ഭരണഘടനയെ ദുർബലപ്പെടുത്തൽ ; നീക്കം ആസൂത്രിതം

Indian Constitution
avatar
എം പ്രശാന്ത്‌

Published on Jun 29, 2025, 04:15 AM | 1 min read


ന്യൂഡൽഹി

ഭരണഘടനയുടെ ആമുഖത്തിൽനിന്ന്‌ മതനിരപേക്ഷതയും സോഷ്യലിസവും നീക്കണമെന്ന ആർഎസ്‌എസ്‌ നേതാവ്‌ ദത്താത്രേയ ഹൊസബലെയുടെ പ്രസ്‌താവനയ്‌ക്ക്‌ ഉപരാഷ്‌ട്രപതിയും കേന്ദ്രമന്ത്രിമാരുമടക്കം പിന്തുണ നൽകിയതോടെ നീക്കം തികച്ചും ആസൂത്രിതമെന്ന്‌ വ്യക്തം. അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികം മുൻനിർത്തിയാണ്‌ സോഷ്യലിസത്തിനും മതനിരപേക്ഷതയ്‌ക്കും നേരെയുള്ള കടന്നാക്രമണം.


ന്യൂനപക്ഷ മതവിഭാഗങ്ങളെയും മതനിരപേക്ഷ വാദികളെയുമെല്ലാം നിശബ്‌ദരാക്കിയുള്ള ഹിന്ദുരാഷ്‌ട്ര പ്രഖ്യാപനമാണ്‌ ആർഎസ്‌എസ്‌ ലക്ഷ്യം. ഇതിന്‌ ഏറ്റവും തടസ്സം ഭരണഘടനയുടെ ആമുഖത്തിലെ മതനിരപേക്ഷതയാണ്‌. സോഷ്യലിസത്തോടുള്ള എതിർപ്പിലൂടെ മുതലാളിത്തം മാത്രമാണ്‌ നയമെന്ന്‌ ഉറച്ചുപ്രഖ്യാപിക്കുകയാണ്‌ സംഘപരിവാർ. ലോകം കണ്ട ഏറ്റവും ക്രൂരനായ ഫാസിസ്റ്റായ ഹിറ്റ്‌ലറുടെ പാർടിയിൽപോലും പേരിനെങ്കിലും സോഷ്യലിസ്റ്റ്‌ എന്ന പദമുണ്ടായിരുന്നു. വൻകിട മുതലാളിത്തവുമായി സഹകരിച്ച്‌ ഏറ്റവും കടുത്ത ഏകാധിപതിയും സോഷ്യലിസ്റ്റ്‌ വിരുദ്ധനുമായി മാറിയ ഘട്ടത്തിലും പാർടിയുടെ പേരിൽ മാറ്റമുണ്ടായില്ല. എന്നാൽ സോഷ്യലിസത്തെ എതിർത്ത്‌ ഫാസിസ്റ്റ്‌ നിലപാടുകളുടെ കാര്യത്തിൽ ഹിറ്റ്‌ലറെയും മറികടക്കുകയാണ്‌ സംഘപരിവാർ.


അടിയന്തരാവസ്ഥയിൽ നടന്നതെല്ലാം തെറ്റായ കാര്യങ്ങളാണെന്നും അതുകൊണ്ടുതന്നെ ആ ഘട്ടത്തിലുണ്ടായ ഭരണഘടനാ ഭേദഗതിയെ അംഗീകരിക്കാനാകില്ലെന്നുമാണ്‌ സംഘപരിവാർ വാദം. സോഷ്യലിസവും മതനിരപേക്ഷതയും ഇന്ത്യയുടെ പാരമ്പര്യമല്ലെന്നും മന്ത്രിമാർ അടക്കമുള്ളവർ പറയുന്നുണ്ട്‌. അടിയന്തരാവസ്ഥയെ ഇപ്പോൾ പൂർണമായി തള്ളുന്ന സംഘപരിവാറിന്‌ എന്നാൽ അക്കാലത്ത്‌ വ്യത്യസ്‌ത നിലപാടായിരുന്നു. പ്രതിപക്ഷ നേതാക്കൾക്കൊപ്പം ആർഎസ്‌എസ്‌–- ജനസംഘം നേതാക്കളെയും ജയിലിൽ അടച്ചിരുന്നു. പുണെ യെർവാദ ജയിലിലായിരുന്ന അന്നത്തെ ആർഎസ്‌എസ്‌ തലവൻ ദേവ്‌റസ്‌ പലവട്ടം ഇന്ദിരാ ഗാന്ധിക്ക്‌ പിന്തുണ അറിയിച്ച്‌ കത്തയച്ചിരുന്നു. സോഷ്യലിസവും മതനിരപേക്ഷതയും ഭരണഘടനയുടെ ആമുഖത്തിൽ ഉൾപ്പെടുത്തിയ 42–-ാം ഭേദഗതിക്കുശേഷവും ദേവ്‌റസിനും കൂട്ടർക്കും ഇതേ നിലപാടായിരുന്നു.


ആർഎസ്‌എസ്‌ രൂപീകരണ ശതാബ്‌ദിയിൽ 2025ൽ ഹിന്ദുരാഷ്‌ട്ര പ്രഖ്യാപനം സംഘപരിവാർ സ്വപ്‌നം കണ്ടിരുന്നു. 2024ൽ മോദി സർക്കാർ മൂന്നിൽ രണ്ട്‌ ഭൂരിപക്ഷത്തോടെ ഭരണത്തിലെത്തുമെന്നും ഭരണഘടനയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താനാകുമെന്നുമാണ്‌ സംഘപരിവാർ പ്രതീക്ഷിച്ചത്‌. എന്നാൽ 240 സീറ്റിൽ ബിജെപി ഒതുങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Home