print edition ഇന്ത്യ– യുഎസ് വ്യാപാര കരാർ: ചര്‍ച്ച കഴിഞ്ഞു


സ്വന്തം ലേഖകൻ
Published on Jun 05, 2026, 12:00 AM | 1 min read
ന്യൂഡൽഹി: ഇടക്കാല വ്യാപാര കരാറിനായി ഇന്ത്യയുടെയും യുഎസിന്റെയും വ്യാപാര പ്രതിനിധി സംഘങ്ങൾ മൂന്നു ദിവസമായി നടത്തിവന്ന ചർച്ച വ്യാഴാഴ്‌ച സമാപിച്ചു. കരാറിനായുള്ള അന്തിമഘട്ട ചർച്ചയിൽ ഇന്ത്യൻ സംഘത്തെ നയിച്ചത് വാണിജ്യ മന്ത്രാലയം അഡീഷണൽ സെക്രട്ടറി ദർപ്പൺ ജയിനും യുഎസ് സംഘത്തെ നയിച്ചത് ഉപവ്യാപാര പ്രതിനിധി ബ്രന്‍ഡന്‍ ലിഞ്ചുമാണ്. കരാറിന്റെ കാര്യത്തിൽ ശേഷിച്ചിരുന്ന തർക്കവിഷയം പരിഹരിക്കപ്പെട്ടോ എന്നതിൽ വ്യക്തയില്ല.
പരിഹരിക്കപ്പെട്ടാൽ ഇടക്കാല കരാറിന്റെ ഒപ്പിടൽ എപ്പോഴാണെന്ന പ്രഖ്യാപനം അടുത്തയാഴ്‌ച വന്നേക്കും. അതല്ലെങ്കിൽ ചർച്ച തുടരും. എന്നാൽ, കഴിഞ്ഞ ദിവസം ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ 12.5 ശതമാനം അധികതീരുവ അമേരിക്ക പ്രഖ്യാപിച്ചത് ചർച്ചയെ ബാധിക്കാനാണ് സാധ്യത. ഇന്ത്യയെ കൂടുതൽ സമ്മർദത്തിലാക്കുന്നതിന്റെ ഭാഗമായാണ് അധികതീരുവ്. നേരത്തെ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് ട്രംപ് സർക്കാർ ഏർപ്പെടുത്തിയ 50 ശതമാനം തീരുവ യുഎസ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് 12.5 ശതമാനം അധികതീരുവ അമേരിക്ക തിരക്കിട്ട് പ്രഖ്യാപിച്ചത്. ഇന്ത്യയുടെ കാർഷിക വിപണി പൂർണമായി തുറന്നുകിട്ടണമെന്ന ആവശ്യം അമേരിക്കയ്‌ക്കുണ്ട്. ഇക്കാര്യത്തിൽ പലവിധത്തിൽ തുടരുന്ന സമർദ്ദത്തിന്റെ ഭാഗമാണ് 12.5 ശതമാനം അധികതീരുവ പ്രഖ്യാപനവും.










0 comments