ad
Deshabhimani

ഇന്ത്യൻ വിമാനക്കമ്പനികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ; ഇഐസിആർഎ റിപ്പോർട്ട്

airline

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Apr 29, 2026, 03:02 PM | 2 min read

ന്യൂഡൽഹി : ഇന്ധനവില വർധനയും ഭൗമരാഷ്ട്രീയ പ്രതിസന്ധികളും വിമാനക്കമ്പനികൾക്ക് തിരിച്ചടിയാകുന്നതിനാൽ 2026-27 സാമ്പത്തിക വർഷത്തിലും ഇന്ത്യൻ വ്യോമയാന മേഖല കടുത്ത സാമ്പത്തിക സമ്മർ​ദത്തിൽ തുടരുമെന്ന് റേറ്റിംഗ് ഏജൻസിയായ ഇഐസിആർഎ (Icra) റിപ്പോർട്ട് ചെയ്തു.


ഈ സാമ്പത്തിക വർഷം വ്യോമയാന മേഖല 17,000 –18,000 കോടി രൂപയുടെ അറ്റനഷ്ടം നേരിടുമെന്നാണ് പ്രവചനം. ഈ വർഷം തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്ന വ്യോമയാന മേഖല പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായതോടെ ആശങ്കയിലായി. ഫെബ്രുവരി അവസാനം തുടങ്ങിയ ഈ സംഘർഷത്താൽ ക്രൂഡ് ഓയിൽ വില വർധിക്കുകയും യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്യുന്നത് തുടരുകയാണ്. ഇത് വിമാനക്കമ്പനികളുടെ പ്രവർത്തനച്ചെലവ് കുത്തനെ കൂട്ടി.


യാത്രക്കാരുടെ എണ്ണത്തിലുണ്ടാകുന്ന വർധനവിലൂടെ 2026-27 സാമ്പത്തിക വർഷത്തിൽ നഷ്ടം 11,000 മുതൽ 12,000 കോടി രൂപയായി കുറയുമെന്ന് ഇക്ര നേരത്തെ കണക്കാക്കിയിരുന്നു. എന്നാൽ ഇന്ധനവില വർധനവ്, റൂട്ട് മാറ്റങ്ങൾ, കറൻസി മൂല്യത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ വിമാനക്കമ്പനികളെ ബാധിക്കുന്നതിനാൽ ഈ പ്രതീക്ഷയും ഇപ്പോൾ മങ്ങിയിരിക്കുകയാണ്. വിമാനക്കമ്പനികളുടെ മൊത്തം ചെലവിന്റെ 30 മുതൽ 40 ശതമാനവും വിമാന ഇന്ധനത്തിനാണ് (എടിഎഫ്) ചെലവാകുന്നത്. പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വിമാന ഇന്ധനവിലയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 18.2 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


വ്യോമയാന മേഖല യാത്ര ആവശ്യകതയുടെ കാര്യത്തിലും വെല്ലുവിളികൾ നേരിടുന്നുണ്ട്. ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഈ മാർച്ചിൽ വെറും ഒരു ശതമാനം വർധനവ് മാത്രമാണ് ഉണ്ടായത്. 2025-26 സാമ്പത്തിക വർഷത്തിലെ മൊത്തം വളർച്ച 1.4 ശതമാനമായി ചുരുങ്ങി. ഇത് മുൻ വർഷങ്ങളെ അപേക്ഷിച്ച് കുറവാണ്.



Related News


2026-27 സാമ്പത്തിക വർഷത്തിൽ ആഭ്യന്തര യാത്രക്കാരുടെ എണ്ണത്തിൽ 6 മുതൽ 8 ശതമാനം വളർച്ച ഇഐസിആർഎ പ്രതീക്ഷിക്കുന്നുണ്ടെങ്കിലും ടിക്കറ്റ് നിരക്കിലെ വർധനവ് ഇതിന് തടസമായേക്കാം. ഇന്ധന സർചാർജ് 5 മുതൽ 6 ശതമാനം വർധിച്ചതും കഴിഞ്ഞ വർഷം ഡിസംബറിൽ ടിക്കറ്റ് നിരക്കിന്റെ പരിധി നീക്കം ചെയ്തതും യാത്രക്കാർക്ക് അധിക ബാധ്യതയായിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിലും സ്ഥിതി അസ്ഥിരമാണ്.


സാങ്കേതിക പ്രശ്നങ്ങളും സാമ്പത്തിക സമ്മർദത്തിന് കാരണമാകുന്നുണ്ട്. എൻജിൻ തകരാറുകളും വിതരണ ശൃംഖലയിലെ തടസങ്ങളും കാരണം 2026 ഫെബ്രുവരി വരെ 117 വിമാനങ്ങൾ സർവീസ് നടത്താനാകാതെ നിലത്തിറക്കേണ്ടി വന്നു. ഇത് മൊത്തം വിമാനങ്ങളുടെ 13 മുതൽ 15 ശതമാനത്തോളം വരും. പകരമായി കൂടുതൽ തുക നൽകി വിമാനങ്ങൾ പാട്ടത്തിന് എടുക്കേണ്ടി വന്നതോട് കമ്പനികളുടെ ചെലവ് വർധിച്ചു. ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ കാരണം വിമാനങ്ങൾ റൂട്ട് മാറ്റി പറക്കുന്നതും, രൂപയുടെ മൂല്യത്തകർച്ചയും പ്രവർത്തനച്ചെലവ് വീണ്ടും ഉയർത്തി.


വിമാനങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിന്റെ അനുപാതം 89.5 ശതമാനമായി തുടരുന്നത് ആശ്വാസകരമാണ്. ആഭ്യന്തര വിമാനക്കമ്പനികൾക്ക് ലാൻഡിംഗ്, പാർക്കിംഗ് നിരക്കുകളിൽ ഏപ്രിൽ മുതൽ മൂന്ന് മാസത്തേക്ക് സർക്കാർ നൽകിയ 25 ശതമാനം ഇളവും ആശ്വാസം നൽകും. എങ്കിലും ലാഭക്ഷമതയിലെ കുറവ് കണക്കിലെടുത്ത് വ്യോമയാന മേഖലയുടെ ഔട്ട്ലുക്ക് 'സ്റ്റേബിൾ' എന്നതിൽ നിന്നും 'നെഗറ്റീവ്' എന്നതിലേക്ക് ഇഐസിആർഎ മാറ്റി.


ഇന്ധനവില കുതിച്ചുയരുന്നത് രാജ്യത്തെ വ്യോമയാന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നായി ചൂണ്ടിക്കാണിച്ച് വിമാനക്കമ്പനികളുടെ കൂട്ടായ്മയായ ഫെഡറേഷൻ ഓഫ് ഇന്ത്യൻ എയർലൈൻസ് (എഫ്‌ഐ‌എ) വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്. വിമാന സർവീസുകൾ ഏതു നിമിഷവും നിർത്തിവെക്കേണ്ട അവസ്ഥയാണുള്ളതെന്ന് വിമാനക്കമ്പനികൾ കത്തിൽ മുന്നറിയിപ്പ് നൽകിയി‍ട്ടുണ്ട്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home