തിന്റെ അവകാശവാദം.
കേന്ദ്രം പുറത്തുവിടുന്ന സാമ്പത്തിക സ്ഥിതിവിവരക്കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണെന്ന് ഐഎംഎഫും സാമ്പത്തികവിദഗ്ധരും അടുത്തകാലത്ത് ചൂണ്ടിക്കാണിച്ചിരുന്നു. ഫെബ്രുവരിയില്‍ കേന്ദ്ര സ്ഥിതിവിവരക്കണക്ക് മന്ത്രാലയം ജിഡിപി കണക്കാക്കുന്നതിനുള്ള അടിസ്ഥാനവര്‍ഷം 2011–12 സാമ്പത്തികവര്‍ഷത്തില്‍നിന്ന് 2-022–23 ആക്കി മാറ്റിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഐഎംഎഫ് പുതിയ റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
രൂപയുടെ തുടര്‍ച്ചയായ മൂല്യത്തകര്‍ച്ചയാണ് പ്രധാനമായും ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് തിരിച്ചടിയായതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
രൂപയുടെ മൂല്യം 2024-ൽ ഡോളറിന് 84.6 രൂപയായിരുന്നത് 2025ല്‍ 88.5 ആയി കുറഞ്ഞു.
ഒരു വര്‍ഷത്തിനുള്ളില്‍ മൂല്യത്തില്‍ നാല് രൂപയോളമാണ് നഷ്ടം. കൂടുതല്‍ മൂല്യത്തകര്‍ച്ചയും പ്രതീക്ഷിക്കുന്നു. നിലവില്‍ ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ നിലവാരം 93ആണ്.
രാജ്യത്തിന്റെ നിലവിലെ സാമ്പത്തികവളർച്ച പ്രകാരം ബ്രിട്ടനെ മറികടക്കാന്‍ 2027 വരെ കാത്തിരിക്കേണ്ടിവരുമെന്നും ഐഎംഎഫ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
നിലവില്‍ 30.8 ലക്ഷം കോടി ഡോളര്‍ ജിഡിപിയുമായി യുഎസാണ് ലോക സമ്പദ്‌വ്യവസ്ഥയില്‍ ഒന്നാമത്. 19.6 ലക്ഷം കോടി ഡോളറുമായി ചൈനയും 4.7 ലക്ഷം കോടി ഡോളറുമായി ജര്‍മനിയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍.










0 comments