ad
Deshabhimani

print edition ഇന്ത്യ സന്ദർശനം: ട്രംപിന് ശക്തമായ സന്ദേശം നൽകി പുടിൻ

us oil sanctions on russia
വെബ് ഡെസ്ക്

Published on Dec 07, 2025, 12:52 AM | 1 min read

ന്യൂഡൽഹി: ബഹുധ്രുവ ലോകക്രമത്തിന്‌ ശക്തമായ അടിത്തറ പാകാൻ വഴിയൊരുക്കിയാണ്‌ റഷ്യൻ പ്രസിഡന്റ്‌ വ്ലാദിമിർ പുടിൻ രണ്ടുദിവസത്തെ ഇന്ത്യാ സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്‌. ആണവ– പ്രതിരോധ– ഉ‍ൗർജ മേഖലകളിൽ കൂടുതൽ സഹകരണത്തിന്‌ ഉഭയകക്ഷി ചർച്ചയിൽ ധാരണയായി. ഉക്രയ്‌ൻ യുദ്ധത്തിന്റെ പേരിൽ റഷ്യക്കെതിരെ ഉപരോധ നടപടികൾ ശക്തിപ്പെടുത്താൻ അമേരിക്കൻ നേതൃത്വത്തിലുള്ള പാശ്‌ചാത്യശക്തികൾ ശ്രമിക്കുമ്പോഴാണ്‌ വിപുലമായ ഉഭയകക്ഷി ധാരണയിൽ എത്തിയത്‌. റഷ്യൻ ക്രൂഡോയിൽ വാങ്ങുന്നതിന്റെ പേരിൽ ഇന്ത്യക്കുമേൽ 50 ശതമാനം പ്രതികാരത്തീരുവ ചുമത്തിയ ട്രംപ്‌ ഭരണകൂടത്തിനും റഷ്യ– ഇന്ത്യ സഹകരണം ശക്തിപ്പെടുന്നത്‌ തിരിച്ചടിയാണ്‌.


റഷ്യയെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്ന യുഎസിനും ഒരു വിഭാഗം യൂറോപ്യൻ രാജ്യങ്ങൾക്കും ശക്തമായ സന്ദേശമാണ്‌ ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തികൊണ്ട്‌ പുടിൻ നൽകുന്നത്‌. ചൈന–ഇന്ത്യ–റഷ്യ സഹകരണം വിപുലപ്പെടുന്നത്‌ ബ്രിക്‌സ്‌ കൂട്ടായ്‌മയെ ശക്തിപ്പെടുത്തുകയും അന്തർദേശീയ വിഷയങ്ങളിൽ ഏകപക്ഷീയ നിലപാട്‌ സ്വീകരിക്കുന്ന യുഎസിനും സഖ്യകക്ഷികൾക്കും അസ്വാരസ്യം സൃഷ്‌ടിക്കുകയും ചെയ്യും.

ഉഭയകക്ഷി വ്യാപാരം 2030ഓടെ പത്തുലക്ഷം കോടിയോളം രൂപയിലേക്ക്‌ എത്തിക്കാനാണ്‌ ഇന്ത്യയും റഷ്യയും ലക്ഷ്യമിടുന്നത്‌. യൂറോപ്പിന്റെയും യുഎസിന്റെയും ഉപരോധത്തിന്റെ പശ്‌ചാത്തലത്തിൽ ഇന്ത്യൻ വിപണി കൂടുതലായി തുറന്നുകിട്ടുന്നത്‌ റഷ്യയ്‌ക്ക്‌ നേട്ടമായി മാറും. ആണവോർജവും കൽക്കരിയും ക്രൂഡോയിലും പ്രകൃതിവാതകവുമെല്ലാം റഷ്യയിൽ നിന്ന്‌ കൂടുതലായി എത്തുന്നത്‌ ഇന്ത്യയുടെ ഉ‍ൗർജമേഖലയ്‌ക്കും ഗുണമേകും. റഷ്യയിൽ നിന്ന്‌ ഇറാൻ വരെ റെയിൽമാർഗവും തുടർന്ന്‌ കടൽ മാർഗവും ചരക്കുകൾ ഇന്ത്യയിലെത്തിക്കാനുള്ള നീക്കം കൂടുതൽ സജീവമാക്കാനും ധാരണയായി.


റഷ്യൻ ഉൽപ്പന്നങ്ങൾ കൂടുതൽ എളുപ്പത്തിൽ ഇന്ത്യയിലെത്തിക്കുന്നതിന്‌ ഇറാൻ വഴിയുള്ള വ്യാപാര മാർഗം സഹായകമാകും. അമേരിക്ക ഏർപ്പെടുത്തിയ പ്രതികാരത്തീരുവയുടെ പശ്ചാത്തലത്തിൽ പുതിയ വിപണികൾ തേടുന്ന ഇന്ത്യൻ കയറ്റുമതി മേഖലയ്‌ക്കും റഷ്യയുമായുള്ള സഹകരണം പ്രയോജനപ്രദമാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home