പശ്ചിമേഷ്യൻ പ്രതിസന്ധി: ഇന്ത്യൻ വിമാന സർവീസുകളിൽ 10 ശതമാനം കുറവ്; ഗൾഫ് യാത്രക്കാർക്ക് തിരിച്ചടി

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെത്തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികൾ സർവീസുകളിൽ വെട്ടിക്കുറയ്ക്കൽ. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പുറത്തുവിട്ട പുതിയ സമ്മർ ഷെഡ്യൂൾ പ്രകാരം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സർവീസുകളിൽ 10 ശതമാനത്തിന്റെ കുറവുണ്ടാകും.
മാർച്ചിൽ ആരംഭിച്ച് ഒക്ടോബർ വരെ നീളുന്ന ഷെഡ്യൂളിൽ ആഴ്ചയിൽ 23,000 സർവീസുകൾ മാത്രമാണ് ഉണ്ടാവുക. ഫെബ്രുവരി 28 മുതൽ ഇറാനിൽ ആരംഭിച്ച സംഘർഷം ഇന്ത്യൻ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകളെ, പ്രത്യേകിച്ച് ഗൾഫ് മേഖലയിലേക്കുള്ള യാത്രകളെ സാരമായി ബാധിച്ചിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിലേക്കുള്ള നാലിൽ മൂന്ന് വിമാനങ്ങളും ഇതിനോടകം റദ്ദാക്കപ്പെട്ടതായാണ് റിപ്പോർട്ട്. എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ് ജെറ്റ്, അകാശ എയർ തുടങ്ങിയ കമ്പനികൾ ഇതിനോടകം തന്നെ രണ്ടായിരത്തിലധികം സർവീസുകൾ റദ്ദാക്കി കഴിഞ്ഞു.
ഇന്ത്യയുടെ അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ പകുതിയോളം ഗൾഫ് മേഖലയിൽ നിന്നുള്ളവരായതിനാൽ സർവീസുകൾ വെട്ടിക്കുറയ്ക്കുന്നത് പ്രവാസികളെ വലിയ തോതിൽ ബാധിക്കും. യുഎഇ, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കുള്ള യാത്രക്കാർക്കാണ് ഇത് വലിയ തിരിച്ചടിയാവുക.
യുദ്ധം മൂലം വിമാനങ്ങൾക്ക് ദൂരമേറിയ ആകാശപാതകൾ തിരഞ്ഞെടുക്കേണ്ടി വരുന്നത് ഇന്ധനച്ചെലവ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇതിനൊപ്പം രൂപയുടെ മൂല്യത്തകർച്ചയും വിമാനക്കമ്പനികൾക്ക് ഇരട്ടി പ്രഹരമായി. ചെലവ് വർദ്ധിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ ടിക്കറ്റ് നിരക്കിൽ വൻ വർദ്ധനവുണ്ടാകാൻ സാധ്യതയുണ്ടെന്ന് വ്യോമയാന മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
പല റൂട്ടുകളിലും വിമാനങ്ങളുടെ എണ്ണം കുറയും. അവസാന നിമിഷം വിമാനങ്ങൾ റദ്ദാക്കപ്പെടാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ എയർലൈനുകളുമായി ബന്ധപ്പെട്ട് വിവരങ്ങൾ ഉറപ്പുവരുത്തണം. വേനൽക്കാല അവധിക്ക് നാട്ടിലേക്ക് വരാനിരിക്കുന്ന പ്രവാസികൾക്ക് ഉയർന്ന ടിക്കറ്റ് നിരക്ക് നൽകേണ്ടി വന്നേക്കാം. പശ്ചിമേഷ്യയിലെ സാഹചര്യം മാറുന്നതിനനുസരിച്ച് സർവീസുകളിൽ ഇനിയും മാറ്റമുണ്ടാകാമെന്ന് എയർലൈൻ അധികൃതർ വ്യക്തമാക്കി.










0 comments