ad
Deshabhimani

print edition ഇന്ത്യ– യുഎസ്‌ വ്യാപാര കരാർ; അന്തിമഘട്ട വ്യാപാര ചർച്ചകൾക്ക്‌ ഇന്ന്‌ തുടക്കം

US-India Trade Deal.jpg
avatar
സ്വന്തം ലേഖകൻ

Published on Jun 23, 2026, 12:59 AM | 1 min read

ന്യൂഡൽഹി : അമേരിക്കയിൽനിന്നുള്ള കാർഷികോൽപ്പന്നങ്ങളടക്കം കുറഞ്ഞ തീരുവയിൽ ഇന്ത്യയിലേക്ക്‌ ഇറക്കുമതി ചെയ്യുന്നതിനായുള്ള വ്യാപാര കരാറിന്റെ അന്തിമഘട്ട ചർച്ചകൾക്കായി യുഎസ്‌ വ്യാപാര പ്രതിനിധി ജാമീസൺ ഗ്രീർ ഡൽഹിയിലെത്തി. ചൊവ്വ, ബുധൻ ദിവസങ്ങളിലായാണ്‌ ചർച്ച. വാണിജ്യ മന്ത്രി പീയുഷ്‌ ഗോയൽ പങ്കെടുത്തുള്ള മന്ത്രിതല ചർച്ചയുമുണ്ടാകും. അമേരിക്കൻ ഉൽപ്പന്നങ്ങൾ യഥേഷ്ടം വിറ്റഴിക്കുന്നതിനുള്ള വിപണിയാക്കി ഇന്ത്യയെ മാറ്റിയെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ്‌ ഗ്രീറിന്റെ സന്ദർശനം.


ജി7 ഉച്ചകോടിയ്‌ക്കിടെ നടത്തിയ കൂടിക്കാഴ്‌ചയിൽ വ്യാപാര ചർച്ചകൾ വേഗത്തിലാക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ്‌ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപും ധാരണയിലെത്തിയിരുന്നു. കാർഷികോൽപ്പന്നങ്ങൾ, ഉ‍ൗർജം, പ്രതിരോധ ഉപകരണങ്ങൾ, വിമാനങ്ങളും വിമാനഭാഗങ്ങളും, ഡിജിറ്റൽ സേവനങ്ങൾ, അത്യാധൂനിക സാങ്കേതികവിദ്യകൾ എന്നീ മേഖലകളിലാണ്‌ ഇന്ത്യൻ വിപണി തുറന്നുകിട്ടാൻ അമേരിക്ക താൽപ്പര്യപ്പെടുന്നത്‌. ഇടക്കാല കരാർ ഒപ്പിട്ടതിന്‌ ശേഷമുള്ള അഞ്ചുവർഷ കാലയളവിൽ അഞ്ചുലക്ഷം കോടി രൂപയുടെ യുഎസ്‌ ഉൽപ്പന്നങ്ങൾ ഇന്ത്യ വാങ്ങണമെന്ന നിബന്ധനയും മുന്നോട്ടുവെച്ചിട്ടുണ്ട്‌.


റഷ്യൻ എണ്ണ വാങ്ങുന്നതിനുള്ള 25 ശതമാനം പ്രതികാര തീരുവയടക്കം 50 ശതമാനം തീരുവ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക്‌ മേൽ ട്രംപ്‌ സർക്കാർ ചുമത്തിയിരുന്നു. എന്നാൽ യുഎസ്‌ സുപ്രീംകോടതി പിന്നീട്‌ ഇത്‌ റദ്ദാക്കി. നിലവിൽ നിർബന്ധിത തൊഴിലുമായി ബന്ധപ്പെട്ട്‌ ട്രംപ്‌ സർക്കാർ ചുമത്തിയിട്ടുള്ള 12.5 ശതമാനം തീരുവ മാത്രമാണ്‌ ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക്‌ മേൽ അധികമായി നിലനിൽക്കുന്നത്‌. ഇ‍ൗ സാഹചര്യത്തിൽ യുഎസ്‌ സമർദ്ദങ്ങളെ ഇന്ത്യയ്‌ക്ക്‌ പ്രതിരോധിക്കാമെങ്കിലും കീഴടങ്ങൽ മനോഭാവത്തിലാണ്‌ മോദി സർക്കാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home