പാകിസ്ഥാനിലെ കിരാന ഹിൽസിൽ ഇന്ത്യൻ ഡ്രോൺ പതിച്ചത് അബദ്ധത്തിൽ; വെളിപ്പെടുത്തലുമായി മുൻ സിഡിഎസ് ജനറൽ

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിനിടെ പാകിസ്ഥാന്റെ ആണവ കേന്ദ്രമായ കിരാന ഹിൽസിൽ ഇന്ത്യൻ ഡ്രോൺ പതിച്ചത് മനഃപൂർവ്വമല്ലെന്നും അബദ്ധത്തിൽ സംഭവിച്ചതാണെന്നും വെളിപ്പെടുത്തി മുൻ ഡിഫൻസ് സ്റ്റാഫ് മേധാവി (CDS) ജനറൽ അനിൽ ചൗഹാൻ. ന്യൂഡൽഹിയിലെ വിവേകാനന്ദ കേന്ദ്രത്തിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് കിരാന ഹിൽസ് സംഭവത്തിന് പിന്നിലെ ദുരൂഹതകൾക്ക് അദ്ദേഹം വിരാമമിട്ടത്.
റഡാറുകൾ ലക്ഷ്യമിട്ട് അയച്ച ഇന്ത്യയുടെ 'ലോയിട്ടറിംഗ് മ്യൂണിഷൻ' ഇന്ധനം തീർന്നതിനെത്തുടർന്നാണ് കിരാന ഹിൽസിൽ പതിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. സഫർഗഡിന് 10 കിലോമീറ്റർ വടക്കുള്ള കിരാന ഹിൽസിലും സഫർഗഡിലും റഡാറുകൾ തിരഞ്ഞു സഞ്ചരിക്കുകയായിരുന്നു ഡ്രോൺ. രണ്ടു മണിക്കൂറോളം സഞ്ചരിച്ച് ലക്ഷ്യം കണ്ടെത്താൻ കഴിയാതെ വന്നതോടെ ഡ്രോൺ അടുത്തുള്ള കുന്നുകളിൽ ഒന്നിൽ പതിക്കുകയായിരുന്നു. കിരാന ഹിൽസ് ഇന്ത്യ ലക്ഷ്യമിട്ടിരുന്നില്ലെന്ന് മുൻ വ്യോമസേനാ എയർ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ എയർ മാർഷൽ എ കെ ഭാരതി നേരത്തെ നൽകിയ വിശദീകരണം ശരിയാണെന്നും ജനറൽ അനിൽ ചൗഹാൻ സ്ഥിരീകരിച്ചു.
പാക് അധീന കാശ്മീരിലെ സ്കർദു ആക്രമിക്കാൻ വ്യോമസേനയ്ക്ക് മുൻകൂട്ടി അനുമതി നൽകിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി. എന്നാൽ മോശം കാലാവസ്ഥയെത്തുടർന്ന് സ്കർദു ദൗത്യം ഉപേക്ഷിക്കുകയും പകരം ഭോലാരിയിലെ ഹാംഗറിലേക്ക് ആക്രമണം മാറ്റുകയുമായിരുന്നു.
മെയ് 10-ന് നടന്ന വ്യോമാക്രമണത്തിലെ ഏറ്റവും നിർണ്ണായകമായ ദൃശ്യങ്ങളിലൊന്ന് സൗത്ത് വെസ്റ്റേൺ എയർ കമാൻഡ് ഭോലാരി ഹാംഗറിന് നേരെ നടത്തിയ ഈ ആക്രമണമായിരുന്നു. ഉപഗ്രഹ ചിത്രങ്ങൾ വ്യക്തമാക്കുന്നത് കൃത്യമായ ആസൂത്രണത്തോടെ നടത്തിയ ഈ ആക്രമണത്തിൽ ഭോലാരിയിലെ കെട്ടിടത്തിനും തകർച്ച സംഭവിച്ചിരുന്നു എന്നാണ്.










0 comments